ബീജിങ് : നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ മാലിദ്വീപിന് സമീപത്തായി അവശിഷ്ടങ്ങള്‍ പതിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതോടെ റോക്കറ്റിന്റെ പ്രധാന ഭാഗങ്ങളെല്ലാം കത്തി നശിച്ചിരുന്നു. 100 അടി ഉയരവും 22 ടണ്‍ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് ഭൂമിയിലേക്ക് പതിച്ചത്.
ഈ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ഏതെങ്കിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ വീണേക്കുമെന്നാണ് ഭയപ്പെട്ടിരുന്നത്. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങള്‍ക്ക് റോക്കറ്റിന്റെ വരവിനെ സംബന്ധിച്ച് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഫ്രിക്ക, ഓസ്ട്രേലിയ, ജപ്പാന് തെക്കായിട്ടുള്ള ഏഷ്യയുടെ ചില ഭാഗങ്ങള്‍, യൂറോപ്പില്‍ സ്പെയിന്, പോര്‍ച്ചുഗല്‍, ഇറ്റലി, ഗ്രീസ് എന്നിവയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റിസ്ക് സോണ്‍ പ്രവചനത്തില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ടാണ് ആശങ്കയ്ക്ക് വിരാമമിട്ട് ഇന്ത്യന്‍ സമുദ്രത്തില്‍ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്.100 അടി നീളവും 16 അടി വീതിയുമുള്ള റോക്കറ്റാണ് ലോംഗ് മാര്‍ച്ച് 5 ബി.
ചൈനയുടെ സ്വപ്ന പദ്ധതിയായ ലാര്‍ജ് മോഡ്യുലര്‍ സ്പേസ് സ്റ്റേഷന്റെ പ്രധാന ഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29ന് ഭ്രമണ പഥത്തില്‍ എത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയിലാണ് റോക്കറ്റിന് നിയന്ത്രണം നഷ്ടമായത്. 21,000 കിലോ ഗ്രാം ഭാരമുള്ള ഭാഗമാണ് നഷ്ടപ്പെട്ടത്. ഇത് ഭൂമിയില്‍ പതിച്ചാല്‍ വലിയ ദുരന്തമായിരിക്കും ഉണ്ടാകുയെന്നായിരുന്നു വാനനിരീക്ഷകര്‍ നല്കിയ മുന്നറിയിപ്പുകള്‍.
സ്വന്തമായി ബഹിരാകാശ നിലയം നിര്‍മ്മിക്കുന്നതിന്റെ ആദ്യ പടിയായാണ് ചൈന റോക്കറ്റ് വിക്ഷേപിച്ചത്. എന്നാല്‍ വിക്ഷേപിച്ച് ഒരാഴ്ച പോലും തികയുന്നതിന് മുന്‍പാണ് റോക്കറ്റ് നിലം പതിച്ചത്. ആദ്യമായി നടത്തിയ ശ്രമം തന്നെ പരാജയപ്പെടുന്നത് ചൈനയ്ക്ക് വലിയ നാണക്കേട് ആണ് ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ തവണ ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റ് വിക്ഷേപിച്ചപ്പോഴും സമാനമായ പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന്, ഈ റോക്കറ്റിന്റെ നിരവധി അവശിഷ്ടങ്ങള്‍ ആകാശത്തിലൂടെ പറന്ന് ഐവറി കോസ്റ്റിലെ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: