പാലക്കാട്: ജില്ലയില്‍ കോവിഡ് വ്യാപനം തടയാന്‍ ജില്ലഭരണകൂടവും ആരോഗ്യവകുപ്പും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി പൊതു പരിപാടികളും കല്യാണ ചടങ്ങുകളും നടത്തുന്നവര്‍ ബന്ധപ്പെട്ട പഞ്ചായത്തിലും പോലീസ് സ്റ്റേഷനുകളിലും വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു. ഇവ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നിരീക്ഷിക്കുകയും ചെയ്യും.
പുറത്തു നടക്കുന്ന പൊതു പരിപാടികളിലും കല്യാണ ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം 200 ഉം അകത്തു നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 100 ഉം ആയി പരിമിതപ്പെടുത്തി. 60 വയസിനു മുകളിലും 10 വയസിന് താഴെയുള്ള കുട്ടികളും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. കൊവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വമേധയാ പരിശോധന നടത്തണം. ഇലക്ഷന് പ്രചരണം, ഉത്സവം എന്നിവയില്‍ പങ്കെടുത്തവരില്‍ കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലോ കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലോ സ്വമേധയ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ഡിഎംഒ കെ. പി റീത്ത അറിയിച്ചു.
വ്യാപാരസ്ഥാപനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുകയും നിരീക്ഷിക്കുകയും വേണം.സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണം, ഏവരും മാസ്ക് ധരിച്ചിരിക്കണം, ശാരീരിക അകലം ഉറപ്പാക്കണം, ‘ബ്രേക്ക് ദ ചെയിന്‍’ ബോര്‍ഡ് സ്ഥാപിക്കണം, സോഷ്യല്‍ ഡിസ്റ്റന്‍സ് ചിഹ്നം പതിപ്പിച്ചിരിക്കണം, ബില്ലിംഗ് സെക്ഷനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഉള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് മാനേജരെ നിയമിക്കണം, പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും 60 വയസ്സിന് മുകളിലുള്ളവരും വ്യാപാരസ്ഥാപനങ്ങളില്‍ പോകുന്നത് പരമാവധി ഒഴിവാക്കണം.
കൊവിഡ് വ്യാപനം രൂക്ഷമാവുകയാണെങ്കില്‍ ജില്ലയില്‍ 144 പ്രഖ്യാപിക്കേണ്ട അവസ്ഥയുണ്ടാകുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: