മക്കളേ,
ജീവിതത്തില്‍ നമുക്കു സംഭവിക്കാവുന്ന വലിയ ആപത്തുകളില്‍ ഒന്ന് ദുശ്ശീലങ്ങളുടെ പിടിയില്‍ പെടുക എന്നതാണ്. അവയില്‍ പെട്ടുപോയാല്പ്പിന്നെ മുക്തരാകുക വളരെ പ്രയാസമാണ്. അതിനാല്‍ ദുശ്ശീലങ്ങള്‍ക്ക് അടിപ്പെടാതിരിക്കാന്‍ നമ്മള് എപ്പോഴും ജാഗ്രത പുലര്‍ത്തണം. ഏതെങ്കിലും തെറ്റു സംഭവിച്ചാല്‍ എത്രയുംവേഗം അതു തിരുത്താനും അതില്‍നിന്നു പിന്തിരിയാനും നമ്മള് ശ്രമിക്കണം.
തെറ്റായ ചിന്തകളും പ്രവൃത്തികളും ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ അവ ശീലമായി മാറുന്നു. ഈ ശീലങ്ങള്‍ നമ്മളറിയാതെതന്നെ നമ്മുടെ ജീവിതത്തെ കാര്‍ന്നുതിന്നുന്നു.
ഒരാള്‍, കുറെ വര്‍ഷങ്ങളായി കാറിന്റെ താക്കോല്‍ മേശവലിപ്പില്‍ വെയ്ക്കുകയായിരുന്നു പതിവ്. ഒരു ദിവസം അയാള്‍ക്കു തോന്നി, ‘താക്കോല്‍ മേശയില്‍ വെയ്ക്കുന്നതിലും സൗകര്യം കഴുത്തിലുള്ള മാലയില്‍ കോര്ത്തിടുന്നതാണല്ലോ.’ അങ്ങനെ കാറിന്റെ താക്കോല്‍ മാലയില്‍ കൊളുത്തിയിട്ടു. എന്നാല്‍, പുറത്തുപോകേണ്ട സമയമായപ്പോള്‍ അയാളറിയാതെ മേശവലിപ്പു തുറന്നു താക്കോലിനായി പരതി. അപ്പോഴാണ് താക്കോല്‍ മാലയിലാണെന്ന കാര്യം ഓര്‍മ്മ വന്നത്. ഈ തെറ്റ് പല പ്രാവശ്യം ആവര്‍ത്തിച്ചു. അത്രയധികമാണ് ശീലത്തിനു നമ്മളിലുള്ള സ്വാധീനം. ശീലം ക്രമേണ സ്വഭാവമാകുന്നു. സ്വഭാവം നമ്മളെ തിന്നുകയാണ്. അതായത് സ്വഭാവം നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും നമ്മളറിയാതെതന്നെ നിയന്ത്രിക്കുന്നു.
ഒരാള്‍, കണ്ണിന് അസുഖം ബാധിച്ച് ഡോക്ടറെ കണ്ടു. കണ്ണു പരിശോധിച്ചിട്ട് ഡോക്ടര്‍ പറഞ്ഞു, ‘പേടിക്കാനൊന്നുമില്ല. ദിവസവും രണ്ടുനേരം ബിയറുകൊണ്ട് കണ്ണ് കഴുകിയാല്‍ മതി. ഒരാഴ്ചയ്ക്കുള്ളില്‍ അസുഖം ഭേദമാകും.’ അടുത്തയാഴ്ച രോഗി വീണ്ടും ഡോക്ടറെ ചെന്നുകണ്ടു. അയാളുടെ കണ്ണുകള്‍ പരിശോധിച്ച് ഡോക്ടര്‍ ചോദിച്ചു, ‘അസുഖത്തിന് ഒരു കുറവുമില്ല. ഇതെന്തു പറ്റി? നിങ്ങള്‍ ഞാന്‍ പറഞ്ഞതുപോലെ ചെയ്തിരുന്നോ?’ രോഗി പറഞ്ഞു, ‘ഞാന്‍ അങ്ങു പറഞ്ഞത് അനുസരിക്കാന്‍ പരമാവധി ശ്രമിച്ചു. പക്ഷെ എന്റെ കൈകള്‍ വായ്ക്കുമുകളില്‍ കൊണ്ടുപോകാന്‍ എനിയ്ക്കു കഴിഞ്ഞില്ല.’ ഇങ്ങനെയാണ് ശീലം സ്വഭാവമായിമാറി നമ്മളെ നിയന്ത്രിക്കുന്നത്.
വികസിതരാജ്യങ്ങളില്‍ തീയും പുകയുമുണ്ടായാല് വിളിച്ചറിയിക്കുന്ന അലാറം എല്ലാ കെട്ടിടങ്ങളിലും പിടിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും മുറിയില്‍ ഒരു കൊച്ചു കര്‍പ്പൂരം കത്തിച്ചാല്‍പ്പോലും അലാറം പ്രവര്‍ത്തിക്കും. ഉടനെ അഗ്നിശമനവിഭാഗത്തിന്റെ ആളുകള്‍ പാഞ്ഞെത്തും. ഈ സംവിധാനമുള്ളതുകൊണ്ട് തൊണ്ണൂറു ശതമാനം അഗ്നിബാധകളും തുടക്കത്തില്‍ത്തന്നെ തടയുവാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. ഇതുപോലൊരു അലാറം നമ്മുടെയുള്ളില്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. വിവേകബുദ്ധിയാകുന്ന അലാറം. ആ അലാറം നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, നമ്മുടെയുള്ളില്‍ തെറ്റായ ചിന്ത ഉടലെടുത്താലുടനെ അതു തിരിച്ചറിയാനും അതിനെ നിയന്ത്രിക്കാനും സാധിക്കും.
ഏതോ ഒരു ഉറക്കത്തിലാണ് നമ്മളിന്നു കഴിയുന്നത്. അതുകൊണ്ട് നമ്മുടെ വാക്കിലും പ്രവൃത്തിയിലും ശരിയായ ബോധം പ്രകടമാകുന്നില്ല. അറിവുണ്ടായാല്‍ പോരാ, ബോധം ഉണരണം. അപ്പോഴേ അറിവുകൊണ്ടു ലഭിക്കേണ്ട ശരിയായ പ്രയോജനം കിട്ടൂ. പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്നു സിഗററ്റു പായ്ക്കറ്റില്‍ത്തന്നെ എഴുതിയിട്ടുണ്ട്. ഈ അറിവ് സിഗററ്റു വലിക്കുന്ന എല്ലാവര്ക്കും ഉണ്ടുതാനും. എന്നിട്ടും സിഗററ്റു വലിക്കുന്നു. ക്യാന്‍സര്‍ പിടിപെടുമ്പോള്‍ മാത്രമാണ് അവരില്‍ ബോധം ഉണരുന്നത്. നേരത്തെ ബോധമുണര്ന്നിരുന്നെങ്കില് തെറ്റില്‍നിന്നും പിന്തിരിയാനുള്ള ശക്തി ലഭിക്കുമായിരുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കുന്നതും ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടുന്നതും നമ്മില്‍ ഈ ബോധം ഉണരാത്തതുകൊണ്ടാണ്.
ഒരാള്‍ ഉറങ്ങുന്ന സമയം വീടിനു തീ പിടിച്ചുവെന്നു കരുതുക. അയാള്‍ ഞെട്ടിയുണരുമ്പോള്‍ കാണുന്നത് തന്റെ ചുറ്റും ആളിപ്പടരുന്ന തീയായിരിക്കും. അതില്‍നിന്ന് എത്രയുംവേഗം രക്ഷപെടണമെന്നു മാത്രമേ അയാള്‍ ചിന്തിക്കൂ. തീ പിടിച്ച വീട്ടില്‍നിന്ന് കുറച്ചുകുറച്ചായി രക്ഷപെടാമെന്ന് അയാള്‍ ഒരിക്കലും ചിന്തിക്കില്ല. അതുപോലെ ദുശ്ശീലങ്ങള്‍ എത്രമാത്രം അപകടകരമാണെന്ന തിരിച്ചറിവുണ്ടായാല്‍ ആ നിമിഷം നമ്മള് അവയെ ഉപേക്ഷിക്കും.
ദുശ്ശീലങ്ങള്‍ നമ്മളെ കീഴ്പ്പെടുത്തിയാലും ആത്മാര്‍ത്ഥമായ ശ്രമമുണ്ടെങ്കില്‍ അതില്‍നിന്ന് വിടുവിക്കാന്‍ നമുക്കു കഴിയും. ദൃഢനിശ്ചയമാണ് ഒന്നാമതായി വേണ്ടത്. പ്രലോഭിപ്പിക്കുന്ന സാഹചര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുക എന്നതാണ് രണ്ടാമത്തേത്. ഒന്നോ രണ്ടോ തവണ പരാജയപ്പെട്ടാലും നിരാശരാകരുത്. ശ്രമം തുടരണം. പ്രലോഭിപ്പിക്കുന്ന പത്ത് അവസരങ്ങളില്‍ അഞ്ചെണ്ണത്തിലെങ്കിലും വിജയിച്ചാല്‍ അതു വലിയ നേട്ടമായി കരുതണം. ശ്രമിച്ചാല്‍ പൂര്‍ണ്ണമായും വിജയിക്കാന്‍ കഴിയും എന്നതിന്റെ സൂചനയാണത്.
തെറ്റിലേക്കു നയിക്കുന്ന കൂട്ടുകെട്ടുകളില്‍നിന്ന് വിട്ടുനില്‍ക്കുക എന്നതും പ്രധാനമാണ്. പ്രലോഭിപ്പിക്കുന്ന വസ്തുക്കള്‍ ഒരിക്കലും അടുത്തുവെക്കരുത്. വൈദ്യസഹായമോ വിദഗ്ദ്ധരുടെ സഹായമോ ആവശ്യമായ ഘട്ടങ്ങളില്‍ അതു തേടാനും മടിക്കരുത്. നിരന്തരജാഗ്രതയും പരിശ്രമവുമുണ്ടായാല് ഏതു ദുശ്ശീലത്തെയും അതിജീവിക്കാന്‍ നമുക്കു സാധിക്കുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: