കൊച്ചി: ഷാര്‍ജയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ എട്ട് പേര് പിടിയില്‍. ആലുവ കമ്പനിപ്പടി കോട്ടക്കകത്ത് വീട്ടില്‍ ഔറാംഗസീബ് (39), മാഞ്ഞാലി സ്വദേശികളായ താണിപ്പാടം ചന്തതോപ്പില്‍ വീട്ടില്‍ ഷിറില്‍ (30), ചൂളക്കപ്പറമ്പില്‍ വീട്ടില്‍ ഷംനാസ് (22), മാവിന് ചുവട് ചെറുപറമ്പില്‍ മുഹമ്മദ് സാലിഹ് (25), കണ്ടാരത്ത് വീട്ടില്‍ അഹമ്മദ് മസൂദ് (24), മാവിന് ചുവട് മണപ്പാടത്ത് വീട്ടില്‍ സക്കീര്‍ (27), ആലങ്ങാട്ട് വീട്ടില്‍ കംറാന്‍ എന്ന് വിളിക്കുന്ന റയ്സല്‍ (27), വലിയ വീട്ടില്‍ റിയാസ് (34) എന്നിവരെയാണ് ഷാര്‍ജയില്‍ നിന്നെത്തിയ താജു തോമസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നെടുമ്പാശേരി പോലീസ് പിടികൂടിയത്.
കേസിലെ മറ്റൊരു പ്രതിയായ പെരുമ്പാവൂര്‍ മുടിക്കല്‍ ചെറുവേലിക്കുന്ന് ഭാഗത്ത് പുതുക്കാടന്‍ വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (44) യെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലിലാണ് സംഭവം നടന്നത്.
താജു തോമസ് വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോള്‍ കാത്തുനിന്ന രണ്ടുപേര്‍ ബലമായി ഇയാള്‍ വിളിച്ച പ്രീപെയ്ഡ് ടാക്സിയില്‍ കയറുകയും പിന്നീട് വിമാനത്താവളത്തിനു പുറത്ത് പെട്രോള്‍ പമ്പിനു സമീപം അഞ്ചോളം കാറുകളിലായി എത്തിയവര്‍ ടാക്സി വളഞ്ഞ് ഇയാളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പെരുമ്പാവൂരുള്ള ഒരു ലോഡ്ജില്‍ നിന്ന് കണ്ടെത്തി. കാര്‍ വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 2019ല്‍ മുബാറക്ക് എന്നയാളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് മുഹമ്മദ് സാലിഹും, അഹമ്മദ് മസൂദും.
കേസിലെ മറ്റൊരു പ്രതിയായ ഔറാംഗസീബ് കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ്. രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളുടെ പൂര്‍വകാല പശ്ചാത്തലം പരിശോധിച്ച് കാപ്പ ഉള്‍പ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കും. കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: