പാലക്കാട്: നൂറുമേനി വിളവ് പ്രതീക്ഷിച്ച് വിഷുദിനത്തില്‍ ഭൂമിപൂജ നടത്തി കര്‍ഷകര്‍. വിഷുച്ചാലിട്ടുകൊണ്ടാണ് നെല്‍കര്‍ഷകര്‍ പുതുവര്‍ഷത്തില്‍ കര്‍ഷകര്‍ ഒന്നാം വിള നെല്‍കൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. വേനല്‍ മഴ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും വിഷുവിന് മുമ്പും പിന്പുമായി ലഭിച്ചതോടെ കര്‍ഷകര്‍ തികഞ്ഞ ആഹ്ലാദത്തിലാണ്.
കര്‍ഷകനും തൊഴിലാളികളും ഒത്തുചേര്‍ന്ന് നടത്തുന്ന കൃഷി ആചാരമാണ് ചാലിടല് ചടങ്ങ്. പാലക്കാട്ടെ കര്‍ഷകര്‍ ഇന്നും ഈ ആചാരം തുടരുന്നു. ഇതുവരെ ലഭിച്ച വിളവിന് നന്ദി പറഞ്ഞും ഇനിയുള്ള കൃഷി യാതൊരു തടസവും കൂടാതെ നൂറുമേനി ലഭിക്കണമെന്നും പ്രാര്‍ത്ഥിച്ചാണ് ചാലിടല് ചടങ്ങ് നടത്തുന്നത്.
വിഷുദിവസമോ തൊട്ടടുത്ത ദിവസമോ ആണ് വയലില്‍ ചാലിട്ട് വിത്ത് വിതയ്ക്കാറുള്ളത്. വയലുകളില്‍നിന്ന് കാളപൂട്ട് മാറിയതോടെ ചാലിടുന്ന ചടങ്ങും വയലുകളില്‍നിന്ന് മിക്കവാറും അപ്രത്യക്ഷമായി. എങ്കിലും പഴയ കര്‍ഷകരില്‍ ചിലര്‍ ചിട്ടയും ആചാരവും പഴമയും തെറ്റിക്കാതെ ഇന്നും ചാലിടല് ചടങ്ങ് തുടരുന്നു.
കാഞ്ഞിരത്തിന്റെ ഇലകൊണ്ട് കുമ്പിളുണ്ടാക്കി അതില്‍ വിത്ത് നിറച്ച് പുതിയ വട്ടിയിലേക്ക് ഇടും. പിന്നീട് വിത്തും ആയുധങ്ങളുമായി കര്‍ഷകരും തൊഴിലാളികളും പാടത്തേക്ക് വരും. ഇതാണ് കൃഷി പുറപ്പാട്. പാടത്തിന്റെ വലത്തേ മൂലയിലാണ് ചാലിടല് ചടങ്ങ്. കൈക്കോട്ട്കൊണ്ട് മണ്ണിളക്കി നിലവിളക്ക്കൊളുത്തി, നെല്ലും, നാഴിയും, അരിയും വച്ച് ഭൂമി പൂജ നടത്തും. പിന്നീട് കുമ്പിളുകളില്‍ നിറച്ചിരിക്കുന്ന വിത്തുകള്‍ വിതറുന്നു. ഇതോടെയാണ് കാര്‍ഷികവൃത്തിക്ക് ആരംഭം കുറിക്കുന്നത്. ട്രാക്ടര്‍ ഉപയോഗിച്ച് പാടം ഉഴുതുമറിക്കും. ചിലര്‍ പടക്കവും പൊട്ടിക്കും.
മുന്‍ കാലങ്ങളില്‍ വിത്തിടാനുള്ള മുഹൂര്‍ത്തം കുറിച്ച് ഓല കൊണ്ടുവന്നിരുന്നത് ദേശത്തെ പണിക്കരായിരുന്നു. ചാലിട്ട് വിത്തിട്ടെങ്കിലും തുടര്‍ന്ന് പെയ്യുന്ന മഴയും ഒന്നാംവിള്ക്കുള്ള വിത്ത് ഇനിയുമെത്താത്തതും കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: