കാസര്‍കോട് : ജില്ലയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്നു. മൂന്നുദിവസമായി മംഗലാപുരത്ത് നിന്നുളള ഓക്സിജന്‍ വിതരണം മുടങ്ങി. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അടക്കം പ്രതിസന്ധി രൂക്ഷമാണ്.
മംഗലാപുരത്തുനിന്നാണ് ഇതുവരെ ഓക്സിജന്‍ എത്തിച്ചിരുന്നത്. എന്നാല്‍ അവിടെ കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ഓക്സിജന്‍ വരവ് കുറഞ്ഞു. മുന്‍പ് ഉപയോഗിച്ചതിന്റെ പതിന്മടങ്ങ് ഓക്സിജന്‍ സിലിണ്ടര്‍ ഇപ്പോള്‍ ആവശ്യമുണ്ട്. ക്ഷാമം നേരിട്ടതോടെ കാസര്‍ഗോഡ് ജില്ലാ കലക്ടറുടെ ശിപാര്‍ശ കത്തുമായി എത്തിയാല്‍ മാത്രമാണ് മംഗലാപുരത്തുനിന്ന് ഇപ്പോള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ വിട്ടുകൊടുക്കൂ.
കണ്ണൂരില്‍ നിന്ന് അടിയന്തരമായി 15 സിലിണ്ടറുകള്‍ എത്തിക്കുന്നതിനുളള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. കാസര്‍കോട് ജില്ലയ്ക്ക് ഓക്സിജന്‍ അനുവദിക്കുന്നതില്‍ സംസ്ഥാന വാര്‍റൂമില്‍ നിന്ന് നടപടിയുണ്ടാകണമെന്നും കാസര്‍കോട്ടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. കിംസ് സണ്‍റൈസ് ആശുപത്രിയാണ് ഓക്സിജന്‍ ക്ഷാമമുണ്ടെന്ന മുന്നറിയിപ്പ് പുറത്തുവിട്ടത്. നിലവില്‍ ഉച്ചയ്ക്ക് ഒന്നര വരെ പ്രവര്‍ത്തിക്കാനുള്ള ഓക്സിജന്‍ മാത്രമാണ് സ്റ്റോക്കുള്ളത്.
ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള എട്ട് രോഗികളുണ്ട്. അവരെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള നടപടി തുടങ്ങിയെന്ന് അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു. 24 കോവിഡ് രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. ഇവരില്‍ എട്ടു പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: