ലഖ്നോ: യുപി ഉള്‍പ്പെടെ വിവിധസംസ്ഥാനങ്ങള്‍ നടത്തുന്ന കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കാന്‍ ആര്‍എസ്എസും.
കോവിഡ് ബാധിച്ചവരെയും അടിയന്തരവൈദ്യസഹായം ലഭിക്കേണ്ടവരെയും കണ്ടെത്തി സഹായിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും രണ്ട് കണ്‍വീനര്‍മാരെ വരെ വിന്യസിക്കും. ഇവരായിരിക്കും ആര്‍എസ്എസിന്റെ ഇവിടുത്തെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക.
യുപിയിലെ കാര്യമെടുക്കാം. അവാദ് പ്രാന്തില്‍ സംസ്ഥാനമുടനീളമുള്ള താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ ഏകോപിപ്പിക്കാന്‍ നേതാക്കളായ പ്രശാന്ത് ഭാട്ടിയ, ലളിത് ശ്രീവാസ്തവ എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. മെഡിക്കല്‍ സേവനം ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും ജനങ്ങള്‍ക്കെത്തിക്കാന്‍ ശാഖാപ്രവര്ത്തകരെ ഇവര്‍ ഏകോപിപ്പിക്കും.
ഇതേ പോലുള്ള സജ്ജീകരണങ്ങള്‍ രാജ്യത്തുടനീളം ചെയ്തിട്ടുണ്ടെന്ന് ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് (അവാദ് പ്രാന്ത്) ഡോ. അശോക് ദുബെ പറയുന്നു. ഓക്സിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ കോവി്ഡ് രോഗികള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രയത്നിക്കും.
മരുന്നുകള്‍ എത്തിച്ചുകൊടുക്കാനും രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും സഹായിക്കും. രണ്ടാം തരംഗത്തിന്റെ ആശങ്കകള്‍ നിറഞ്ഞ ഈ സമയത്ത് ഒട്ടേറെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്- ഡോ. അശോക് ദുബെ പറഞ്ഞു.
യുപിയില്‍ വാര്‍ഡ് തലം വരെ പ്രവര്‍ത്തകരെ ആര്‍എസ്എസ് സജ്ജീകരിച്ചുകഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരെ വരെ ഇവര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ആവശ്യമായ സഹായം എത്തിക്കും. ദല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഓരോ ആഴ്ചകളിലും യുപിയിലേക്ക് നൂറുകണക്കിന് പേരാണ് തിരിച്ചെത്തുന്നത്.
ലഖ്നോവില്‍ ആര്‍എസ്എസിന്റെ സാമൂഹ്യസേവന വിഭാഗമായ സേവാ ഭാരതി ഗുരുതരരോഗബാധയുമായി വീട്ടില്‍ ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്നവര്‍ക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നതില്‍ വരെ വ്യാപൃതരാണ്. അതുപോലെ ആവശ്യക്കാര്‍ക്ക് റെംഡെസിവിര്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിക്കാന്‍ മെഡിക്കല്‍ സ്റ്റോറുകളുമായി പ്രവര്‍ത്തകര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി വിഭാഗ് കാര്യവാഹകായ അമിതേഷ് പറയുന്നു. വീടില്ലാത്ത രോഗികള്‍ക്ക് പ്രതിരോധശേഷി കൂട്ടാന്‍ വീട്ടില്‍ തയ്യാറാക്കിയ ആയുര്‍വേദ പാനീയം വരെ ആര്‍എസ്എസ് എത്തിക്കുന്നു.
ബിജെപി അതേ സമയം എല്ലാ ജില്ലകളിലും ഹെല്പ് ഡെസ്ക് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. ബിജെപിക്കാരും കോവിഡ് സഹായപ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസുമായി കൈകോര്‍ക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: