ന്യൂദല്‍ഹി: ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുക്കെട്ടാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പരത്തി അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാനും അവരുടെ സ്വത്ത് പിടിച്ചെടുക്കാനുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ യാതൊരു ഓക്സിജന്‍ ക്ഷാമവും നേരിടുന്നില്ല. യഥാര്‍ത്ഥ പ്രശ്നം പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമാണെന്നും ഇവയെ കര്‍ശനമായി നേരിടുമെന്നും യോഗി വ്യക്തമാക്കി.
ഐ.ഐ.ടി. കാണ്‍പുര്‍, ഐ.ഐ.എം. ലഖ്നൗ, ഐ.ഐ.ടി. ബി.എച്ച്.യു. എന്നിവിടങ്ങളുമായി സഹകരിച്ച് ഓക്സിജന്‍ ഓഡിറ്റ് നടത്തുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഓക്സിജന്റെ ആവശ്യകത, വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലൈവ് ട്രാക്കിങ് സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെതിരായ പ്രതിരോധത്തില്‍ വീഴ്ച വരുത്തരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. കോവിഡിനെ സാധാരണ വൈറല്‍ പനിയെന്ന രീതിയില്‍ കണക്കാക്കിയാല്‍ അത് വലിയ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: