പാലക്കാട്: കേരളത്തില്‍ ആദ്യമായി അഥര്‍വ്വവേദത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ഭൈഷജ്യയജ്ഞം ഇന്നലെ അഹല്യയില്‍ സമാപിച്ചു. യജ്ഞശാലയും ഉപശാലയും അഗ്നിയ്ക്ക് സമര്‍പ്പിച്ച് രോഗകാരണങ്ങളെ ദൂരെയകറ്റാന്‍ ഉരുവിട്ട പ്രാര്‍ത്ഥനകള്‍ ഭക്തജനങ്ങള്‍ ഏറ്റുചൊല്ലി. പങ്കെടുത്തവരെ പവിത്രീകരിച്ച് അന്തരീക്ഷം വിമലീകരിക്കുകയെന്ന ലക്ഷ്യത്തോടെ ത്യാഗത്തിന്റെ സന്ദേശമാണ് യാഗശാല അഗ്നിക്ക് സമര്‍പ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
രാവിലെ ബ്രഹ്മസാവിത്രീപൂജ, ദിക്പാലകന്മാര്‍ക്കുള്ള പൂജ എന്നിവ നടന്നു. ഐന്ദ്രഹോമത്തിന് ശേഷം അഥര്‍വ്വവേദത്തിന്റെ സമ്പൂര്‍ണ്ണപാരായണം നടന്നു. ആഹൂതികള്‍ സമര്‍പ്പിച്ചു. പൂര്‍ണ്ണാഹൂതി പ്രകരണത്തിന് ശേഷം യജ്ഞം യജമാനന് ഋത്വിക്കുകള്‍ക്ക് ദക്ഷിണ സമര്‍പ്പിച്ചു. ദിക്പാലകന്മാര്‍ക്കുള്ള ബലിക്ക് ശേഷം യജ്ഞാചാര്യന്‍ ശ്രീധര്‍ അടികളുടെ കാര്‍മികത്വത്തില്‍ യജ്ഞശാലയും ഉപശാലയും അഗ്നിക്ക് സമര്‍പ്പിച്ചു.
കാശിയില്‍നിന്നും വന്ന ഡോ. ത്രിപാഠി, തിവാരി, ശ്രീപാണ്ഡെ, മൈസൂരില്‍ നിന്നുള്ള കിരണ്തേജ, കൃഷ്ണതേജ, ഋതേഷ് കുല്‍ക്കര്‍ണ്ണി എന്നീ അഥര്‍വ്വവേദ ആചാര്യന്മാരും, സാമയജുര് ഋക് വേദികളുമാണ് അഞ്ചുദിവസം നീണ്ടുനിന്ന യജ്ഞത്തിന് നേതൃത്വം നല്‍കിയത്. രാവിലെ കൂത്തമ്പലത്തിലെ സെമിനാര്‍ ഹാളില്‍ നടന്ന ദേശീയ സെമിനാറില്‍ അഥര്‍വ്വവേദം മുതല്‍ ആയുര്‍വേദം വരെ എന്ന വിഷയത്തില്‍ ഡോ. ശ്രീകാന്ത് ബഹുല്ക്കര് സെമിനാര്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: