ഏറ്റവും മികച്ച ഭക്തന് ഉദാഹരണമായി മഹാത്മാക്കള്‍ സൂചിപ്പിക്കുന്നത് നാരദ ഋഷിയെ ആണ്. ഭഗവാനോട് ചേര്‍ന്നതു മാത്രമേ നാരദന് ചിന്തിക്കുകയും പറയുകയുമുള്ളൂ. അതിനര്‍ഥം ഹനുമാന്റെ അപദാനങ്ങള്‍ നാരദന് വാഴ്ത്തുമ്പോള്‍ ഹനുമാന് ഭഗവാനോട് ചേര്‍ന്നിരിക്കുന്നു എന്നാണ്. മൂര്‍ത്തിത്രയത്തില്‍ ഒരാളായ ബ്രഹ്മദേവന്, അറിവിന്റെ ദേവതയായ സരസ്വതി, മാമുനിമാര്‍ തുടങ്ങിയ മഹത്തുക്കളെല്ലാം അങ്ങയെ പുകഴ്ത്തുന്നു.
ധനാഢ്യന്മാരെ പുകഴ്ത്തുന്നത് പൊതുവേ കണ്ടുവരുന്നൊരു കാര്യമാണ്. എന്നാല്‍ ധനത്തിന്റെ അധിപനായ കുബേരന് പോലും പുകഴ്ത്തുകയാണ് ഹനുമാനെ. ദിക്പാലകന്മാരും (കിഴക്ക് -ഇന്ദ്രന്, തെക്ക് കിഴക്ക് -അഗ്നി, തെക്ക് -യമന്‍, തെക്ക് പടിഞ്ഞാറ് -നിര്യതി, പടിഞ്ഞാറ് -വരുണന്, വടക്കു പടിഞ്ഞാറ് -വായു, വടക്ക് -കുബേരന്, വടക്ക് കിഴക്ക് -ഈശാന്, ശിവന്. ഉൗര്ധ്വം -ബ്രഹ്മദേവന്, അഥ് -വിഷ്ണു), ക്രാന്തദര്‍ശികളായ കബികളും കലയില്‍ വിദ്വാന്മാരായവരും അങ്ങയെ പുകഴ്ത്തുന്നു.
ഹനുമാന്റെ മഹത്വത്തെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇവിടെ നാം മറക്കാതെയിരിക്കേണ്ട ഒരു കാര്യം, ഹനുമാനെക്കുറിച്ച് ആരും ഒരു പോരായ്മയും പറഞ്ഞിട്ടില്ലെന്നതാണ്.
തുമ് ഉപകാര് സുഗ്രീവഹീം കീന്ഹാ
രാമമിലായ് രാജപദ് ദീന്ഹാ
(അര്‍ഥം: അങ്ങ് സുഗ്രീവനെ സഹായിച്ചു. ശ്രീരാമനുമായി സഖ്യം ചെയ്യിപ്പിച്ചു. അത് കൊണ്ടാണല്ലോ സുഗ്രീവന് രാജപദവി സിദ്ധിച്ചത്. )
തുമരോ മന്ത്ര ബിഭീഷണ് മാനാ
ലങ്കേസ്വര് ഭഎ സബ് ജഗ് ജാനാ
(അര്‍ഥം: അങ്ങയുടെ നിമന്ത്രണത്തെ വിഭീഷണന് മാനിച്ചു. തത് ഫലമായി വിഭീഷണന് ലങ്കേശ്വരത്വം സിദ്ധിച്ചു.)
ബാലി സുഗ്രീവന്മാരുടെ കഥ വളരെ പ്രശസ്തമാണല്ലോ? തെറ്റിദ്ധാരണയുടെ പേരില്‍ സുഗ്രീവനെ വധിക്കാനുള്ള ശ്രമത്തിലായിരുന്നു ബാലി. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ജീവഭയത്താല്‍ ഓടി നടന്ന സുഗ്രീവന് നാട് മുഴുവന്‍ കണ്ടിട്ടുണ്ട്. അവസാനം സുഗ്രീവന് ഋശ്യമൂകാചലത്തില്‍ അഭയംതേടുകയായിരുന്നു. ഋശ്യമൂകാചലത്തില്‍ കയറിയാല്‍ തല പൊട്ടിത്തെറിക്കും എന്ന ശാപമുള്ളതിനാല് ബാലിക്ക് അവിടെ കയറാന്‍ പറ്റില്ല.
സുഗ്രീവന് അങ്ങനെ ഭീതിയോടെ കഴിയുന്ന കാലത്താണ് ശ്രീരാമനും ലക്ഷ്മണനും സീതാദേവിയെ അന്വേഷിച്ച് കിഷ്കിന്ധയിലെത്തുന്നത്. തന്നെ വധിക്കാന്‍ ബാലി അയച്ച ചാരന്മാരാണ് അവരെന്ന ധാരണയില്‍ സുഗ്രീവന് രക്ഷപ്പെടാന്‍ ശ്രമിച്ചു.
വന്നവര്‍ ആരെന്നും അവരുടെ ദൗത്യം എന്താണെന്നും അറിഞ്ഞുവരട്ടെയെന്ന് പറഞ്ഞ് സുഗ്രീവനെ തടയുന്നത് ഹനുമാനാണ്. ആ സമാഗമത്തെ തുടര്‍ന്നാണ് ബാലിയെ വധിച്ച് സുഗ്രീവനെ സഹായിക്കാമെന്ന് ശ്രീരാമനും തിരിച്ച് സീതാന്വേഷണത്തിന് ശ്രീരാമനെ സഹായിക്കാമെന്ന് സുഗ്രീവനും വാനരസൈന്യവും അഗ്നിസാക്ഷിയായി പ്രതിജ്ഞയെടുക്കുന്നത്.
തുടര്‍ന്ന് ശ്രീരാമന് ബാലിയെ വധിക്കുന്നു. സുഗ്രീവന് രാജ്യം ലഭിക്കുന്നു. ഇതിനെല്ലാം കാരണമാകുന്നത് ഹനുമാനാണ്. ഹനുമാന് ഇതെല്ലാം ചെയ്യുന്നതിന് വേറെയും കാരണങ്ങള്‍ ഉള്ളതായി പറയുന്നു.
ബ്രഹ്മചാരി സുധീര്‍ ചൈതന്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: