അമ്പലപ്പുഴ: പൊതു സ്ഥലങ്ങള്‍ സാനിറ്റൈസര്‍ ചെയ്തതിന്റെ പേരില്‍ വാടകയിനത്തില്‍ ആയിരങ്ങള്‍ സ്വകാര്യ വ്യക്തി ഈടാക്കുന്നു. കുട പിടിച്ച് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലാണ് സ്വകാര്യ വ്യക്തിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ തട്ടിപ്പു നടത്തുന്നത്. പത്തു ലിറ്റര്‍ വെളളത്തില്‍ ഒരു ലിറ്റര്‍ പ്യൂരിഫൈഡ് ക്ലോറിനും 0.5 ലിറ്റര്‍ സോപ്പു ലായനിയും കലര്‍ത്തിയാണ് ഇത് നിര്‍മിക്കുന്നത്. ഈ മിശ്രിതം ഉപയോഗിച്ച് 1200 സ്ക്വയര്‍ ഫീറ്റ് കെട്ടിടത്തിന്റെ അകവും പുറവും പരിസരവും അണുവിമുക്തമാക്കാന്‍ കഴിയും.
ഇതിനും ഗ്ലൗസ് ഉള്‍പ്പെടെആകെ 350 രൂപ പോലും ചെലവ് വരാറില്ല.ജീവനക്കാരന്റെ കൂലിയിനത്തിലുള്ള ചെലവ് ഉള്‍പ്പെടെ 850 രൂപ പോലും ആകാറില്ല. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 2,500 രൂപയാണ് സ്വകാര്യ വ്യക്തി ഇതിന്റെ പേരില്‍ ബില്ല് നല്‍കിയത്. ബില്‍ തുക നല്കാന് പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശവും നല്‍കിക്കഴിഞ്ഞു. ഈ സ്വകാര്യ വ്യക്തി പുറക്കാട്, അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തുകളില്‍ നിരവധി അനധികൃത ക്രമക്കേടുകളാണ് നടത്തുന്നത്. ചില പഞ്ചായത്തംഗങ്ങള്‍ ഇതിനെതിരെ പ്രതിഷേധമറിയിച്ചിട്ടും ഈ സ്വകാര്യ വ്യക്തിയെ സംരക്ഷിക്കുന്ന നിലപാടാണ് പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പാടശേഖരങ്ങളില്‍ പത്തു ലിറ്റര്‍ കീടനാശിനി തളിക്കുന്നതിന് 80 രൂപ കൂലി നല്‍കുമ്പോഴാണ് 2500 രൂപ വരെ ഈ പേരില്‍ തട്ടിയെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ തയ്യാറാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: