മതികേടുള്ളവര്‍ സുതരെന്നാകിലും
മതിമാന്മാരായവര്‍ കളകെന്നേ വരൂ
അറിവില്ലാതൊരു മകനെ ലാളിച്ചി
ട്ടറിവുള്ളോരു നീ കരകെന്നേ വരൂ
ദുര്യോധനന് യുദ്ധത്തില്‍ മരിച്ചു എന്നു കേട്ട ധൃതരാഷ്ട്രര്‍ ദുഃഖം കൊണ്ട് വന്മരം വീഴുന്നതു പോലെ ബോധം കെട്ടു ഭൂമിയില്‍ പതിച്ചു. ചിലര്‍ മുഖത്തു വെള്ളം തളിച്ചു. ബോധം തെളിഞ്ഞപ്പോള്‍ പലരും ധൃതരാഷ്ട്രരെ സാന്ത്വനിപ്പിച്ചു.
തുടര്‍ന്ന് വിദുരരോട് ധൃതരാഷ്ട്രര്‍ പറഞ്ഞു; മക്കളുടെ മരണവും കണ്ട് ഞാന്‍ ജീവിച്ചിരിക്കുന്നത് വിധിവിഹിതമാണ്. ഭാഗ്യഹീനനാണു ഞാന്‍. ഇതില്‍ കൂടുതല്‍ ഇനി എന്തു വരാനാണ്?
അപ്പോള്‍ സൂതന്‍ ഉപദേശിച്ചു; മകന് ബുദ്ധികെട്ടവനാണെങ്കില്‍ ബുദ്ധിമാനായവന് അവനെ ഉപദേശിക്കുകയാണ് വേണ്ടത്. നിങ്ങള്‍ മകനെ അമിതമായി ലാളിച്ചുവളര്‍ത്തി. വിദുരനും സനല്‍കുമാരനും വേദപ്പൊരുളായ കൃഷ്ണനും കൂടാതെ ഞാനും അങ്ങയെ ഉപദേശിച്ചു. വിജ്ഞന്മാരായ മറ്റു പലരും ഉപദേശിച്ചു. എന്നാല്‍ ആരു പറഞ്ഞതും അങ്ങു സ്വീകരിച്ചില്ല.
സൂചികുത്തിയാല്‍ കിട്ടുന്നിടത്തോളം മണ്ണു പോലും ഞാന്‍ പാണ്ഡവര്‍ക്കു കൊടുക്കില്ല എന്നാണല്ലോ ദുര്യോധനന് ശഠിച്ചത്. പുത്രവാത്സല്യം മൂലം മകന്റെ ശാഠ്യത്തിനും പിതാവ് കൂട്ടു നിന്നു. മകന് നന്നായി വരാന്‍ സാമദാനഭേദദണ്ഡങ്ങളാകുന്ന ചതുരുപായങ്ങള്‍ സ്വീകരിക്കാം. എന്നിട്ടും നന്നാകുന്നില്ലെങ്കില്‍ തള്ളിക്കളയുക തന്നെ വേണം. ചൊല്ലിക്കൊടു, നുള്ളിക്കൊടു, തല്ലിക്കൊടു, തള്ളിക്കള എന്നാണല്ലോ ചൊല്ല്.
മകനെ വഷളാക്കുന്നവനു മുറിവു വച്ചു കെട്ടേണ്ടി വരും. അവന്റെ ഓരോ നിലവിളിയും പിതാവിനെ വേദനിപ്പിക്കും. ശിക്ഷണം ലഭിക്കാത്ത പുത്രന് തന്നിഷ്ടക്കാരനാകും എന്നെല്ലാമുള്ള വേദവാക്യങ്ങള്‍ നാം ഓര്‍ക്കേണ്ടതുണ്ട്. ദോഷവാനായ പുത്രന് പിതാവിനെ നശിപ്പിക്കുന്നു എന്ന് മറ്റൊരു ചൊല്ല്. എന്നാല്‍ മാതാ പിതാക്കള്‍ മക്കള്‍ക്കു കൊടുക്കുന്ന അമിതമായ ശിക്ഷ ഗുണം ചെയ്യുകയുമില്ല. ചിലപ്പോള്‍ ദൂഷ്യം ചെയ്യുകയുമാകാം.
വിജയാശംസ നേടാനും അനുഗ്രഹം വാങ്ങാനും മാതാവായ ഗാന്ധാരിയുടെ സമീപം ദുര്യോധനന് എത്തി. അവര്‍ മകനെ ഉപദേശിച്ചു; ജ്ഞാനികളുടെ ഉപദേശങ്ങള്‍ അവഗണിച്ച് ഐശ്വര്യമദത്തില്‍ കാഴ്ച മങ്ങിയ നീ ദുഷ്ടാത്മാവാണ്. യഥാര്‍ഥ ഐശ്വര്യം അമ്മയും അച്ഛനും ജീവനുമാണ്. നിന്റെ ശക്തികൊണ്ട് നീ ശത്രുക്കള്‍ക്ക് പ്രീതിയും എനിക്ക് ദുഃഖവും വര്‍ധിപ്പിക്കുകയാണ്. ഭീമന്റെ അടികൊണ്ടു പുളയുമ്പോള്‍ നീ അച്ഛന്റെ ഉപദേശമോര്‍ക്കും. നീയെന്റെ വാക്കുകള്‍ കേള്‍ക്കുക. യുദ്ധം അരുത്.
പണ്ടൊരു മാതാവ് ചെറുപ്പക്കാരനായ മകന് മോഷ്ടിച്ചു കൊണ്ടു വരുന്നതെല്ലാം സ്വീകരിച്ചു വയ്ക്കുമായിരുന്നു. കുറേ നാള് കഴിഞ്ഞപ്പോള്‍ അവനെ മോഷണക്കുറ്റത്തിന് പോലീസ് പിടികൂടി. കോടതി ശിക്ഷ വിധിച്ചപ്പോള്‍ അവന് അമ്മയുടെ നേരേ തിരിഞ്ഞു.
നിങ്ങളാണ് എന്നെ കുറ്റവാളിയാക്കിയത്. മോഷണ വസ്തുക്കള്‍ കൊണ്ടു വരുമ്പോള്‍ നിങ്ങള്‍ എന്നെ എന്തുകൊണ്ട് വിലക്കിയില്ല? എന്നിട്ടിപ്പോള്‍ എന്തിനു കരയുന്നു?
വളര്‍ന്നു വലുതാക്കി വിട്ട മാതാപിതാക്കള്‍ പറയുന്നത് കേട്ട് അതിനെക്കുറിച്ച് ചിന്തിക്കാനും മക്കള്‍ ബാധ്യസ്ഥരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: