കാലം എത്ര മാറിയാലും ചില സങ്കല്പങ്ങള് മങ്ങലേല്ക്കാതെ മനസ്സുകളില്‍ നിറഞ്ഞുനില്ക്കും. അതിലൊന്നാണ് മലയാളിക്ക് വിഷു. ഓണം സമൃദ്ധിയുടെ ആഘോഷമാകുമ്പോള്‍ വിഷു പ്രകൃതിയുടേതാണ്. കണിക്കൊന്നകള്‍ മഞ്ജുപീതാംബരമുടുപ്പിച്ച പ്രകൃതി ഒരു വിഷുദിനം കൂടി നമുക്ക് സമ്മാനിച്ചിരിക്കുന്നു. സ്വര്‍ണനിറമുള്ള വെള്ളരിയും വിളഞ്ഞ നെല്ലും നാളികേരവും കദളിപ്പഴവുമൊക്കെയായി പ്രകൃതി സ്വയം കണിയൊരുക്കുന്നു. കൃഷ്ണവിഗ്രഹത്തെ സാക്ഷിനിര്‍ത്തി നിലവിളക്ക് തെളിച്ച് ഓട്ടുരുളിയില്‍ ഉണക്കലരിയും മാമ്പഴവും കോടിമുണ്ടും ആറന്മുളകണ്ണാടിയും മറ്റും കൊണ്ട് ഓരോ വീട്ടകങ്ങളിലും കണിയൊരുക്കി ദര്‍ശനപുണ്യം നേടുന്നു. വാത്സല്യം വിഷുക്കൈനീട്ടമായി ബാല്യങ്ങളെ സന്തോഷിപ്പിക്കുന്നു. ഒരുവേള പറന്നകന്നുപോയ വിഷുപ്പക്ഷി, വിത്തും കൈക്കോട്ടും പാട്ടുപാടി തിരിച്ചെത്തുകയാണ്. മഹാകവി പാടിയതുപോലെ ഗ്രാമത്തിന്റെ വിശുദ്ധിയും മണവും മമതയുമൊക്കെ മെല്ലെയാണെങ്കിലും മനസ്സുകളില്‍ കുടിയേറുന്നുണ്ട്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമൊക്കെ ഈ കൊറോണക്കാലത്തും കുട്ടികള്‍ വിഷുദിനം ആേഘാഷിക്കുകയാണ്.
പ്രകൃതിയും ഭൂമിയും അഭേദ്യമാണ്. ഭൂപ്രകൃതി എന്നാണല്ലോ പറയാറുള്ളത്. അനന്തമജ്ഞാതമവര്‍ണനീയമായ പ്രകൃതിയുടെ അതിരുകള്‍ നിര്‍ണയിക്കാന്‍ നമുക്ക് കഴിയില്ലെങ്കിലും ജീവന്റെ ഉല്‍പ്പത്തി സംഭവിക്കുകയും, മണല്‍ത്തരി മുതല്‍ മനുഷ്യന് വരെയുള്ള സചേതനാചേതന വസ്തുക്കള്‍ ആവിര്‍ഭവിക്കുകയും ചെയ്ത ഭൂമി നമുക്ക് പ്രിയപ്പെട്ടതാണ്. ഭൂമിയെ ആശ്രയിച്ചു മാത്രമേ മനുഷ്യര്‍ക്ക് ജീവിക്കാനാവുകയുള്ളൂ. എന്നാല്‍ മനുഷ്യന്റെ അഭാവത്തില്‍ ഭൂമിക്ക് ഒന്നും സംഭവിക്കുന്നില്ല എന്നോര്‍ക്കുക. ജീവരാശികള്‍ക്ക് ഭൂമിയുമായുള്ള ബന്ധത്തെക്കുറിച്ച് പൗരാണിക ഭാരതീയര്‍ക്കുണ്ടായിരുന്ന അറിവും വിവേകവും ഭൂമുഖത്തെ മറ്റ് ജനതകള്‍ക്ക് ഇല്ലായിരുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ ഭൂമിയെ അമ്മയായും ദേവതയായുമൊക്കെ കണ്ടിരുന്ന പാരമ്പര്യമാണ് ഭാരതീയരുടേത്. ഇന്ന് മാനവരാശിക്കു മുഴുവന്‍ ഈ തിരിച്ചറിവുണ്ട്. മാതാഭൂമി പുത്രോഹം പൃഥിവ്യാം എന്ന അഥര്‍വവേദ മന്ത്രമാണ് ബ്രസീലിലെ റിയോഡി ജനീറോയില്‍ ചേര്‍ന്ന ഭൗമ ഉച്ചകോടി ആപ്തവാക്യമായി സ്വീകരിച്ചത്. ഭൂമിയെ മാതാവായി കാണുന്ന സങ്കല്പ്പത്തിനു മാത്രമേ ആസന്നമരണത്തില്നിന്ന് അതിനെ രക്ഷിക്കാനാകൂ. വിഭവങ്ങളെ ആര്‍ത്തിപിടിച്ച് ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ച് ഭൂമിയെ സംരക്ഷിച്ചുകൊണ്ടല്ലാതെ മനുഷ്യരാശിക്ക് അതിജീവിക്കാനാവില്ല.
ഭൂമിയോടുള്ള ഭാരതീയരുടെ ആദരവ് കേവലമായ സങ്കല്പങ്ങളില് ഒതുങ്ങിനില്ക്കുന്നതായിരുന്നില്ല. നിത്യജീവിതത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മാനുഷ്ഠാനങ്ങളും പ്രായോഗിക പദ്ധതികളുമായിരുന്നു. രാവിലെ ഉറക്കമുണര്‍ന്ന് കാല് നിലത്ത് സ്പര്‍ശിക്കുന്നതിനു മുന്‍പേ ക്ഷമിക്കുക എന്ന പ്രാര്‍ത്ഥനയോടെ ഭൂമിയെ തൊട്ടു വന്ദിക്കുന്നതും, മരത്തിന്റെ അനുവാദം ചോദിച്ചുകൊണ്ടുമാത്രം അത് മുറിക്കുന്നതും, നദീപൂജകളുമെല്ലാം ഇതില്‍പ്പെടുന്നു. പ്രകൃതിയെ ചൂഷണം ചെയ്യുന്ന പാശ്ചാത്യ സംസ്കാരത്തിന് ഭൂമാതാവിനോട് ഇങ്ങനെയൊരു സമീപനം അന്യമായിരുന്നു. ഇതിന്റെ അനന്തരഫലമായാണ് പ്രാണവായുവും ജീവജലവുമൊക്കെ മലിനമായത്. ഇതിനൊരു മാറ്റം കുറിക്കേണ്ടത് ഭാരതത്തിന്റെ മണ്ണില്‍നിന്നുതന്നെയാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍നിന്ന് പ്രേരണയുള്‍ക്കൊണ്ട വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വര്‍ഷപ്രതിപദ ദിനത്തില്‍ തുടക്കംകുറിച്ചിരിക്കുന്ന ഭൂമിപോഷണ യജ്ഞം ഭൂമിയുടെ സംരക്ഷണവും പരിപോഷണവുമാണ് ലക്ഷ്യംവയ്ക്കുന്നത്. ആഗസ്തിലെ ഗുരുപൂജാ ദിനത്തില്‍ പര്യവസാനിക്കുന്ന ഈ മഹായജ്ഞം ദേശീയതലത്തില്‍ വലിയ ബോധവല്‍ക്കരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും സാധ്യമാക്കും. മണ്ണിന്റെ ഗുണമേന്മ ഉറപ്പുവരുത്തിയും, പരമ്പരാഗത ജൈവകൃഷിയുടെ മഹത്വം ഉള്‍ക്കൊണ്ടും ഹരിതാഭമായ ഒരു ലോകക്രമം പടുത്തുയര്‍ത്തുന്നതിന്റെ പുതിയ തുടക്കമായി ഈ യജ്ഞത്തെ നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ടു നയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: