കൊച്ചി: നൂറുകണക്കിന് ആരോപണങ്ങള്‍ നേരിട്ട കെ.ടി ജലീലിനെ സംരക്ഷിച്ചുപോന്ന സിപിഎമ്മിനും മുഖ്യ മന്ത്രി പിണറായി വിജയനും ഏറ്റ കനത്ത പ്രഹരമാണ് ഇന്നലത്തെ ഹൈക്കോടതി വിധി. ബന്ധുനിയമനം, മാര്‍ക്ക് ദാനം, ഭൂമി വിവാദം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുളള ബന്ധം, യുഎഇ കോണ്‍സുലേറ്റില്‍ നിന്നും പാഴ്സല്‍ കൊണ്ടുപോകല്‍ തുടങ്ങി ഏറെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഓരോ തവണയും ജലീലില്‍ നേരിട്ടുകൊണ്ടിരുന്നത്.എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കിട്ടാത്ത് പിന്തുണയാണ് സിമിയിലൂടെ ലീഗ് വഴി സിപിഎമ്മിലെത്തിയ കെ.ടി ജലീലിന് പാര്‍ട്ടിയില്‍ ലഭിച്ചത്.
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രിയെ നീക്കം ചെയ്യണമെന്നുമുളള ലോകായുക്ത ഉത്തരവ് വന്നപ്പോഴും ജലീലിനെ സംരക്ഷിക്കാനാണ് സിപിഎമ്മും പിണറായും ശ്രമിച്ചത്. കേസ് പരിഗണിക്കുമ്പോള്‍ ഇദ്ദേഹം ഇപ്പോഴും മന്ത്രിയായി തുടരുകയാണോയെന്ന് ഹൈക്കോടതി വാക്കാല്‍ ആരാഞ്ഞപ്പോള്‍ പാര്‍ട്ടിക്ക് അപകടം മണത്തു.
മുതിര്‍ന്ന നേതാവ് ഇ.പി ജയരാജന് നല്‍കാത്ത പിന്തുണ ജലീലിന് നല്‍കിയതിനെതിരെ പാര്‍ട്ടിയില്‍ ആരോപണം ഉയര്‍ന്നപ്പോഴാണ് കാവല്‍ എന്നോണം തുടരുന്ന മന്ത്രിസഭയില്‍ നിന്ന് ജലീലിന് രാജിവയ്ക്കാനുളള സാഹചര്യം ഉണ്ടായത്. ബന്ധുനിയമന വിവാദം ഉയര്‍ന്ന ഘട്ടത്തിലെല്ലാം മുഖ്യമന്ത്രിയും സിപിഎമ്മും ഒരുമിച്ച് നിന്ന് പ്രതിരോധം തീര്‍ത്ത ജലീലിന് ലോകായുക്ത വിധിയ്ക്ക് ശേഷവും അതേ പിന്തുണ തുടരുകയായായിരുന്നു.ലോകായുക്ത ഉത്തരവ് വന്നയുടനെ ആരും രാജിവെച്ച ചരിത്രമില്ലെന്ന് വാദമാണ് നിയമമന്ത്രി എ.കെ ബാലന് നിരത്തിയത്. ലോകായുക്ത വിധിവരുന്നതിന് മുമ്പ് തന്നെ മന്ത്രിമാര്‍ രാജിവെച്ച സംഭവങ്ങളുണ്ടെങ്കിലും അതെല്ലാം തള്ളി സാങ്കേതിക വാദങ്ങള്‍ നിരത്തിയാണ് മന്ത്രി ബാലന് ജലീലിന് പിന്തുണ നല്‍കിയത്. ബന്ധുനിയമന വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്ന് മന്ത്രി ഇ.പിജയരാജന് രാജിവച്ചത്. വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്കിയ ശേഷമാണ് ഇപിയ്ക്ക് തിരിച്ചെത്താനായത്. ജയരാജന് ഇല്ലാത്ത അകമഴിഞ്ഞ പിന്തുണ ജലീലിന് ലഭിച്ചത് രാഷ്ട്രീയകേരളം അത്ഭുതത്തോടെയാണ് വീക്ഷിച്ചത്.
പിണറായി സര്‍ക്കാരില്‍ ഒന്നിനു പിറകെ ഒന്നായി വിവാദങ്ങള്‍ നേരിട്ട മന്ത്രിയെന്ന നിലയില്‍ ജലീലിന്റെ രാഷ്ട്രീയഗ്രാഫ് കുത്തനെ ഇടിയുന്ന കാഴ്ച്ചയാണ് കഴിഞ്ഞ നാലരക്കൊല്ലമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മറ്റാരോപണങ്ങളില്‍ നിന്നെല്ലാം രാഷ്ട്രീയം പറഞ്ഞ് ഒഴിഞ്ഞുമാറിയ ജലീലിന് പക്ഷേ, സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങളില്‍ നിന്നും പതിവ് മാര്‍ഗത്തിലൂടെ ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല. സംസ്ഥാന ചരിത്രത്തില്‍ത്തന്നെ ആദ്യമായി കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്ന മന്ത്രിയെന്ന അപഖ്യാതി ജലീലിന് സ്വന്തം.
സ്വര്‍ണ, സ്വപ്ന ബന്ധങ്ങള്‍
തനിക്കെതിരേയുള്ള ആരോപണങ്ങളെല്ലാം വെറും രാഷ്ട്രീയ പ്രേരിതമാണെന്ന വാദമായിരുന്നു ജലീല്‍ ഉയര്‍ത്തിക്കൊണ്ടിരുന്നത്. എന്നാല്‍, ഇത്തവണ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെയാണ് ജലീലിനു പിന്നാലെ എത്തിയിരിക്കുന്നത്. ഇവിടെ രാഷ്ട്രീയം പറഞ്ഞ് പ്രതിരോധിക്കാന്‍ ജലീലിന് കഴിയുന്നില്ല. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷുമായും യുഎഇ കോണ്‍സുല്‍ ജനറലുമായും ജലീല്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നത് തെളിവുകള്‍ സഹിതം പു
റത്തു വന്ന കാര്യങ്ങളാണ്. ഈ ബന്ധത്തെ പെരുന്നാള്‍ കിറ്റും മതഗ്രന്ഥവുമായി ബന്ധപ്പെടുത്തിയായിരുന്നു ജലീല്‍ വ്യാഖ്യാനിച്ചത്. എന്നാല്‍ നയതന്ത്രബന്ധ ചട്ടങ്ങള്‍ക്കപ്പുറമുള്ള ഈ ബന്ധത്തില്‍ അന്വേഷണ ഏജന്‍സികള്‍ തുടക്കം മുതലേ സംശയം ഉയര്‍ത്തിയിരുന്നു. മതഗ്രന്ഥങ്ങള്‍ എന്ന വാദം വിശ്വസിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ഇതുവരെ തയ്യാറായിട്ടില്ല. ചോദ്യം ചെയ്യല്‍ ഇനിയുമുണ്ടാകുമെന്ന സൂചനയും അന്വേഷണ ഏജന്‍സി നല്‍കിയിട്ടുണ്ട്.
മാര്‍ക്ക് ദാനം മുതല്‍ ബന്ധു നിയമനം വരെ
പി.കെ കുഞ്ഞാലിക്കുട്ടിയെ വീഴ്ത്തിയായിരുന്നു ജലീലിന്റെ ജൈത്രയാത്ര. ആ ഒരൊറ്റ വിജയം കൊണ്ട് തന്റെ പില്ക്കാല ചരിത്രങ്ങളെല്ലാം അദ്ദേഹത്തിന് മറയ്ക്കാന്‍ കഴിഞ്ഞു. പിണറായി സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകളില്‍ ഒന്നായ തദ്ദേശസ്വയംഭരണ വകുപ്പിന്റെ മന്ത്രി കൂടിയായതോടെ എതിരാളികള്‍ക്കു മുന്നില്‍ കൂടുതല്‍ ശക്തനായി. ഒപ്പം സിപിഎമ്മിന്റെയും പ്രത്യേകിച്ച് പി
ണറായി വിജയന്റെയും പിന്തുണയും സംരക്ഷണവുംകൂടി സ്വന്തമാക്കി തന്റെ കരുത്ത് കൂട്ടി.എന്നാല്‍, മന്ത്രിയായശേഷമുള്ള ജലീലിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങള്‍. തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രകടനങ്ങള്‍ മോശമാണെന്ന വിമര്‍ശനം ഇടതുമുന്നണിയില്‍ നിന്നും ശക്തമായി ഉയര്‍ന്നിട്ടും ജലീലിനെ ഒഴിവാക്കാന്‍ പിണറായി വിജയന് തയ്യാറായില്ല. സമ്മര്‍ദ്ദം കൂടിയതോടെ ബന്ധുനിയമന വിവാദത്തില്‍ പുറത്തുപോ
യ ശേഷം ഇ.പി ജയരാജന് തിരികെ എത്തിയപ്പോള്‍ ജലീല്‍ നിന്നും തദ്ദേശസ്വയംഭരണ വകുപ്പെടുത്ത് എ.സി മൊയ്തീന് നല്കി, പകരം ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും വഖഫിന്റെയും ചുമതല ജലീലിനെ ഏല്‍പ്പിച്ച് അദ്ദേഹത്തെ മന്ത്രിയായി നിലനിര്‍ത്തുകയായിരുന്നു പിണറായി. എന്നാല്‍, പുതിയ വകുപ്പിന്റെ ചുമതലയേറ്റതിനു പിന്നാലെയായിരുന്നു സര്‍ക്കാരിന് യഥാര്‍ത്ഥ തലവേദനയായി ജലീല്‍ മാറിയത്. സാങ്കേതിക സര്‍വകലാശലയില്‍ ചട്ടവിരുദ്ധമായി അദാലത്തില്‍ പങ്കെടുത്തതും, അനര്‍ഹമായി മാര്‍ക്ക് ദാനം നടത്തിയതുമൊക്കെ പ്രതിപക്ഷം സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റുകയായിരുന്നു. പരീക്ഷാഫലം വന്നശേഷം വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് കൂട്ടി നല്കിയ നടപടിയില്‍ ദിവസങ്ങളോളം നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തി. എന്നാല്‍, സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ജലീലിനെ സംരക്ഷിച്ചതോടെ ആ വിവാദത്തില്‍ നിന്നും ജലീല്‍ രക്ഷപ്പെട്ടു.
ഇതിനു പിന്നാലെയാണ് തിരൂര്‍ മലയാളം സര്‍വകലാശാല ഭൂമി വിവാദത്തിലും ജലീല്‍ പെടുന്നത്. അന്നും ജലീലിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടായിരുന്നു. ഭൂമി വിവാദവും മാര്‍ക്ക് ദാന വിവാദവും പോലെ ജലീലിലൂടെ പിണറായി സര്‍ക്കാരിന് തലവേദനയുണ്ടാക്കിയ മറ്റൊരു വിവാദമായിരുന്നു ബന്ധു നിയമനം. ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് ജനറല്‍ മാനേജറായി തന്റെ ബന്ധുവിനെ നിയമിച്ചതിലൂടെയാണ് ജലീല്‍ വീണ്ടും വാര്‍ത്തയായത്. അന്നും ജലീലിനെ കൈവിടാന്‍ പിണറായി തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: