ജെ. സോമശേഖരന്‍ പിള്ള
ദുരന്തങ്ങളെ അനുകൂല സാഹചര്യമാക്കി മാറ്റാനുള്ള മാനസികാവസ്ഥ അപാരമാണ്. അതിനെ ഒരു വെല്ലുവിളിയായി നേരിട്ട് സര്‍വ്വകരുത്തുമെടുത്ത് അതിന്റെ ആഘാതത്തില്‍ നിന്നും രക്ഷിച്ചെടുക്കുക എന്നത് നിസ്സാര കാര്യമല്ല. എന്നാല്‍ അത് മുതലെടുക്കാനുള്ള മാനസികാവസ്ഥയാണ് അങ്ങേയറ്റം പൈശാചികമായ പ്രവൃത്തിയായി കാണേണ്ടത്.
കേരള മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ ദുരന്തകാലത്തെ വിളവെടുപ്പ് കാലമായി കാണുന്ന വിധത്തിലുള്ളതാണ്. പ്രളയം വന്ന് നാട്ടില്‍ ദുരന്തമുണ്ടാക്കിയപ്പോള്‍ ജീവനക്കാരുടെ കീശയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ വേണ്ടി സാലറി ചലഞ്ച് എന്ന ഓമനപ്പേരിട്ട് ഒരു പദ്ധതി തയ്യാറാക്കി കബളിപ്പിക്കല്‍ തന്ത്രം ആവിഷ്കരിച്ചു. ഇപ്പോള്‍ കോവിഡ് എന്ന മഹാമാരിയെ നേരിടാനെന്ന പേരില്‍ വാക്സിന് ചലഞ്ച് എന്ന പേരില്‍ മറ്റൊരു തട്ടിപ്പിന് തുടക്കം കുറിച്ചിരിക്കുന്നു.
ചലഞ്ച് എന്ന ആംഗല പദം കേട്ടാല്‍ ആവേശം കൊള്ളുന്നവരാണ് പ്രബുദ്ധ മലയാളികള്‍ എന്ന് കരുതിയാവും ഇത്തരം തന്ത്രമുപയോഗിക്കുന്നത്. എന്നാല്‍ ചലഞ്ചിന് പകരം വെല്ലുവിളി എന്നായാല്‍ ആവേശപൂര്‍വ്വം പ്രതികരിച്ചേയ്ക്കില്ല എന്ന് കരുതിത്തന്നെയാവണം ഈ ആംഗല പദത്തെ ആശ്ലേഷിച്ചത്. ഏതായാലും ഫലത്തില്‍ ഇതൊരു വെല്ലുവിളി തന്നെയാണ്. നിസ്സഹായരായ പൊതുജനത്തെ കൊള്ളയടിക്കാനുള്ള കുടില ബുദ്ധിയാണ് ഇതിന് പിന്നില്‍ ഒളിച്ചിരിക്കുന്നത്. മറുത്തു പറയാന്‍ നിര്‍വ്വാഹമില്ലാത്ത മന്ദബുദ്ധികളായ അനുയായികള്‍ നേതാവിന്റെ താളത്തിനൊത്ത് തുള്ളാന്‍ തയ്യാറാവുമ്പോള്‍ സത്യാവസ്ഥയെ തമസ്ക്കരിക്കുന്ന അവരുടെ വാക്ക് കേട്ട് സാധുക്കളായവരും നിസ്സഹായരായവരും അവരുടെ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരായി കബളിപ്പിക്കപ്പെടുകയാണ്.
യാതൊരു വിധ ശാസ്ത്രജ്ഞാനമോ വകതിരിവോ ഇല്ലാത്തൊരാള് മന്ത്രിക്കസേരയിലിരുന്ന് കാട്ടിക്കൂട്ടിയ നെറികേടിന്റെ ഫലമായിരുന്നു പ്രളയം തീര്‍ത്ത വന്‍ ദുരന്തം. ദുരന്തത്തില്‍ തകര്‍ന്ന റോഡുകളും ഭവനങ്ങളും കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞിട്ട് അതിനനുവദിക്കാതെ അതിന്റെ ചെലവായി പെരുപ്പിച്ച് കാണിച്ച തുക നേരിട്ട് കിട്ടാനും അതിലൂടെ വന്‍ അഴിമതി നടത്താനുമാണ് പദ്ധതിയിട്ടത്. അത് നടക്കാതെ വന്നപ്പോഴാണ് ഉദ്യോഗസ്ഥരില്‍ നിന്ന് പണം തട്ടിയെടുത്ത് നിധിശേഖരണം നടത്താന്‍ തയ്യാറായത്. സ്വന്തം കഴിവു് കൊണ്ട് വ്യവസ്ഥാപിതമായ രീതിയില്‍ നേടിയെടുത്ത ജോലി സര്‍ക്കാരിന്റെ ഔദാര്യമെന്ന നിലയിലാണ് സര്‍ക്കാരും സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കുന്ന ഭരണവിലാസം സംഘടനകളും കണ്ടത്. കിട്ടുന്ന വരുമാനം ജീവിതത്തിന്റെ പല തരത്തിലുള്ള ചെലവുകള്‍ക്കായി വകയിരുത്തി കഷ്ടപ്പെട്ട് ജീവിക്കുന്ന ധാരാളം പേര് ഈ കൂട്ടത്തിലുണ്ടാവുമെന്ന ചിന്ത അവര്‍ക്കുണ്ടായില്ല. മാത്രവുമല്ല അത്തരക്കാരെ ശിക്ഷാ നടപടികളും സ്ഥലം മാറ്റമുള്‍പ്പെടെയുള്ള രീതികളുമുപയോഗിച്ച് വരുതിയില്‍ നിത്തി പിടിച്ചുപറിക്കുകയാണുണ്ടായത്. ഇത്തരം നീചപ്രവൃത്തി നടത്താന്‍ പിന്‍വാതില്‍ നിയമനം നേടി വന്ന സംഘടനാ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. അങ്ങനെ സമാഹരിച്ചെടുത്ത തുക അര്‍ഹതപ്പെട്ടവരില്‍ എത്ര പേര്‍ക്ക് കിട്ടിയെന്നത് സംശയമുണര്‍ത്തുന്ന കാര്യമാണ്. സ്വജനപക്ഷപാതത്തിലൂടെയും അഴിമതിയിലൂടെയും അത് ചെലവാക്കിത്തീര്ക്കാനാണ് ശ്രമിച്ചത് എന്നാണ് ഇതിനകം പുറത്ത് വന്നിട്ടുള്ള കണക്കുകള്‍ പറയുന്നത്.
ഇതു പോലെ നിധി സമാഹരണത്തിന് പുതിയ മാര്‍ഗമായിട്ടാണ് വാക്സിനേഷനും ചലഞ്ചേര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തികച്ചും സൗജന്യമായി നല്കിയ മരുന്നിനുള്‍പ്പെടെ വില കണക്കാക്കിയാണ് 1300 കോടിയുടെ ചെലവുണ്ടാകുമെന്ന് സൂചിപ്പിച്ച് നിധി സമാഹരണം ലക്ഷ്യമിടുന്നത്. 5000 കോടി രൂപ മിച്ചമുള്ള ഖജനാവുണ്ടെന്ന് അവകാശപ്പെട്ട ധനമന്ത്രി അതില്‍ നിന്ന് ഇതിലേക്കുള്ള ചെലവിന് വക കണ്ടെത്താന്‍ എന്താണ് പ്രയാസം? അപ്പോള്‍ അതൊക്കെ പതിവുപോലുള്ള വീരവാദം പറച്ചില് മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന തുകയെക്കുറിച്ച് മിണ്ടാട്ടമില്ലാതെ ഊതിപ്പെരുപ്പിച്ച് പെരും കള്ളപയുമ്പോള് മസ്തിഷ്ക പ്രക്ഷാളനം നടത്തി മാനസികമായി വെറും അടിമകളാക്കപ്പെട്ടവര്‍ മാത്രമല്ല യാഥാര്‍ത്ഥ്യം ബോധ്യപ്പെടുന്ന വലിയൊരു കൂട്ടം ജനങ്ങളും ഈ നാട്ടിലുണ്ടെന്ന് തിരിച്ചറിയണം. ദേശാഭിമാനി പത്രത്തിന്റെയും കൈരളി ചാനലിന്റെയും മുന്നില്‍ ചടഞ്ഞിരുന്ന് പുറം ലോകത്ത് തെളിഞ്ഞ് കിടക്കുന്ന സത്യം തിരച്ചറിയാന്‍ കഴിയാതെ അന്ധകാരത്തില്‍ കഴിയുന്ന കൂപമണ്ഡൂക ബുദ്ധികളെ മാത്രമേ നിങ്ങളുടെ വ്യാജവാര്‍ത്തകളിലൂടെ വിശ്വസിപ്പിയ്ക്കാന്‍ കഴിയൂ. അല്ലാത്തവര്‍ എല്ലാം മനസ്സിലാക്കും.
ഓക്സിജന്റെ കുറവ് അനുഭപ്പെടാതിരിക്കാന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഓക്സിസിജന്‍ ഉല്പാദിപ്പിയ്ക്കാനായി രാജ്യമെമ്പാടും സാമ്പത്തിക സഹായം നല്കിയതിനോടൊപ്പം കേരളത്തിനും നല്കിയ തുക ഇതേ വരെയും ആ ആവശ്യത്തിനായി ഉപയോഗിച്ചു കണ്ടില്ല. കേന്ദ്രത്തില്‍ തുക വാങ്ങുകയല്ലാതെ അത് ശരിയായ വിധം പ്രയോജനപ്പെടുത്തി ജനക്ഷേമകരമായതെന്തെങ്കിലും ചെയ്യുന്നതിന് പകരം ധാര്‍ഷ്ട്യം നിറഞ്ഞ ഭാവത്തില്‍ നാട്ടിലെ നിയമത്തോടെല്ലാം പുച്ഛത്തോടെ കാണുന്ന ഒരു ഭരണാധികാരി ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെ കേരളം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.
9447058345
പ്രതികരിക്കാൻ ഇവിടെ എഴുതുക: