”തത്വചിന്തകര്‍ ലോകത്തെ പലതരത്തില്‍ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ ലോകത്തെ മാറ്റിത്തീര്‍ക്കുകയാണ് വേണ്ടത്.” മാര്‍ക്സിസത്തിന്റെ മഹത്വം ചൂണ്ടിക്കാണിക്കാന്‍ അതിന്റെ വക്താക്കള്‍ ആവര്‍ത്തിക്കുന്ന വാക്കുകളാണിത്. മാര്‍ക്സിസ്റ്റ് വിമര്‍ശകര്‍ പോലും കാറല്‍ മാര്‍ക്സിന്റെ ഈ വാചകത്തില്‍ പറയുന്നത് അലംഘനീയ തത്വമായി കണ്ടാണ് തങ്ങളുടെ വാദഗതികള്‍ മുന്നോട്ടുവയ്ക്കാറുള്ളത്. എന്നാല്‍ സത്യം ഇതല്ലെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞതാണ് കേരളത്തിന്റെ ബൗദ്ധികരംഗത്ത് പി. കേശവന് നായര്‍ എന്ന ദാര്‍ശനികനെ വ്യത്യസ്തനാക്കിയത്.
മാര്‍ക്സിസത്തിന് ലോകത്തെ മാറ്റി മറിക്കുന്നതു പോയിട്ട് അതിനെ തൃപ്തികരമായി വ്യാഖ്യാനിക്കാന്‍ പോലും കഴിയില്ലെന്ന് മനസ്സിലാക്കി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് വിടപറഞ്ഞയാളായിരുന്നു കേശവന് നായര്‍. യഥാര്‍ത്ഥത്തില്‍ മാര്‍ക്സിസത്തിന്റെ തത്വശാസ്ത്ര പ്രതിസന്ധിയാണ് അതിന്റെ പ്രത്യയശാസ്ത്ര പ്രതിസന്ധിക്കും രാഷ്ട്രീയ പ്രതിസന്ധിക്കും കാരണമെന്ന് തിരിച്ചറിഞ്ഞായിരുന്നു ഈ വിച്ഛേദം. അതുവരെ കണ്ണുകെട്ടിയ കുതിരയെപ്പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തുടര്‍ന്നു. ആധുനിക തത്വചിന്തയിലും ശാസ്ത്രത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ അറിയാന്‍ കഴിഞ്ഞത് കേശവന് നായരെ ഭാരതീയ ചിന്താധാരയിലേക്ക് എത്തിച്ചു.
”മാര്‍ക്സിസം അജയ്യമാണ്, കാരണം അത് ശാസ്ത്രമാണ്” എന്നാണല്ലോ ലെനിന് നടത്തിയിട്ടുള്ള പ്രഖ്യാപനം. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ നാടുകളിലും ഏഴ് പതിറ്റാണ്ടുകാലം നിലനിന്ന കമ്യൂണിസ്റ്റ് വ്യവസ്ഥിതി സമ്പൂര്‍ണമായി തകര്‍ന്നിട്ടും മാര്‍ക്സിസത്തിന്റെ ശാസ്ത്രീയതയെക്കുറിച്ച് ഘോഷിക്കാന്‍ നമ്മുടെ നാട്ടില്‍ ആളുണ്ടായി. മനുഷ്യന് കുരങ്ങിലേക്ക് തിരിച്ചുപോവാനാവില്ലെന്നാണല്ലോ ഇ.എം.എസ്. നമ്പൂതിരിപ്പാട് നടത്തിയ സൈദ്ധാന്തികമായ ന്യായീകരണം. അഭ്യസ്തവിദ്യര്‍ക്കിടയില്‍പ്പോലും ഒരു അന്ധവിശ്വാസത്തിന്റെ രൂപമാര്‍ജിച്ച മാര്‍ക്സിസം ശാസ്ത്രമാണെന്ന അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുകയായിരുന്നു കേശവന് നായര്‍ ചെയ്തത്.
ശാസ്ത്രമായിരുന്നു കേശവന് നായരുടെ ഇഷ്ടവിഷയം. ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതനവും സിപിഎമ്മിലെ ജീര്‍ണതയുമാണ് മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സ്വാഭാവികമായും ചെന്നെത്തിയത് ആധുനിക ശാസ്ത്രത്തിലാണ്. തമോഗര്‍ത്തവും വികസ്വര പ്രപഞ്ചവുമൊക്കെ പ്രവചിച്ച സ്റ്റീഫന്‍ ഹോക്കിങ്ങില്‍ ആകൃഷ്ടനായി. ഇതിന്റെ ഫലമായിരുന്നു ‘സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രപഞ്ചം’ എന്ന പുസ്തകം. ഈ പുസ്തകത്തെ പ്രശംസിച്ച് ഇഎംഎസ് തന്നെ എഴുതുകയുണ്ടായെങ്കിലും കമ്യൂണിസത്തിന്റെ കാല്പ്പനികതയില് കുടുങ്ങിക്കിടക്കാന്‍ കേശവന് നായര്‍ തയ്യാറായില്ല. ആധുനിക ശാസ്ത്രത്തിന്റെ മുന്നേറ്റത്തില്‍ ഹോക്കിങ്ങിന്റെ ആശയങ്ങള്‍ കാലഹരണപ്പെട്ടതുകൊണ്ടാവാം ഈ പുസ്തകം പുനഃപ്രസിദ്ധീകരിക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല. ബുദ്ധിപരമായ സത്യസന്ധത കൊണ്ടായിരുന്നു ഇത്.
നമുക്ക് സുപരിചിതരായ മാര്‍ക്സിസ്റ്റ് വിമര്‍ശകര്‍ പലരും മാര്‍ക്സിസ്റ്റായി തന്നെ ജീവിതം അവസാനിപ്പിച്ചവരാണ്. ദാര്‍ശനികാന്വേഷണങ്ങളുടെ പന്ഥാവ് അവര്‍ക്കുമുന്നില്‍ തുറക്കപ്പെട്ടില്ല. ഇവിടെയാണ് കേശവന് നായരുടെ മഹത്വം. ക്ലാസിക്കല്‍ ഫിസിക്സില്‍നിന്ന് ക്വാണ്ടം മെക്കാനിക്സിലേക്ക് ആധുനിക ശാസ്ത്രം മുന്നേറിയപ്പോള്‍ അതിനൊപ്പം കേശവന് നായരും സഞ്ചരിച്ചു. പരീക്ഷണശാലകളില്‍നിന്ന് പര്‍ണശാലയിലേക്കാണ് ഭൗതിക ശാസ്ത്രജ്ഞര്‍ പ്രവേശിക്കുന്നതെന്ന് വളരെ മുന്‍പേ തിരിച്ചറിഞ്ഞു. തത്വചിന്തയുടെ മേഖലയെ പുല്കുന്ന ശാസ്ത്രം ഭാരതീയ ദര്‍ശനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രപഞ്ച സങ്കല്പ്പത്തെയാണ് ശരിവയ്ക്കുന്നതെന്ന് നിരവധി ഗ്രന്ഥങ്ങളിലൂടെ കേശവന് നായര്‍ സമര്‍ത്ഥിച്ചു. പ്രപഞ്ചം, പ്രപഞ്ച നൃത്തം, ഭൗതികത്തിനപ്പുറം, വിപരീതങ്ങള്‍ക്കപ്പുറം, ബോധത്തിന്റെ ഭൗതികം എന്നിങ്ങനെയുള്ള നിരവധി ഗ്രന്ഥങ്ങള്‍ ഒന്നൊന്നായി പ്രസിദ്ധീകരിക്കപ്പെട്ടു. പ്രപഞ്ചത്തിന്റെ ഉത്ഭവം, ജീവന്റെ ഉല്‍പ്പത്തി, ആത്മാവ്, ബ്രഹ്മം, ജീവി വര്‍ഗങ്ങളുടെ പരിണാമം എന്നിവയൊക്കെ ശാസ്ത്രത്തിന്റെ ഭാഷയില്‍ ഈ ഗ്രന്ഥകാരന് വിശദീകരിച്ചു. ‘ആസ്തികനായ ദൈവം’ എന്ന പുസ്തകം ആത്മീയവാദത്തെ നിഷേധിക്കുന്നവര്‍ക്കുള്ള മറുപടിയാണ്.
മുപ്പത്തിമൂന്നുവര്‍ഷം സിപിഎമ്മില്‍ പ്രവര്‍ത്തിക്കുകയും രണ്ട് പതിറ്റാണ്ടിലേറെക്കാലം സിഐടിയുവിന്റെ കൊല്ലം ജില്ലാ സെക്രട്ടറിയുമായിരുന്ന കേശവന് നായര്‍ക്ക് വിപുലമായ രാഷ്ട്രീയ-സംഘടനാനുഭവങ്ങളാണുണ്ടായിരുന്നത്. ‘ചുവപ്പിനുമപ്പുറം’ എന്ന ആത്മകഥാപരമായ രചനയില്‍ ഇക്കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളുമായൊക്കെ അടുത്തിടപഴകാന്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ ഓരോരുത്തരെയും കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. ”പൊളിറ്റ് ബ്യൂറോയെ നയിക്കുന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും യഥാര്‍ത്ഥത്തില്‍ കാമ്പസ് സെലക്ഷനുകളാണ്. ദല്‍ഹിയിലെ തെരുവുകളിലൂടെ നടന്നുപോകുന്ന കാരാട്ടിനെയും യെച്ചൂരിയെയും സാധാരണക്കാര്‍ തിരിച്ചറിയുക പോലുമില്ല” എന്നാണ് ഒരിക്കല്‍ ജന്മഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഈ ലേഖകനോട് കേശവന് നായര്‍ പറഞ്ഞത്.
ആശയങ്ങളുടെ മേഖലയില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിക്കൊണ്ടാണ് കേശവന് നായര്‍ കടന്നുപോയിരിക്കുന്നത്. ചിന്തയുടെ അനന്ത വിഹായസ്സില്‍ പ്രചോദനത്തിന്റെ ധ്രുവനക്ഷത്രമായി ആ മഹാത്മാവ് പ്രകാശം പരത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: