ന്യൂദല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ മെച്ചപ്പെടുംവരെ പാര്‍ട്ടി അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പരാജയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ വെര്‍ച്വല്‍ യോഗത്തിനു ശേഷമാണ് തീരുമാനം. ‘തെരഞ്ഞെടുപ്പ് തിരിച്ചടികളെക്കുറിച്ച് പഠിക്കണമെന്നും വീട് ക്രമീകരിക്കണമെന്നും’ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനത്തെപ്പറ്റി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പിന്നാക്കം പോയ കാരണത്തിന്റെ എല്ലാവശങ്ങളും പഠിക്കാന്‍ ചെറിയ സംഘത്തെ രൂപീകരിക്കും. കേരളത്തിലെയും അസമിലെയും സര്‍ക്കാരുടെ പുറത്താക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതും ബംഗാളില്‍ സംപൂജ്യരായതും എന്തുകൊണ്ടെന്ന് മനസ് തുറന്ന് മനസിലാക്കേണ്ടതുണ്ടെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇത് അസുഖകരമായ പാഠങ്ങളായിരിക്കും നല്‍കുക.
എന്നാല്‍ യാഥാര്‍ഥ്യത്തെ കാണുന്നില്ലെങ്കില്‍, വസ്തുതകളെ അഭിമുഖീകരിക്കുന്നില്ലെങ്കില്‍ ശരിയായ പാഠങ്ങളിലേക്ക് എത്തില്ലെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പുകള്‍ നിരാശാജനമെന്ന് വിശദീകരിച്ചതിന് പിന്നാലെയാണ് സോണിയാ ഗാന്ധിയുടെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: