കൊല്ലം: അറുപത് ദിവസങ്ങള്‍ മുന്‍പാണ് റിഡ്ലി തള്ളയാമ പരവൂര്‍ പൊഴിക്കര തീരത്ത് മുട്ടകള്‍ ഇട്ട് മടങ്ങിയത്. സോഷ്യല്‍ ഫോറസ്റ്ററി വകുപ്പ് താല്‍ക്കാലിക വാച്ചറായി ചുമതലപ്പെടുത്തിയിരിക്കുന്ന മത്സ്യതൊഴിലാളിയായ അബ്ദുള്‍ സലാമാണ് തീരത്ത് മുട്ടകള്‍ കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്ലി ഇനത്തില്‍പ്പെട്ട കടലാമയുടെ മുട്ടകളാണ് പൊഴിക്കര കടല്‍ത്തീരത്ത് കഴിഞ്ഞദിവസം വിരിഞ്ഞത്. വന്യജീവികളെ നിരീക്ഷിക്കുന്ന സംഘടനയായ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി അംഗങ്ങളാണ് പക്ഷികള്‍, പാമ്പ്, തെരുവുനായ്ക്കള്‍ എന്നിവയില്‍ നിന്ന് മുട്ടകളുടെ സംരക്ഷണം ഏറ്റെടുത്തത്.
കടല്‍ഭിത്തി ഇല്ലാത്ത തീരപ്രദേശങ്ങളിലാണ് ഒലീവ് റിഡ്ലി ഇനത്തില്‍പ്പെട്ട കടലാമകള്‍ മുട്ടയിടുക. 45 മുതല്‍ 60 ദിവസം വരെയാണ് മുട്ടകള്‍ വിരിയാന്‍ എടുക്കുന്ന സമയം. 60 മുട്ടകള്‍ വീതം 5 കൂടുകളിലായി മുട്ട ഇട്ടിരുന്നെങ്കിലും ഇതില്‍ ഒരു കൂട്ടിലെ മുട്ടകള്‍ മാത്രമാണ് വിരിഞ്ഞത്. ഇന്ത്യയില്‍ ഒഡീഷയിലാണ് ഏറ്റവും കൂടുതല്‍ ഇത്തരം ആമകളെ കാണുന്നത്.
അബ്ദുള്‍ സലാമും നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി അംഗങ്ങളായ അന്‍സില്‍ ഷെരീഫ്, ഡോ. കലേഷ് സദാശിവന്, ജയകുമാര്‍, ഷാജി എന്നിവര്‍ ഉള്‍പ്പെടുന്ന പതിനഞ്ചംഗ സംഘമായിരുന്നു കാവല്ക്കാര്. ഇതിനു മുന്‍പും ഇത്തരം ആമകള്‍ ഇവിടെ മുട്ടയിട്ടിരുന്നതായി അബ്ദുള്‍ സലാം പറയുന്നു. കൊല്ലം സോഷ്യല്‍ ഫോറസ്ട്രി വകുപ്പിലെ കണ്‍സര്‍വേറ്റര്‍ സിദ്ദിഖ്, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ അനില്‍കുമാര്‍, റേഞ്ച് ഓഫീസര്‍ ബാബുരാജ് പ്രസാദ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആമ കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: