കാസര്‍കോട്: വിത്തെറിഞ്ഞാല്‍ പൊന്നു വിളയുന്ന മണ്ണില്‍ വിദ്യ പാകിയാലും നൂറുമേനി കൊയ്യാനാകുമെന്ന് തെളിയിച്ചിരിക്കുയാണ് കാസര്‍കോട് ജില്ലയിലെ പാണത്തൂര്‍ ഗ്രാമത്തില്‍ നിന്നുള്ള രഞ്ജിത്ത് ആര്. പാണത്തൂര്‍. റാഞ്ചി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പദവിയിലേക്കുള്ള ദൂരം നടന്നു താണ്ടിയതിനു പിന്നില്‍ പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളുണ്ട് ഈ യുവാവിന്. നീണ്ടകാലത്തെ പ്രതിസന്ധികള്‍ക്കൊടുവില്‍ വന്നു ചേര്‍ന്ന സ്വപ്നതുല്യമായ നേട്ടം പ്രതിസന്ധികളില്‍ അകപ്പെട്ടുപോയവര്‍ക്കു പ്രചോദനമാകാന്‍ രഞ്ജിത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചപ്പോള്‍ പ്രമുഖരടക്കം ആയിരങ്ങളാണ് അത് ഷെയര്‍ ചെയ്തത്.
ബെംഗളുരു ക്രൈസ്റ്റ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു വരുന്ന രഞ്ജിത്തിന് കഴിഞ്ഞ ആറിനാണ് ഐഐഎമ്മില്‍ നിന്നുള്ള നിയമന ഉത്തരവ് ലഭിച്ചത്. 90 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ താന്‍ താമസിക്കുന്ന കുടിലിന്റെ ചിത്രം ഉള്‍പ്പടെ രഞ്ജിത്ത് തന്നെയാണ് തന്റെ അനുഭവക്കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
‘ഈ വീട്ടിലാണ് ഞാന്‍ ജനിച്ചത്, ഇവിടെയാണ് വളര്‍ന്നത്, ഇപ്പോള്‍ ഇവിടെ ആണ് ജീവിക്കുന്നത്… ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടില്‍ ഒരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ജനിച്ചിരിക്കുന്നു.’ ഇങ്ങനെയാണ് രഞ്ജിത്ത് തന്റെ അനുഭവക്കുറിപ്പ് തുടങ്ങുന്നത്. തയ്യല്‍ തൊഴിലാളിയായ എ. രാമചന്ദ്രന്റെയും തൊഴിലുറപ്പു തൊഴിലാളിയായ ബേബിയുടേയും മകനാണ് രഞ്ജിത്ത്. അനുജത്തി രഞ്ജിത എംഎ, ബിഎഡ് കഴിഞ്ഞു. അനുജന് രാഹുല്‍ ഹോട്ടല്‍ മാനേജ്മന്റ് കഴിഞ്ഞു ഷെഫ് ആയി കോട്ടയത്ത് ഒരു റിസോര്‍ട്ടില്‍ ജോലി നോക്കുന്നു.
ഒന്നാം ക്ലാസ് മുതല്‍ അഞ്ചു വരെ പാണത്തൂര്‍ ഗവണ്മെന്റ് സ്കൂളിലായിരുന്നു രഞ്ജിത്ത് പഠിച്ചത്. അഞ്ചു മുതല്‍ പത്തു വരെ പഠനം കാസര്‍കോട് എംആര്‍എസ്സിലായിരുന്നു. പ്ലസ്വണ്, പ്ലസ്ടു പഠിച്ചത് വളാന്തോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍. ക്ലാസ്സുകളില്‍ ഒന്നാമനൊന്നുമായിരുന്നില്ലെങ്കിലും മോശമല്ലാത്ത രീതിയില്‍ പഠിക്കുമായിരുന്നു. ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്ടു പരീക്ഷ പാസായ രഞ്ജിത് ജീവിതസാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ പഠനം നിര്‍ത്താനാണ് ആദ്യം തീരുമാനിച്ചത്.
അപ്പോഴാണ് പാണത്തൂര്‍ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ രാത്രികാല സെക്യൂരിറ്റിയായി ജോലി കിട്ടിയത്. അതോടെ പകല്‍ പഠിക്കാനുള്ള സമയവും കിട്ടി. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു. ഡിഗ്രിക്ക് പഠിക്കുമ്പോഴും പിജി ചെയ്യുമ്പോഴും സെക്യൂരിറ്റി ആയി ജോലി നോക്കിയിരുന്നു. ബിഎ ഇക്കണോമിക്സ് പഠിച്ചത് രാജപുരം സെന്റ് പയസ് കോളേജിലായിരുന്നു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലാണ് പിജി ചെയ്തത്. പിന്നീട് ഐഐടി മദ്രാസിലും എത്തി. അതിനു ശേഷം ജനുവരിയില്‍ ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. ജനുവരിയില്‍ തന്നെയായിരുന്നു ഐഐഎമ്മിന്റെ അഭിമുഖവും.
‘എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളില്‍ വിടരും മുന്‍പ് വാടിപ്പോയ ഒരുപ്പാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്നസാക്ഷാത്ക്കാരത്തിന്റെ കഥകള്‍ ഉണ്ടാകണം. ഒരുപക്ഷെ തലയ്ക്കു മുകളില്‍ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകള്‍ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക… ഒരു നാള് ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങള്‍ക്കും ആ വിജയതീരത്തെത്താം…’ എന്നു പറഞ്ഞാണ് രഞ്ജിത്ത് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: