ന്യൂദല്‍ഹി: കേരളം, ബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ കാരണം നീട്ടിവെച്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് സമയമായി. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയ തോല്‍വി രാഹുല്‍ഗാന്ധിയെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കാനുള്ള സോണിയാഗാന്ധിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നുറപ്പായി. ഇക്കുറി രാഹുല്‍ഗാന്ധിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നേക്കുമെന്ന് കരുതുന്നു.
2021 ജനവരിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരേണ്ടിയിരുന്നത്. ഈ യോഗം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ന്യായം പറഞ്ഞ് മനപൂര്‍വ്വമാണ് സോണിയാഗാന്ധി നീട്ടിവെപ്പിച്ചത്. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്താല്‍ അത് വഴി രാഹുല്‍ഗാന്ധിയെ ഏകപക്ഷീയമായി പ്രസിഡന്റ് പദവിയില്‍ അവരോധിക്കാനായിരുന്നു സോണിയയുടെ ഗൂഡനീക്കം.
എന്നാല്‍ ബംഗാളില്‍ 2016ല്‍ 44 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് വട്ടപൂജ്യമായി. 1980 മുതല്‍ ഇടതും വലതും മാറി മാറി ഭരിക്കുന്ന പാരമ്പര്യമുണ്ടായിരുന്ന കേരളത്തിന്റെ പതിവ് തെറ്റിച്ച് ഇടത് സര്‍ക്കാരിന് തുടര്‍ഭരണം നല്കിയതില്നിന്നും രാഹുല്‍ഗാന്ധിയ്ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കാരണം ഈ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ഗാന്ധി ഏറ്റവുമധികം സമയം ചെലവിട്ടത് കേരളത്തിലായിരുന്നു. പുതുച്ചേരിയില്‍ 2016ല്‍ 11 സീറ്റുകള്‍ വിജയിച്ച് ഭരണം പിടിച്ച സ്ഥാനത്ത് ഇക്കുറി രണ്ട് സീറ്റുകള്‍ കൊണ്ട് കോണഗ്രസിന് തൃപ്തിപ്പെടേണ്ടിവന്നു. ഇവിടെ ബിജെപി- എ ഐഎന്‍ആര്‍സി സഖ്യം ഭരണം പിടിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തായി.
അസമില്‍ ബിജെപി സര്‍ക്കാരിനെ മറച്ചിടാന് വര്‍ഗ്ഗീയ കാര്‍ഡടക്കം എടുത്തുകളിക്കാന്‍ പച്ചക്കൊടി കാട്ടിയ രാഹുല്‍ഗാന്ധിയ്ക്ക് അവിടേയും ബിജെപിക്ക് തുടര്‍ഭരണം നല്‍കേണ്ടിവന്നു. അങ്ങിനെ ഒരു നിലയ്ക്കും രാഹുല്‍ഗാന്ധിയെ രക്ഷിച്ചെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സോണിയ. ഇതിനിടെ ജി-23 എന്ന സീനിയര്‍ നേതാക്കളുടെ കോണ്‍ഗ്രസ് വിമതസംഘം കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഉടനെ നടത്തണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തുകയാണ്. കോവിഡ് രണ്ടാം തരംഗമാണ് ഇപ്പോള്‍ രാഹുലിന്റെ രക്ഷയ്ക്കെത്തിയിരിക്കുന്നത്. പരമാവധി കേന്ദ്രസര്‍ക്കാരിനെയും മോദിയെയും കുറ്റക്കാരാക്കി തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ഗൂഢശ്രമത്തിലാണ് രാഹുല്‍ഗാന്ധി.
ഗുലാം നബി ആസാദ്, കപില്‍സിബല്‍, ആനന്ദ് ശര്‍മ്മ തുടങ്ങി ഉന്നതശീര്‍ഷരായ നേതാക്കള്‍ കോണ്‍ഗ്രസിന് ഫലപ്രദമായ നേതൃത്വം വേണമെന്ന ആവശ്യം 2020 ആഗസ്തില്‍ ഉന്നയിച്ചതിന്റെ പേരില്‍ സോണിയയുടെ എതിര്‍പ്പിന് പാത്രമായവരാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരു പദവികളും നല്‍കാതായതോടെ ഇവര്‍ക്ക് ഇപ്പോള്‍ കോണ്‍ഗ്രസ് വിമതനേതാക്കളുടെ സ്ഥാനമാണ് പാര്‍ട്ടിയില്‍. ഇക്കുറി രാഹുലിനെതിരെ കോണ്‍ഗ്രസില്‍ പോരാട്ടം കടുപ്പിക്കുന്നതും ജി-23 എന്ന സംഘമായിരിക്കും.
ഇതിനിടെയാണ് രണ്ട് മക്കള്‍ തമ്മിലുള്ള അധികാരപ്പോരാട്ടം. അത് കോണ്‍ഗ്രസിന്റെ നിലനില്പ് തന്നെ അപകടത്തിലാക്കുന്ന രീതിയില്‍ മറ്റൊരു ഭാഗത്ത് വളരുന്നു. ഉത്തര്‍പ്രദേശില്‍ 2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇവിടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഊന്നിനിന്ന് പ്രവര്‍ത്തിക്കുന്ന പ്രിയങ്കയും സമ്പൂര്‍ണ്ണപരാജയമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു. അങ്ങിനെ മകനും മകളും ഫലപ്രദമല്ലാത്ത നേതാക്കളാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് തിരുത്താന്‍ തയ്യാറില്ലാത്ത പിടിവാശിയുള്ള അമ്മയായി സോണിയാഗാന്ധി മാറുമ്പോള്‍ കോണ്‍ഗ്രസ് മുക്തഭാരതം എന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യത്തോടടുക്കുകയാണ്. ഇപ്പോള്‍ ബംഗാള്‍ കോണ്‍ഗ്രസ് മുക്തമായിക്കഴിഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് കൂട്ടത്തകര്‍ച്ചയുടെ വക്കത്ത് നില്‍ക്കുകയാണ്. അസമിലും അങ്ങിനെതന്നെ. കൂട്ടുമുന്നണിയായി കൂടെക്കൂട്ടിയ എ ഐയുഡിഎഫ് ഇപ്പോള്‍ അസമിലെ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് കോണ്‍ഗ്രസിന് നേരെ വിരല്‍ചൂണ്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: