കൊച്ചി: കൊവിഡ് രണ്ടാംഘട്ട അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ബാങ്ക് മാനേജ്മെന്റുകള്‍ മുഴുവന്‍ ജീവനക്കാരോടും ഓഫീസുകളില്‍ ഹാജരാകാനും മുഴുവന്‍ സമയവും പണിയെടുക്കാനും ആവശ്യപ്പെടുന്നത് അവരുടെ ജീവന് വച്ച് പന്താടുന്നതിന് തുല്യമാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ഈ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും കേരള പ്രദേശ് ബാങ്ക് വര്‍ക്കേഴ്സ് ഓര്ഗനൈസേഷന് (ബിഎംഎസ്) ആവശ്യപ്പെട്ടു.
ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ 50 ശതമാനം വരെ കുറച്ച് ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കണമെന്നാണ് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി (എസ്എല്‍ബിസി) നിര്‍ദേശം. അതുപോലെ കൊവിഡ് പകര്‍ച്ച തടയുന്നതിന് ബ്രാഞ്ചുകളില്‍ പണം അടയ്ക്കലും പിന്‍വലിക്കലും ട്രാന്‍സ്ഫറും ഉള്‍പ്പെടെ അടിസ്ഥാന ബാങ്കിങ് പ്രവര്‍ത്തനങ്ങളും അടിയന്തര ഇടപാടുകളും മാത്രം നടത്താനും ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന് മാര്‍ഗരേഖ പ്രകാരം എസ്എല്‍ബിസി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാരുടേയും ഇടപാടുകാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ചില ബാങ്ക് മാനേജ്മെന്റുകള്‍ ഇത് നടപ്പാക്കുന്നുണ്ടെങ്കിലും ചിലര്‍ ഇത് നടപ്പാക്കാന്‍ തയാറാവുന്നില്ല. ഇവര്‍ ജീവനക്കാരോട് മുഴുവന്‍ സമയവും ബ്രാഞ്ചില്‍ ഇരിക്കണമെന്നും മുഴുവന്‍ ജീവനക്കാരും ഹാജരാവണമെന്നും ആവശ്യപ്പെടുകയാണ്. ഇതിനു തയാറാകാത്തവരുടെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അവരോട് വൈകിട്ട് വരെ ഇരുന്ന് ജോലി തീര്‍ക്കാന്‍ പറയുകയുമാണ്.
ജീവനക്കാരുടെ സുരക്ഷ യേക്കാള്‍ പ്രധാനം ലാഭവും ബിസിനസ്സുമാണെന്നും മനുഷ്യ ജീവനുകള്‍ക്ക് ഒരു വിലയുമില്ലെന്നുമാണ് ചില മാനേജ്മെന്റുകളുടെ മനോഭാവം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഒന്നും ബാധകമല്ലെന്ന മട്ടിലാണ് അവരുടെ പെരുമാറ്റം. കേരളത്തില്‍ നൂറുകണക്കിന് ബാങ്ക് ജീവനക്കാര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടമായി.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേരളത്തില്‍ ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ ഒരു ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്തത്. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് കേസെടുത്തിരുന്നു. രൂക്ഷമായ കൊവിഡ് വ്യാപനത്തിന് ഇടയാക്കാനിടയുള്ള നടപടികളില്‍ നിന്ന് ബാങ്ക് മാനേജ്മെന്റുകള്‍ പിന്മാറണമെന്നും ഇല്ലെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ എസ്എല്‍ബിസിയും സര്‍ക്കാരും പോലീസും തയാറാകണമെന്നും ഓര്ഗനൈസേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: