കേവലം ഒരു സീറ്റു മാത്രം ഉണ്ടായിരുന്ന ബിജെപി കേരളത്തില്‍ പരാജയപ്പെട്ടതോടെ ഹിന്ദുത്വ രാഷ്ട്രീയം തകര്‍ന്നു എന്ന നിലയിലാണ് മലയാള മാധ്യമങ്ങള്‍ ആഘോഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയായി ചിത്രീകരിച്ചവരും ഉണ്ട്. എന്നാല്‍ കേരളത്തോടൊപ്പം തെരഞ്ഞെടുപ്പു നടന്ന ബംഗാള്‍, അസം, തമിഴ്നാട്, പോണ്ടിച്ചേരി തുടങ്ങിയസംസ്ഥാനങ്ങളിലെ ബിജെപി – എന്‍ഡിഎ വിജയംചര്ച്ച ചെയ്യപ്പെടാതെ പോയി. പല ചാനലുകളും കേരളത്തിലെ ഇടതു മുന്നണി വിജയത്തെ ആഘോഷിക്കുന്നതിനിടയില്‍ മറ്റു സംസ്ഥാനങ്ങളിലെ വാര്‍ത്തയെ സ്ക്രോള്‍ രൂപത്തില്‍ മാത്രം ഒതുക്കി. അതു കൊണ്ട് തന്നെ ശരാശരി മലയാളിയുടെ ബോധം കൂടുതല്‍ ചുരുങ്ങുകയും കേരളം മാത്രം എന്തോ ‘പ്രതിഭാസമാണെന്ന ധാരണയുമാണ് ബലപ്പെട്ടത്. ഇടതുപക്ഷ ബുദ്ധിജീവികള്‍ നരേന്ദ്രമോദിയുടെ വിജയത്തെ വിലിയിരുത്തിയ ലോജിക്ക് പ്രകാരം നോക്കിയാല്‍ കേരളത്തിലെ വോട്ടര്‍മാരില്‍ 54.67 ശതമാനം പേര് പിണറായിവിജയന്റെ ഭരണത്തിനെതിരെയാണ് വോട്ടു ചെയ്തത്. ഇടതുമുന്നണിക്ക് ലഭിച്ചത് 45.33 ശതമാനം വോട്ടു മാത്രമാണ്. അതായത് കേരളത്തിലെ ബഹുഭൂരിപക്ഷം വോട്ടര്‍മാരും ആഗ്രഹിച്ചതല്ല ഈ ഇടതുവിജയം. പാര്‍ലമെന്ററി വ്യവസ്ഥയുടെ ആനുകൂല്യം കൊണ്ട് ഈ വിജയത്തെ എല്ലാ പേരും മാനിക്കുന്നു. മാത്രമല്ല മാനിക്കേണ്ടതുതന്നെയാണ്.
2021 ലെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ചരിത്ര പ്രാധാന്യം എന്തെന്നാല്‍ അത് കേരളത്തിലെ ഇടതുമുന്നണിവിജയമല്ല, മറിച്ച് പശ്ചിമബംഗാളിലെ മാര്‍ക്സിസ്റ്റ് പാര്ട്ടിനയിച്ച ഇടുതമുന്നണിയുടെയും, കോണ്‍ഗ്രസിന്റെയും ഉന്മൂലനമാണ്. അടുത്ത ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്ത തരത്തിലാണ് ഈ കമ്മ്യൂണിസ്റ്റ് ഉന്മൂലനം നടന്നത്. ആന്ധ്രാപ്രദേശില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പുറത്താക്കപ്പെട്ട സാഹചര്യമാണ് പശ്ചിമ ബംഗാളില്‍ ഉണ്ടായിരിക്കുന്നത്. കുടുംബവാഴ്ച മുഖമുദ്രയാക്കിയ കോണ്‍ഗ്രസ് വിമുക്തഭാരതം എന്ന യാഥാര്‍ത്ഥ്യവും പശ്ചിമബംഗാളില്‍ നടന്നു.
കണക്കുകള്‍ സൂചിപ്പിക്കുന്നത് പശ്ചിമബംഗാളില്‍ ഇടതു- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ പരാജയപ്പെടുകയല്ല ഉന്മൂലനം ചെയ്യപ്പെട്ടു എന്നതാണ്. ഇന്ത്യയുടെ ഭൂവിസ്തീര്‍ണ്ണത്തിന്റെ 1.18 ശതമാനവും, ജനസംഖ്യയുടെ 2.76 ശതമാനവും വരുന്ന കൊച്ചു കേരളത്തിലെ മാധ്യമങ്ങളും സാംസ്കാരികനായകന്മാരും ഹിന്ദുത്വ രാഷ്ട്രീയത്തെയും, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട് മറ്റു സംസ്ഥാനങ്ങളില്‍ എന്താണ് നടന്നത് എന്ന് പരിശോധിക്കാം.
പശ്ചിമബംഗാളില്‍ 294 അംഗ നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 2016-ല്‍ ബിജെപിക്ക് മൂന്ന് സീറ്റും 10.16 ശതമാനം വോട്ടുമാണ് ലഭിച്ചത്. കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പതിനാലു സീറ്റും, 19.75 ശതമാനം വോട്ടും അന്ന് ലഭിച്ചു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് 44 സീറ്റും 12.23 ശതമാനം വോട്ടും 2016 ല്‍ ലഭിച്ചു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് 211 സീറ്റും. 44.91 ശതമാനം വോട്ടു ലഭിച്ചു. 2021 ല്‍ അത് 214 ആയിഉയര്ന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ബിജെപി മുഖ്യപ്രതിപക്ഷമായി ഉയര്‍ന്നു വന്നു. 77 സീറ്റും 38.1 ശതമാനം വോട്ടുമാണ് ബിജെപിയ്ക്ക് ലഭിച്ചത്. മുപ്പത്തിനാലു വര്‍ഷം തുടര്‍ച്ചയായി പശ്ചിമബംഗാള്‍ ഭരിച്ച സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചില്ല. എന്നാല്‍ 4.73 ശതമാനം വോട്ടു ലഭിച്ചു.
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് 2011 ല്‍ സിപിഎമ്മിന് 30.08 ശതമാനം വോട്ടും 40 സീറ്റും ലഭിച്ച സംസ്ഥാനമാണ് പശ്ചിമബംഗാള്‍. 2021 ല്‍ കോണ്‍ഗ്രസും പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യപ്പെട്ടു. ഒരു സീറ്റും ലഭിച്ചില്ല എന്നു മാത്രമല്ല കേവലം 2.93 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 137 മണ്ഡലങ്ങളില്‍ മത്സരിച്ച മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് ബഹു ഭൂരിപക്ഷം മണ്ഡലത്തിലും കെട്ടിവച്ച പൈസപോലും ലഭിച്ചില്ല. ഒരര്‍ത്ഥത്തില്‍ ബിജെപി പശ്ചിമബംഗാളിലെ കരുത്തുറ്റ ഏക പ്രതിപക്ഷമായി മാറി എന്നതാണ് 2021 ലെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും, കോണ്‍ഗ്രസും പൂര്‍ണ്ണമായും നിയമസഭയില്‍ നിന്ന് പുറംതള്ളപ്പെട്ടു.
ബിജെപി ഭരിച്ച അസമില്‍ ജനങ്ങള്‍ തുടര്‍ഭരണത്തിന് വിധി എഴുതി. കേരളത്തിലെ തുടര്‍ ഭരണം വാഴ്ത്തുന്നവര്‍ അസമിലും തുടര്‍ഭരണം നേടിയ ബിജെപി അഭിനന്ദിക്കാന്‍ മറന്നു. പൗരത്വ ബില്ലിനെതിരെ വലിയ സമരം നടന്ന സംസ്ഥാനമാണത് എന്നിട്ടും ബിജെപി ഭരണം നിലനിര്‍ത്തി. 2016 ല്‍ 86 സീറ്റും 41.9 ശതമാനം വോട്ട് നേടിയ എന്‍ഡിഎ 2021 ല്‍ ജനപിന്തുണ 44.52 ശതമാനമായി ഉയര്‍ത്തി 75 സീറ്റുകള്‍ നേടി. ഇവിടെ എടുത്തുപറയേണ്ടത് വമ്പിച്ച പൗരത്വ സമരം നേരിട്ട ബിജെപി മുന്നണി 2.62 ശതമാനം വോട്ട് വര്‍ദ്ധനവ് നേടിയാണ് തുടര്‍ഭരണം ഉറപ്പാക്കിയത്. എന്നാല്‍, കേരളത്തില്‍ 47.70 ശതമാനം വോട്ടുണ്ടായിരുന്ന ഇടതു മുന്നണി (കേരള കോണ്‍ഗ്രസ് (എം), എല്‍ജെഡി ഉള്‍പ്പെടെ) ജനപിന്തുണ കുറഞ്ഞ് 45.33 ശതമാനം വോട്ട് നേടിയാണ് തുടര്‍ഭരണം ഉറപ്പാക്കിയത്. ഇതു സൂചിപ്പിച്ചത് വിജയത്തെ കുറച്ചു കാണിക്കാനാല്ല മറിച്ച് രാഷ്ട്രീയ നിരീക്ഷണം നടത്തുന്ന മാധ്യമങ്ങള്‍ വസ്തുതകളെ മറച്ചുവെയ്ക്കുന്നതുകൊണ്ടാണ്. 2016 ല്‍ നിന്നും ഏറെ വിപുലീകരിച്ച ഇടതുമുന്നണിയാണ് 2021 ല്‍ കേരളത്തില്‍ വിജയിച്ചത്.
കൂടാതെ മുസ്ലിം ന്യൂനപക്ഷ ധ്രുവീകരണം മാത്രമല്ല പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിന്റെ ആനുകൂല്യം നേടിയാണ് ഇടതു മുന്നണി ജയിച്ചത്. ഉദാഹരണത്തിന് മലമ്പുഴ, ഒറ്റപ്പാലം, തൃശൂര്‍, മണലൂര്‍, ഇരിങ്ങാലക്കുട, കുന്നത്തുനാട്, കോഴിക്കോട് നോര്‍ത്ത്. കാഞ്ഞിരപ്പള്ളി, മാവേലിക്കര, കോന്നി, അടൂര്‍, ചാത്തന്നൂര്‍, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കുട്ടനാട്, അരൂര്‍, ചേര്‍ത്തല, കാട്ടാക്കട, പാറശ്ശാല, വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം, കഴക്കൂട്ടം തുടങ്ങിയ 23 ല്‍പ്പരം മണ്ഡലങ്ങളില്‍ ത്രികോണ മത്സരത്തില്‍ നേരിയ മുന്‍ തൂക്കം നേടി ഇടതു മുന്നണി വിജയിച്ചവയാണ്. ഈ മണ്ഡലങ്ങളിലെല്ലാം കുന്നത്തു നാട് ഒഴിച്ച് ബിജെപി നേടിയ വോട്ടാണ് ഇടതുപക്ഷത്തെ വിജയിപ്പിച്ചത്. എന്നാല്‍ അസമിലും,പശ്ചിമബംഗാളിലും ബിജെപി നേടിയ വിജയം നേരിട്ടുള്ള മത്സരത്തിലൂടെയാണെന്നത് ശ്രദ്ധേയമാണ്.
ഒരു മണ്ഡലത്തില്‍ പോലും ത്രികോണമത്സരം ബിജെപിയുടെ വിജയത്തിന് സഹായകമായില്ല. ഇത് സൂചിപ്പിച്ചത് അസമിലെ തുടര്‍ഭരണം ജനപിന്തുണ കൂടുതല്‍ ആര്‍ജ്ജിച്ച് ബിജെപി നേടിയ രാഷ്ട്രീയ വിജയമാണ് എന്ന വസ്തുത ചൂണ്ടിക്കാനാണ്. കേരളത്തില്‍ ഇടതുമുന്നണിയ്ക്ക് അനുകൂലമായി ഉണ്ടായത് പോലെ 2016 ല്‍ നിന്ന് വിഭിന്നമായി കൂടുതല്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഇടതു മുന്നണി വിപുലീകരണമോ, ത്രികോണ മത്സരത്തിന്റെ അന്തരീക്ഷമോ, അസമില്‍ ബിജെപിയ്ക്ക് അനുകൂലമായ ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ അസമിലെബിജെപിയുടെ തുടര്‍ഭരണത്തിനുള്ള ജനവിധി കേരളത്തിലെ ഇടതു പക്ഷത്തിന്റെ വിജയവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ തിളക്കമാര്‍ന്നതാണ്.
പോണ്ടിച്ചേരിയിലെ തെരഞ്ഞെടുപ്പ് പരിശോധിക്കുമ്പോള്‍ എന്‍.ഡി.എ പുതിയചരിത്രം കുറിച്ചിരിക്കുന്നു. ബിജെപി ആറു സീറ്റിലും ഘടക കക്ഷിയായ എഐന്എന് ആര്‍സി പത്തുസീറ്റിലും വിജയിച്ചാണ് അധികാരത്തില്‍ വന്നത്. 2016 ല്‍ ബിജെപിയ്ക്ക് പോണ്ടിച്ചേരിയില്‍ സീറ്റ് ഒന്നും ലഭിച്ചിരുന്നില്ല.
അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും ബിജെപിയുടെവിജയം എടുത്തുപറയേണ്ടതാണ്. എന്‍.ഡി.എ സഖ്യത്തിന് 75 സീറ്റും 39.7 ശതമാനം വോട്ടും ലഭിച്ചതു. പത്തു വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനു ശേഷമാണ് എഐഎഡിഎംകെ മുന്നണി പുറത്തുപോകുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് സീറ്റുകള്‍ ഒന്നും ലഭിച്ചില്ല. അന്ന് കേവലം 2.86 ശതമാനം വോട്ടാണ് ലഭിച്ചത്.എന്നാല്‍ 2021 ല്‍ ബിജെപി നാലു സീറ്റുകള്‍ നേടി തമിഴ്നാട്ടിലും പുതിയചരിത്രം രചിച്ചിരിക്കുന്നു. പ്രമുഖ സിനിമാനടനും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശകനുമായ കമലഹാസനെ പരാജയപ്പെടുത്തിയാണ് കോയമ്പത്തൂരില്‍ ബിജെപിയുടെ വനതി ശ്രീനിവാസന് വിജയിച്ചത്.
കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ ബോധപൂര്‍വ്വം ഈ വസ്തുതകളെ മറച്ചുവയ്ക്കുന്ന ശൈലിയാണ് പിന്തുടരുന്നത്. പരാജയത്തെ ന്യായീകരിക്കണമെന്നില്ല. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ ഒരേ സമയത്ത് നടന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രംഭരിക്കുന്ന എന്‍ഡിഎ സഖ്യം ഒരു പോലെയാണ് പങ്കെടുത്തത്. പശ്ചിമബംഗാളില്‍ പത്തുശതമാനം വോട്ടില്‍ നിന്ന് 2021 ല്‍ 38.1 ശതമാനം വോട്ടായും മുന്നു സീറ്റില്‍ നിന്ന് എഴുപത്തിഏഴു സീറ്റായും എന്‍ഡിഎ വര്‍ദ്ധിപ്പിച്ചത് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയി. മാര്‍ക്സിസ്റ്റ് പാര്‍ട്ടി തുടര്‍ച്ചയായി ഭരിച്ച ഒരു സംസ്ഥാനത്തു നിന്നു ഉന്മൂലനം ചെയ്യപ്പെട്ടത്. ഒരു പത്രത്തിലും പ്രധാന വാര്‍ത്തയായില്ല. തമിഴ്നാട്, പോണ്ടിച്ചേരി തുടങ്ങിയ രണ്ടു നിയമസഭകളില്‍ ബിജെപി കടന്നുവന്നത് വാര്‍ത്തയായില്ല. മാത്രമല്ല ഇതു സംബന്ധിച്ച തെരഞ്ഞെടുപ്പ് കണക്കുകള്‍ നല്‍കാനും മാധ്യമങ്ങള്‍ തയ്യാറായില്ല. ഇടതു-ഇസ്ലാമിക ശക്തികള്‍ ഏറെ ആഘോഷിക്കുന്ന കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തോടൊപ്പം പൗരത്വ നിയമം ഉയര്‍ത്തി ഇടതു- ഇസ്ലാമിക ശക്തികള്‍ വന്‍ സമരം നയിച്ച പശ്ചിമബംഗാളില്‍ ആ പാര്‍ട്ടികള്‍ക്ക് നിയമസഭയില്‍ കടന്നുചെല്ലാന്‍ പോലും കഴിഞ്ഞില്ല എന്നതു തന്നെ ആ സമരം ജനവിരുദ്ധവും, ദേശ ദ്രോഹപരവുമായിരുന്നു എന്നതിന് തെളിവാണ്. മൂന്നു സംസ്ഥാനങ്ങളില്‍ തുടര്‍ഭരണമുണ്ടായപ്പോള്‍ അസമിലെത് കേരള മാധ്യമങ്ങള്‍ അവഗണിച്ചു.
യഥാര്‍ത്ഥത്തില്‍ പശ്ചിമബംഗാളില്‍ ഇടതുപക്ഷ- കോണ്‍ഗ്രസ് മുക്ത രാഷ്ട്രീയം രൂപപ്പെട്ടു കഴിഞ്ഞു. കേരളത്തില്‍ തല്ക്കാലം ഇടതുപക്ഷത്തിന് ആശ്വസിക്കാം. കോണ്‍ഗ്രസ് ഉന്മൂലനം അതിന്റെ പാതയിലേയ്ക്ക് കുതിക്കുകയാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുടര്‍ന്ന ന്യൂനപക്ഷം ഇടതുപാളയത്തില്‍ ചേക്കേറിയിരിക്കുന്നു. വരും നാളുകള്‍ കേരളത്തില്‍ ബിജെപിയും ഇടതുപക്ഷവും തമ്മില്‍ രാഷ്ട്രീയ മത്സരമാകും ഉണ്ടാവുക. ഒരു സീറ്റും ലഭിക്കാതെ കേവലം 12.47 ശതമാനം വോട്ടു മാത്രം നേടിയ ബിജെപി സഖ്യം ഇടതുപക്ഷത്തിന്റെ പ്രധാന ശത്രു എന്ന നിലയിലാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ പ്രതിഷ്ഠിക്കുന്നത്.
ടി.വി ചര്‍ച്ചകളില്‍ ബിജെപി പ്രതിനിധികളെ പങ്കെടുപ്പിക്കരുത് എന്ന് ആഹ്വാനം ചെയ്ത സാംസ്കാരികനായകന് പ്രാമുഖ്യം നല്കിയ മാധ്യമങ്ങളുണ്ട്. എന്തു കൊണ്ട് ഇവര്‍ ബിജെപിയെ ഭയക്കുന്നു? ഇന്ത്യാ മഹാരാജ്യത്തെ നയിക്കുന്ന പതിനേഴിലധികം സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപിയെയും മുന്നണിയെയും കേരളത്തില്‍ മാത്രം തടഞ്ഞു നിര്‍ത്താനാകുമോ? കേരളത്തിന്റെ അതിര്ത്തിയായനാഗര്കോവിലിലും, കോയമ്പത്തൂരിലും, മംഗലാപുരത്തും വരെ ബിജെപി വിജയിച്ചുനില്‍ക്കുകയാണ് ഇതു മൂന്നും ദേശീയപാതയിലുമാണ്. അതു കൊണ്ട് തന്നെ കേരളത്തിന്റെ അതിര്‍ത്തികടന്നു ഹിന്ദുത്വരാഷ്ട്രം വരുന്നത് സാധാരണ വേഗത്തിലോ, സൂപ്പര്‍ ഫാസ്റ്റ് വേഗത്തിലോ എന്നു മാത്രമാണ് ഇനി തീരുമാനിക്കാനുള്ളത്. ഒരു പക്ഷേ കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളും മതാന്ധതയുടെ ശക്തികളും ഇടതുപക്ഷവും ഭയപ്പെടുന്നത് സാംസ്കാരിക ദേശീയതയുടെ ഈ മുന്നേറ്റമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: