നെടുങ്കണ്ടം: ചരിത്ര പ്രാധാന്യമുള്ള വീരക്കല്ല് ഉടുമ്പുഞ്ചോലയ്ക്ക് സമീപം ചതുരംഗപ്പാറയില്‍ നിന്ന് കണ്ടെത്തി. വിജയഭേരി മുഴക്കി നില്ക്കുന്ന ആനയുടെ മുകളില്‍ ആഭരണങ്ങളണിഞ്ഞ് വില്ലും ആയുധങ്ങളുമായാണ് വീരകഥാപാത്രം ഇരിക്കുന്നത്.
ഒരടിയോളം ഉയരമുള്ള കല്ലിലാണ് ഈ അപൂര്‍വ നിര്‍മ്മിതി. ചതുരംഗപ്പാറയില്‍ കേരള-തമിഴ്നാടിന്റെ അതിര്‍ത്തി മലയുടെ കിഴക്കേ അറ്റത്തുള്ള ഒരു ആല്മരത്തിന് ചുവട്ടിലാണ് 15-ാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഈ ശില്പ്പചാതുരി അധികമാരും ശ്രദ്ധിക്കാതെ ഇരിക്കുന്നത്. വീരാരാധനയുടെ ഭാഗമായി സംഘകാലഘട്ടം മുതലുള്ള വീരകഥാപാത്രങ്ങള്‍ ദക്ഷിണേന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് ആനയുടെ മുകളിലിരിക്കുന്ന രീതിയിലുള്ള ഒരു വീരകഥാപാത്രത്തെ ലഭിക്കുന്നത് ഇത് ആദ്യമായാണ്. കേരളത്തില്‍ നിന്ന് മധുരയിലേക്കുള്ള പ്രാചീന സഞ്ചാര പാതയില്‍ ചതുരംഗപ്പാറ ഭൂമിശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ടതാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കമുള പുരാതനമായ വാണിജ്യ പാത കൂടിയാണിത്.
പോരാട്ടത്തില്‍ വീരമരണം പ്രാപിക്കുന്ന വീരന്മാരുടെ സ്മരണയ്ക്കായി നാട്ടുന്ന കല്ലുകളാണ് വീരക്കല്ലുകള്‍. ഇത്തരം കല്ലുകള്‍ ആരാധന വസ്തുക്കളായി തീരാറുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഇടുക്കിയുടെ മലമടക്കുകളില്‍ ജനവാസം ഉണ്ടായിരുന്നതിന് ഇത് ഒരു തെളിവാണെന്നും വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും നെടുങ്കണ്ടം പുരാവസ്തു ചരിത്ര സമിതിയംഗവും ചരിത്ര ഗവേഷകനുമായ ഡോ.രാജീവ് പുലിയൂര് പറഞ്ഞു. വരും ദിവസങ്ങളില്‍ സമീപ മേഖലകളില്‍ കൂടുതല്‍ ഗവേഷണം നടത്താനാണ് സമിതിയുടെ തീരുമാനം.
വീരക്കല്ലിന്റെ പ്രത്യേകതകള്‍
- ഉയരം ഒരടി
- വിജയഭേരി മുഴക്കി നില്ക്കുന്ന ആനയുടെ മുകളില്‍ ഇരിക്കുന്ന വിധത്തില്‍ ആഭരണങ്ങള്‍ അണിഞ്ഞ വീരകഥാപാത്രം
- കൈയില്‍ വില്ലും ആയുധങ്ങളും
- സമീപത്തായി മറ്റൊരു ആള്‍രൂപവും മൃഗരൂപവും (അവ്യക്തം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: