ചെന്നൈ: ബാറ്റ് കൊണ്ട് വെടിക്കെട്ട് തീര്‍ക്കുന്ന ക്രിക്കറ്റ്് പൂരത്തിന് ഇന്ന് കൊടിയേറും. പതിനാലാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുകയാണ്. ചെന്നൈ ചൊപ്പോക്കിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരും ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും കൊമ്പുകോര്‍ക്കും. രാത്രി 7.30 ന് വെടിക്കെട്ടിന് തിരികൊളുത്തും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
രാജ്യത്ത് കൊറോണ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജൈവ സുരക്ഷ വലയത്തിലാണ് മത്സരങ്ങള്‍ നടത്തുന്നത്. കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം ഉണ്ടാകില്ല. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, അഹമ്മദാബാദ്, ന്യൂദല്‍ഹി എന്നീ ആറു വേദികളിലാണ് മത്സരങ്ങള്‍. ഫൈനല്‍ മെയ് 30 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും.
സ്റ്റേഡിയങ്ങളില്‍ കാണികളുടെ സാന്നിദ്ധ്യം ഉണ്ടാകില്ലെങ്കിലും വെടിക്കെട്ടിന് കുറവുണ്ടാകില്ല. ഉദ്ഘാടന ദിനത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും മുംബൈ ഇന്ത്യന്‍സും തകര്‍ത്തടിക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ആറാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഇത്തവണ ചാമ്പ്യന്മാരായാല് അവര്ക്ക്് ഹാട്രിക്കും തികയ്ക്കാം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ക്വിന്റണ്‍ ഡികോക്ക്, ഇഷാന് കിഷന്, സൂര്യ കുമാര്‍ യാദവ്, കീരോണ്‍ പൊള്ളാര്‍ഡ്, ട്രെന്‍ഡ് ബോള്്ട്ട്് , രാഹുല്‍ ചഹാര്‍ തുടങ്ങിയവരാണ് അവരുടെ കരുത്ത്്.
അതേസമയം, വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാനായിട്ടില്ല. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ബെംഗളൂരു ഇറങ്ങുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി , എ.ബി. ഡിവില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വെല്, മലയാളി താരം ദേവ്ദത്ത് പടിക്കല്‍, ന്യൂസിലന്‍ഡിന്റെ കെയ്ല്‍ ജാമീസണ്, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ബെംഗളൂരുവിന്റെ ശക്തികേന്ദ്രങ്ങള്‍. നായകന് വിരാട് കോഹ്ലി ദേവദത്ത് പടിക്കലിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും.
ഇന്ത്യയുടെ മുന്‍ നായകന് എം.എസ്.ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് നാളെ മുംബൈയിലെ വാംഖ്ഡെ സ്റ്റേഡിയത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.
കഴിഞ്ഞ വര്‍ഷം വിട്ടുനിന്ന സുരേഷ് റെയ്ന ചെന്നൈ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഓള് റൗണ്ടര്‍മാരായ ഇമ്രാന് താഹിര്‍, മൊയിന്‍ അലി, സാം കറന് തുടങ്ങിയവരൊക്കെ അണിനിരക്കുന്ന ചെന്നൈ ഇത്തവണ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ്. ഇത് വരെ ദേശീയ ടീമില്‍ കളിക്കാത്ത കൃഷ്ണപ്പ ഗൗതമിലാണ് ക്യാപ്റ്റന്‍ ധോണി വിശ്വാസമര്‍പ്പിക്കുന്നത്.
അടുത്തിടെ രാജ്യാന്തര മത്സരങ്ങളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ച ഋഷഭ് പന്താണ് ദല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത്. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് ഋഷഭ് പന്തിനെ നായകനാക്കിയത്. പൃഥ്വി ഷാ, മാര്‍ക്കസ് സ്റ്റോയ്നിസ് , ഷിമ്രോണ്‍ ഹെറ്റ്മെയര്‍, പരിചയ സമ്പന്നരായ സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ എന്നിവരാണ് ബാറ്റിങ്ങിലെ കരുത്ത്. കഗിസോ റബഡ, ആന്‍ റിച്ച് നോര്‍ട്ജെ, രവിചന്ദ്രന്‍ അശ്വിന്, അമിത് മിശ്ര, അക്സര്‍ പട്ടേല്‍ എന്നിവര്‍ അണിനിരക്കുന്ന ബൗളിങ് നിരയും ശക്തമാണ്.
സഞ്ജുവിന്റെ രാജസ്ഥാന്
മലയാളിതാരം സഞ്ജു സാംസണാണ് രാജസ്ഥാന് റോയല്‍സിനെ നയിക്കുന്നത്. പരിക്കേറ്റ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ അസാന്നിദ്ധ്യം ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കും. എന്നാല്‍ വമ്പന്മാരായ ബൗളര്‍മാരെ അടിച്ചുപരത്താന്‍ കഴിയുന്ന .ഇംഗ്ലീഷ് ഓള് റൗണ്ടര്‍ ബെന്‍സ്റ്റോക്സ്, ജോസ് ബട്ലര് എന്നിവര്‍ ടീമിലുണ്ട്. ഇത്തവണ റെക്കോഡ് തുകയ്ക്ക് ടീമിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ക്രിസ് മോറിസിന്റെ സാന്നിദ്ധം ടീമിന് കൂടുതല്‍ കരുത്തേകും.
റഷീദ് ഖാന് വജ്രായുധം
പരിചയസമ്പന്നനായ ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നയിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ടി 20 ബൗളര്‍ റഷിദ് ഖാനാണ് അവരുടെ വജ്രായുധം. ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ്, വിന്‍ഡീസ് മുന്‍ നായകന് ജേസണ്‍ ഹോള്‍ഡര്‍, ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ജോണി ബെയര്‍സ്റ്റോ, ജേസണ്‍ റോയ് എന്നിവരും അണിനിരക്കുന്ന ടീം ഇത്തവണ മിന്നുന്ന പ്രകടനം കാഴ്ചവയ്്ക്കാനമെന്ന പ്രതീക്ഷയിലാണ്.
മോര്ഗന് ഒന്നാം നമ്പര്‍
രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച വൈറ്റ്ബോള്‍ ക്യാപ്റ്റനായ ഇയോന്‍ മോര്‍ഗനാണ് കൊല്‍ക്കത്ത നൈറ്റ്് റൈഡേഴ്സിനെ നയിക്കുന്നത്.
ഗ്രൗണ്ടിന്റെ നാലുവശത്തേക്കും സിക്സര്‍ അടിക്കാന്‍ കരുത്തുള്ള ആന്ദ്രെ റസ്സലാണ് ബാറ്റിങ്ങിലെ കരുത്ത്, ദിനേശ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്, നിതീഷ് റാണ, ഹര്ഭജന് സിങ് തുടങ്ങിയ പ്രമുഖരും ടീമിലുണ്ട്.
പുത്തന്‍ പേരില്‍ പഞ്ചാബ്
പേരുമാറ്റം ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് പഞ്ചാബ് കിങ്സ് കളിക്കളത്തിലിറങ്ങുന്നത്. പോയ സീസണില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ് ടീമിന്റെ കരുത്ത്.
പോയ തവണ കിങ്സ് ഇലവന് പഞ്ചാബ് എന്ന പേരിലാണ് ഇവര്‍ മത്സരിച്ചത്. യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ല്, ക്രിസ് ജോര്‍ദാന്‍, ഫാബിയന്‍ അലന്, മുഹമ്മദ് ഷമി തുടങ്ങിയവര്‍ ടീമിലുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: