തിരുവനന്തപുരം: പത്തോളം സംഘടനകളുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ ആരംഭിക്കുന്ന ഭൂമി പോഷണ യജ്ഞത്തിന് ഭൂമിപൂജയോടെ ഇന്ന് തുടക്കമാകും. ഭൂമിയുടെ സമ്പുഷ്ടീകരണവും സംരക്ഷണവും ലക്ഷ്യമിട്ടാണ് ആഗസ്റ്റ് 24 വരെ നീളുന്ന ‘ഭൂ സുപോഷണ അഭിയാന്’ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ പതിനായിരം കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ ഭൂമിപൂജ. ആശ്രമങ്ങള്‍, ക്ഷേത്രങ്ങള്‍, സ്കൂളുകള്‍ തുടങ്ങിയവയും ‘ഭൂ സുപോഷണ അഭിയാ’നില് പങ്കാളികളാകും.
പ്രമുഖ പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തകര്‍ ഭൂമിപൂജയില്‍ പങ്കെടുക്കും. ഡോ. വി.എസ്. വിജയന് തൃശൂരിലും കെ.വി. ദയാല്‍ ആലപ്പുഴയിലും സി.എം. ജോയി എറണാകുളത്തും ഡോ. ലക്ഷ്മികുമാരി കൊടുങ്ങല്ലൂരിലും എസ്. സേതുമാധവന്, ആര്. സഞ്ജയന് എന്നിവര്‍ തിരുവനന്തപുരത്തും ഭൂമിപൂജയ്ക്ക് നേതൃത്വം നല്‍കും. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പി.എന്‍. ഹരികൃഷ്ണകുമാര്‍, എസ്. സുദര്ശനന്, സി.സി. സെല്വന്, കെ. കൃഷ്ണന്‍കുട്ടി, ടി.എസ്. നാരായണന്, പി. ശശീന്ദ്രര്‍ തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളില്‍ ഭൂമിപൂജയില്‍ പങ്കെടുക്കും.
വര്‍ക്കല ശിവഗിരി മഠത്തിലും ഇന്നു രാവിലെ ഭൂമി പോഷണ യജ്ഞത്തിന്റെ ഭാഗമായി ഭൂമിപൂജ നടക്കും. കുളത്തൂര്‍ അദൈ്വതാശ്രമം, മാതാ അമൃതാനന്ദമയീ മഠം, ശ്രീരാമകൃഷ്ണാശ്രമം, ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം, ചെമ്പഴന്തി ഗുരുകുലം, ബോധാനന്ദ ഫൗണ്ടേഷന്, തിരുമല ആനന്ദാശ്രമം തുടങ്ങി സംസ്ഥാനത്തെ എല്ലാ പ്രമുഖ സംന്യാസാശ്രമങ്ങളും പദ്ധതിയുടെ ഭാഗമാകും. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ക്ഷേത്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭൂമിപൂജ സംഘടിപ്പിച്ചിട്ടുണ്ട്.
ഭൂമിപൂജ നടക്കുന്ന കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ എത്തുന്നത് സകുടുംബം സ്വന്തം കൃഷിയിടത്തിലെ ഒരുപിടി മണ്ണുമായിട്ടാണ്. കര്‍ഷകര്‍ കൊണ്ടുവരുന്ന മണ്ണ് പൂജാ സ്ഥലത്ത് കൂട്ടിയിട്ട് അതിനു മുകളില്‍ കലശം വച്ച് വെള്ളം നിറച്ചാണ് പൂജാ ചടങ്ങുകള്‍ നടത്തുന്നത്. ഭൂമിപൂജയോടൊപ്പം ഗോപൂജയും നടക്കും. പൂജയ്ക്ക് ശേഷം ഇവിടെ നിന്നുള്ള മണ്ണ് കര്‍ഷകര്‍ അവരുടെ കൃഷിയിടങ്ങളില്‍ വിതറും. ഭൂമിയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്താകും ഓരോ കര്‍ഷകനും പൂജാ സ്ഥലത്തു നിന്നു മടങ്ങുക. ജൈവ രീതിയില്‍ കൃഷി ചെയ്ത ഫല വര്‍ഗങ്ങളും പൂക്കളുമാകും പൂജയ്ക്ക് ഉപയോഗിക്കുക.
ഇന്ന് വര്‍ഷ പ്രതിപദ മുതല്‍ ആഗസ്റ്റ് 24 ഗുരുപൂജ വരെയാണ് ഭൂ സുപോഷണ അഭിയാന് അഥവാ ഭൂമി പോഷണ യജ്ഞം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടക്കുന്നത്. കാര്‍ഷികവൃത്തിയെക്കുറിച്ച് ബോധവല്‍ക്കരണം, ജൈവ കൃഷിയുടെ പ്രാധാന്യം അറിയിക്കല്‍, ഗോ സേവ, കൃഷി സ്ഥലം ദാനം ചെയ്യല്‍ തുടങ്ങിയവയാണ് ഈ കാലയളവില്‍ നടത്തുന്നത്.
സ്വദേശി ജാഗരണ്‍ മഞ്ച്, വിശ്വഹിന്ദു പരിഷത്, വനവാസി കല്യാണാശ്രമം, ഭാരതീയ കിസാന്‍ സംഘ്, ആരോഗ്യ ഭാരതി, സഹകാര്‍ ഭാരതി, സേവാഭാരതി, ഭാരതീയ വിദ്യാഭവന്, ബാലഗോകുലം, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളാണ് ‘ഭൂ സുപോഷണ അഭിയാന്’ നേതൃത്വം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: