ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ ഊഴായിക്കോട് വീട്ടുപുരയിടത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ പോലിസ് ഇരുട്ടില്‍ തപ്പുന്നതായി ആക്ഷേപം. കഴിഞ്ഞ ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കല്ലുവാതുക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടുപറമ്പിലാണ് പ്രസവിച്ചു മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് കിലോ തൂക്കമുളള ആണ്‍കുഞ്ഞിനെയാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ കരച്ചില് കേട്ട വീട്ടുടമ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. കരിയിലയും പൊടിയും മൂടിയ നിലയിലായിരുന്നു കുഞ്ഞ്. പോലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവന് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. പാരിപ്പള്ളി പോലിസ് കൊലപാതക കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ ചോദ്യം ചെയ്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം മരവിച്ച സ്ഥിതിയാണ് ഇപ്പോള്‍. സംശയനിഴലില്‍ എട്ട് പേരുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയെങ്കിലും ഇത് വരെയും പരിശോധനാ ഫലം വന്നിട്ടില്ല എന്ന പോലീസിന്റെ മറുപടി അതിശയകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: