കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരന് ചോദിച്ചത് സംസ്ഥാന പോലീസ് മേധാവിയോടാണ്. നടപടി എടുക്കേണ്ടത് ലോക്നാഥ് ബെഹ്റയുടെ പോലീസാണ്. വിഷയം കൊവിഡ് പ്രോട്ടോകോള്‍ ലംഘനമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച, കൊവിഡ് പ്രോട്ടോകോള്‍ ആരു ലംഘിച്ചാലും നടപടി വേണം.
ലംഘിച്ചുവെന്ന് ആരോപിക്കപ്പെട്ടയാള്‍ തെളിയിക്കണം ലംഘിച്ചിട്ടില്ലെന്ന്. വിശദീകരിക്കുകയെങ്കിലും വേണം. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പ്രോട്ടോകോള്‍ ലംഘിച്ചുവെന്നാണ് ആരോപണം. അത് ശരിയല്ലെങ്കില്‍ പറയേണ്ടത് മുഖ്യമന്ത്രിയാണ്. പകരം മന്ത്രിസഭയിലും പാര്‍ട്ടിഗ്രൂപ്പിലും ‘ശിങ്കിടി’ പാടുന്ന മന്ത്രി എ.കെ. ബാലനല്ല. താല്കാലിക സെക്രട്ടറിയായി നിയോഗിക്കപ്പെട്ട നന്ദി ‘നാവാട്ടി’ പ്രകടിപ്പിക്കുന്ന എ. വിജയരാഘവനുമല്ല. വാര്‍ത്താസമ്മേളനങ്ങളും സാമൂഹമാധ്യമ പ്രചാരണങ്ങളും ജീവിതചര്യയാക്കിയ പിണറായി വിജയന് എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? പിണറായി മിണ്ടുന്നില്ല, മിണ്ടുന്ന പിണിയാളുകളാകട്ടെ ദിവസവും കൂടുതല്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു.
ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചില്ലേ, മുഖ്യമന്ത്രിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത് പ്രോട്ടോകോള്‍ ലംഘിച്ചല്ല എന്ന് വിശദീകരിച്ചില്ലേ, എന്ന് ചോദിക്കാം. ആശുപത്രി അധികൃതരും നഴ്സുമാരും ജില്ലാ മെഡിക്കല്‍ ഓഫീസറും പിണറായിയെ കുറ്റവിമുക്തനാക്കിയില്ലേ, എന്ന് ചോദിക്കാം. പക്ഷേ, മന്ത്രി വി. മുരളീധരന് ഉയര്‍ത്തിയ ചോദ്യങ്ങള്‍ ആശുപത്രി ഡിസ്ചാര്‍ജ് കാര്യത്തില്‍ മാത്രമല്ല. അരഡസനിലേറെ കാര്യങ്ങളില്‍ പ്രോട്ടോകോള്‍ മുഖ്യമന്ത്രി ലംഘിച്ചതായി വിശദീകരിച്ചിട്ടുണ്ട്.
അതുകൊണ്ടാണ്, ആവര്‍ത്തിച്ച് കുറ്റം അറിഞ്ഞുകൊണ്ട് ചെയ്യുന്ന ‘വികൃതി’ക്കാരന് എന്ന അര്‍ഥത്തില്‍ പിണറായിയെ ‘കൊവിഡിയറ്റ്’ എന്ന് കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്. പക്ഷേ, ‘ഇഡിയറ്റ്’ എന്നാല്‍ മുഖ്യമന്ത്രി ചിലരെ വിശേഷിപ്പിച്ച ‘പരനാറി’ പോലെ എന്തോ അമാന്യമായ പ്രയോഗമാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. അതിനാലാണ് കേന്ദ്രമന്ത്രിക്കെതിരെ ക്ഷോഭിച്ച് നടത്തുന്ന കുപ്രചാരണം.
അപ്പോഴും, എന്തുകൊണ്ട് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല എന്നത് മുഖ്യ വിഷയമാണ്. പകരം വാദിക്കുന്ന പാറവക്കീലന്മാര് നിരത്തുന്നത് അബദ്ധങ്ങളാണുതാനും. സ്വര്‍ണക്കടത്ത് വിഷയമാണ് ഒരുവാദം. സ്വര്‍ണക്കടത്തില്‍ ഔദ്യോഗിക നയതന്ത്രചാനല്‍ വഴിയല്ല ഇടപാട് നടന്നത്, അങ്ങനെ തെറ്റിദ്ധരിപ്പിച്ചാണെന്നാണ് മന്ത്രി വിശദീകരിച്ചത്. അതാണ് അന്വേഷണ ഏജന്‍സികളും കോടതികളും വിശദീകരിക്കുന്നത്. മറിച്ച് പറയുന്നത് സിപിഎം നേതാക്കളും അണികളും മാത്രമാണ്. സിപിഎം സെക്രട്ടറി ഈ വിഷയം പറയുമ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ പിണറായിക്ക് ഉത്തരം മുട്ടുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ച ആറ് ചോദ്യങ്ങള്‍ക്ക് ഇതുവരെ പിണറായി മറുപടി പറഞ്ഞിട്ടില്ല.
വി. മുരളീധരന് ‘അപഥ സഞ്ചാരം’ നടത്തിയെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയും പിണറായിക്ക് പ്രഹരമായി. വിദേശയാത്രയില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടിയ വിഷയത്തില്‍, കേന്ദ്രമന്ത്രി യുക്തമായ വിശദീകരണം നല്‍കിയതാണ്. പക്ഷേ, മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച ഒരു വിശദീകരണവും പിണറായി ഇതുവരെ നല്‍കിയിട്ടില്ല. ഭാര്യ കമലയുടെ സഹായിയായി, സ്വപ്നയെ വിദേശയാത്രയില്‍ എം. ശിവശങ്കരന് ഉള്‍പ്പെടുത്തിയതും പിണറായിയുടെ ശിപാര്‍ശയിലായിരുന്നു. ‘അപഥ സഞ്ചാര’മെന്ന പ്രയോഗവും കൊള്ളുന്നത് മുഖ്യമന്ത്രിയിലാണ്.
കേന്ദ്രമന്ത്രിയെന്ന നിലയില്‍ മുരളീധരന് കേരളത്തിനെന്തു ചെയ്തുവെന്ന ചോദ്യം ഭരണഘടനാ പരിജ്ഞാനം പോലുമില്ലാത്ത നേതാക്കളുടെ ജല്‍പ്പനമെന്ന വിമര്‍ശനവും പിണറായി സര്ക്കാരിനാകെത്തന്നെ പ്രഹരമാകുന്നു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് രാജ്യത്തിനായി പ്രവര്‍ത്തിക്കുമെന്നും അതില്‍ വ്യക്തിതാല്പര്യമോ പ്രാദേശിക താല്പര്യമോ കണക്കിലെടുക്കില്ലെന്നുമാണ്. പ്രതിജ്ഞയെടുത്ത്, സംസ്ഥാന മുഖ്യമന്തിയായിരിക്കെ, പിണറായി, ‘ചിറ്റപ്പന്മന്ത്രി’മാരെ സംരക്ഷിക്കുകയും പാര്‍ട്ടിക്കാര്‍ക്കും നേതാക്കള്‍ക്കും വഴിവിട്ട് സഹായം ചെയ്യുകയും ചെയ്തുവെന്ന ആക്ഷേപങ്ങള്‍ ഓര്‍മിപ്പിക്കുന്നതാണ് ആ വിമര്‍ശനം. പുറത്താക്കപ്പെട്ട മന്ത്രി കെ.ടി. ജലീലിനൊപ്പം ബന്ധുനിയമന കേസില്‍ കൂട്ടുപ്രതിയായ പിണറായി വിജയന്റെ സത്യപ്രതിജ്ഞാ ലംഘനക്കുറ്റം ചര്‍ച്ചയാക്കാനേ വി. മുരളീധരനെക്കുറിച്ചുള്ള വിമര്‍ശനം വഴിതെളിച്ചുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: