തിരുവനന്തപുരം : സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റേയും മന്ത്രി കെ.ടി.ജലീലിന്റേയും വിദേശയാത്രകളില്‍ ചില സംശയങ്ങളുണ്ടെന്ന് ദിവസങ്ങള്‍ക്കു മുന്‍പ് പോസ്റ്റിട്ടതിനു പിന്നാലെ സിപിഎം സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നാടുവിടാനൊരുങ്ങി പാര്‍ട്ടിയുടെ തന്നെ സൈബര്‍ മുഖം പ്രമോദ് മോഹന്‍ തകഴി. ‘ഷിബുലാല്‍ജി’ എന്ന ഫേക്ക് അക്കൗണ്ടിലൂടെ എതിരാളികളെ കളിയാക്കിവന്ന സൈബര്‍ പോരാളിക്കാണ് ഈ ദുരവസ്ഥ ! തൊഴിലെടുത്തു ജീവിക്കാന്‍ അനുവദിക്കില്ലെന്നും തുലച്ചു കളയുമെന്നുമാണ് സിപിഎം ഭീഷണി. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അച്ഛനെയും അമ്മയെയും നേരെ തെറി മുഴക്കുന്നുവെന്നും പ്രമോദ്. ജാതി അധിക്ഷേപവും വധഭീഷണിയുമുണ്ട്. തനിക്കൊപ്പം കുടുംബവും മാനസികമായി തകര്‍ന്നു പോയെന്നും പ്രമോദ്.
ദുബായില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി മേഖലയില്‍ ജോലി ചെയ്തിരുന്ന പ്രമോദ് നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സര്‍ക്കാസം വിഡിയോകള്‍ ചെയ്തു തുടങ്ങിയത്. തന്റെ വിഡിയോകള്‍ സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജില്‍ വരെ ഷെയര്‍ ചെയ്തിട്ടുണ്ടെന്ന് പ്രമോദ് പറയുന്നു.
സിപിഎം ആക്രമണം ഇനിയും തുടരുമെങ്കില്‍ നാടുപേക്ഷിച്ച് വീണ്ടും പ്രവാസിയാകേണ്ടിവരുമെന്നാണ് പ്രമോദിന്റെ നിലപാട്. നാട്ടില്‍ ചെറിയ ടൂറിസം സംരംഭവും പാര്‍ട്ടി പ്രവര്‍ത്തനവും നടത്തി കഴിയാമെന്ന പ്രതീക്ഷയിലാണ് ആറു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് പ്രമോദ് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നാട്ടിലെത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കളുമായി ചേര്‍ന്ന് ലീസിനെടുത്ത് നടത്തുന്ന ഹൗസ് ബോട്ടിലെയും റിസോര്‍ട്ടിലെയും ബുക്കിങ്ങെല്ലാം കാന്‍സലായി. ”ഇപ്പോള്‍ ‘അറബിക്കഥ’ എന്ന ചലച്ചിത്രത്തിലെ ശ്രീനിവാസന്റെ അവസ്ഥയാണ് തനിക്കെന്നും നാട്ടില്‍ നില്ക്കാന് സമ്മതിക്കില്ലെങ്കില്‍ തിരിച്ചുപോകേണ്ടി വരുമെന്നും പ്രമോദ് പറയുന്നു. അച്ഛനും അമ്മയും രണ്ടു ജാതിക്കാരായതു കൊണ്ടാണ് നിലപാടുകള്‍ മാറുന്നതെന്നു വരെ സൈബര്‍ സഖാക്കള്‍ കണ്ടെത്തി. ജാതി വിവരം നാട്ടിലെത്തന്നെ ചില സഖാക്കള്‍ കണ്ടെത്തി സൈബര്‍ ഇടങ്ങളിലേക്കു കൈമാറിയതാണെന്നാണ് പ്രമോദിന്റെ സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: