ദുബായ് : വേനൽക്കാലം കനത്തതോടെ രാജ്യത്തെ വിവിധ എമിറേറ്റുകളിലെ ഡേറ്റ്സ് ഫെസ്റ്റിവലുകൾക്കും തുടക്കമായി. പല നിറത്തിലും വലിപ്പത്തിലും രുചിയിലുമുള്ള ഈന്തപ്പഴങ്ങളാണ് എമിറേറ്റുകളിലെ ഒട്ടുമിക്ക വലിയ ഷോപ്പിങ് മാളുകളിലും കാണാനാകുക. ഇതിനോടെപ്പം തന്നെ പൊതുജനങ്ങൾക്കായി ചില ഫെസ്റ്റിവലുകളും സർക്കാർ സംഘടിപ്പിക്കുന്നത് ഈന്തപ്പഴങ്ങള രുചിക്കൂട്ടിന് മികവേകുന്നു.
ഇതോടനുബന്ധിച്ച് ഷാർജയിൽ ഒമ്പതാമത് സൂഖ് അൽ ജുബൈൽ ഡേറ്റ് ഫെസ്റ്റിവലിന് ഷാർജയിൽ തുടക്കമായി. കട ഉടമകളുടെയും നിരവധി ബാഹ്യ പങ്കാളികളുടെയും വിപുലമായ പങ്കാളിത്തതോടെ നടക്കുന്ന ഈ മേള സെപ്റ്റംബർ അവസാനം വരെ നീണ്ട് നിൽക്കുന്നതാണ്. ഷാർജയിലെ പ്രധാനപ്പെട്ട വാണിജ്യ, ടൂറിസം ഇടങ്ങളിലൊന്നാണ് സൂഖ് അൽ ജുബൈൽ.
പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും വേണ്ടി നടത്തുന്ന ഒരു സുപ്രധാന മേളയാണ് ഇതെന്ന് ഷാർജ സിറ്റി മാർക്കറ്റ്‌സ് ഡയറക്ടർ എഞ്ചിനീയർ അബ്ദുല്ല അൽ ഷംസി അഭിപ്രായപ്പെട്ടു. ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്‌ക്കുക എന്ന ലക്ഷ്യത്തോടെ ഈന്തപ്പഴം ഉൾപ്പെടെയുള്ള ദേശീയ ഉൽപന്നങ്ങളെ പിന്തുണയ്‌ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഷാർജയുടെ നയത്തിന്റെ ഭാഗമായാണ് ഈ മേള സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമെ അബുദാബിയിൽ ഇരുപതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 15-ന് ആരംഭിക്കുമെന്ന് മീഡിയ ഓഫീസ് അറിയിച്ചു. പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 28 വരെ നീണ്ടുനിൽക്കും. അൽ ദഫ്‌റയിലെ, ലിവ നഗരത്തിൽ നടക്കുന്ന ഈ ഈന്തപ്പഴ മഹോത്സവം, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നാണ്.
അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ ഈന്തപ്പഴ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. എമിറാത്തി സാംസ്‌കാരികത്തനിമയുടെ പ്രതീകമായി ഈന്തപ്പഴത്തെ ഉയർത്തിക്കാട്ടുന്നതിനും, മേഖലയിലെ ഈന്തപ്പഴ കർഷകർക്ക് പിന്തുണ നൽകുന്നതിനുമുള്ള അബുദാബിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രദർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: