കോട്ടയം: ബന്ധു നിയമന ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ കണ്ണൂരില്‍ നിന്നുള്ള, സിപിഎമ്മിലെ കരുത്തനായ നേതാവായ ഇ.പി. ജയരാജന് രാജിവയ്ക്കേണ്ടി വന്നു. പക്ഷെ മലപ്പുറത്തുനിന്നുള്ള, സിമി വഴി സിപിഎമ്മില്‍ അടുത്ത കാലത്തെത്തിയ, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച കെ.ടി. ജലീലിന് പാര്‍ട്ടിയും സര്‍ക്കാരും വലിയ സംരക്ഷണമാണ് ഒരുക്കിയത്. സിപിഎമ്മിലാണെങ്കിലും മതത്തിനു മീതേ പാര്‍ട്ടിയും പറക്കില്ല.
ബാങ്ക് ജോലിക്കാരനായ ബന്ധു ആബിദിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചത് അന്ന് വലിയ വിവാദമായതാണ്. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവനായതിനാല്‍ രാജി തേടിയില്ല. പാര്‍ട്ടി സംരക്ഷിച്ചു. സ്വര്‍ണം, ഖുറാന്, ഈന്തപ്പഴ കടത്തും വന്‍വിവാദമായതാണ്. ഇവയിലും വന്‍ ക്രമക്കേടുണ്ടെന്ന ആരോപണമാണ് ഉയര്‍ന്നത്. പക്ഷെ ഒരു വിശദീകരണം പോലും തേടിയില്ല. പാര്‍ട്ടി ഒന്നും ചോദിച്ചില്ല. സര്‍ക്കാര്‍ അനങ്ങിയില്ല. ഡോ. തോമസ് ഐസക്കും ജി. സുധാകരനും ഇ.പി. ജയരാജനും വീണ്ടും സീറ്റ് കിട്ടാതെ പാര്‍ട്ടി പുറമ്പോക്കില്‍ കുടിലു കെട്ടി താമസം തുടങ്ങി. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ മഹത്വവല്കരണത്തിന്റെ പേരിലും പുറത്തിരുത്തി. ജി. സുധാകരന് മോശം മന്ത്രിയായിരുന്നുവെന്ന് എതിരാളികള്‍ പോലും പറയുകയുമില്ല. ആ സാഹചര്യത്തിലാണ് മന്ത്രി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്വജനപക്ഷപാതം കാണിച്ചെന്നും ബന്ധുനിയമനത്തില്‍ കുറ്റക്കാരനാണെന്നും ലോകായുക്ത വിധിച്ചതും മന്ത്രിയെ നീക്കണമെന്ന് ശുപാര്‍ശ ചെയ്തതും. പക്ഷെ എന്നിട്ടും രാജി തേടിയില്ല. പാര്‍ട്ടി അതൃപ്തി രേഖപ്പെടുത്തുക പോലും ചെയ്തില്ല. ഇ.പി. ജയരാജന്റെ രാജി പിടിച്ചുവാങ്ങിയ പാര്‍ട്ടിയാണ്, മന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് ലോകായുക്ത വിധിച്ച ജലീലിനെ വീണ്ടും പിന്തുണച്ചുകൊണ്ടിരിക്കുന്നത്, ജലീലിന് ജയ് വിളിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ എസ്ഡിപി ഐയുടേയും പിഡിപിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പിന്തുണ മാറിമാറി വാങ്ങുന്ന എല്‍ഡിഎഫ് ജലീലിനെതിരെ വാളോങ്ങാത്തതിന്റെ കാരണം ലളിതമാണ്. ആരോപണശരങ്ങള്‍ ഉയര്‍ന്നിട്ടും ജലീലിന് വീണ്ടും സീറ്റുകിട്ടിയതും ഇ.പിക്ക് സീറ്റു കിട്ടാതെ പോയതിന്റെ കാരണവും ലളിതം. ഇനി മല്‍സരിക്കാനില്ലെന്ന് ഇ.പി പറഞ്ഞത് കൊടിയ നിരാശയിലായിരുന്നു. എന്നാല്‍, താന്‍ രാജിവയ്ക്കില്ലെന്ന് ജലീല്‍ പറഞ്ഞത് ധാര്‍ഷ്ട്യത്താലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: