റായ്പൂര്‍: ഒപ്പമുള്ള ജവാന്റെ മുറിവില്‍നിന്നുള്ള രക്തസ്രാവം തടയാന്‍ തലപ്പാവ് അഴിച്ച് മുറിവില്‍ കെട്ടി സിഖ് കോബ്ര(കമാന്‍ഡോ ബറ്റാലിയന് ഫോര്‍ റെസല്യൂട്ട് ആക്ഷന്‍) കമാന്‍ഡോ. ശനിയാഴ്ച ബിജാപൂരിലെ തെകുല്‍ഗുഡ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിനിടെയായിരുന്നു ഇത്. ശേഷം ഇരുവരും മാവോയിസറ്റുകള്ക്കെതിരായ പോരാട്ടം തുടര്‍ന്നു. പരിക്കേറ്റ് റായ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കമാന്‍ഡോ കോണ്‍സ്റ്റബിള്‍ ബല്‍രാജ് സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് വിവരിച്ചത് ഇങ്ങനെ:
‘യുബിജിഎല്ലുകള്(അണ്ടര്‍-ബാരല്‍ ഗ്രനേഡ് ലോഞ്ചേഴ്സ്) ഉപയോഗിച്ച് ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ക്കെതിരെ ഞങ്ങള്‍ തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ സബ് ഇൻസ്പെക്ടര്‍ അഭിഷേക് പാണ്ഡെക്ക് ഗുരുതരമായി പരിക്കേറ്റു. എന്റെ വലതുഭാഗത്തായിരുന്നു അദ്ദേഹം. കാലില്‍നിന്ന് രക്തം ഒഴുകുന്നത് ഞാന്‍ കണ്ടു. രക്തസ്രാവം തടഞ്ഞില്ലെങ്കില്‍ അദ്ദേഹം മരിക്കുമെന്ന് ഞാന്‍ മനസിലാക്കി.
ഞാന്‍ പ്രഥമ ശുശ്രൂഷ കിറ്റിനായി തിരഞ്ഞുവെങ്കിലും ഞങ്ങളില്‍ ഒരുപാടുപേര്‍ക്ക് പരിക്കേറ്റിരുന്നതിനാല്‍ ഉപയോഗിച്ചുതീര്ന്നിരുന്നു. മറ്റ് വഴികളില്ലെന്ന് ബോധ്യമായപ്പോള്‍ ഞാന്‍ തലപ്പാവ് അഴിച്ചു വലിച്ചുകീറി സഹപ്രവര്‍ത്തകന്റെ കാല് ചുറ്റിക്കെട്ടി. കാലില്‍നിന്നുള്ള രക്തസ്രാവം നിലച്ചതോടെ പാണ്ഡെ മാവോയിസ്റ്റുകള്‍ക്കെതിരായ പ്രത്യാക്രമണം തുടര്‍ന്നു’. – അദ്ദേഹം പറയുന്നു.
നിമിഷങ്ങള്‍ക്കു പിന്നാലെ മാവോയിസ്റ്റുകള്‍ പതിയിരുന്ന് ആക്രമിക്കുന്ന സ്ഥലം തകര്‍ക്കാന്‍ താന്‍ തീരുമാനിച്ചു. ഒരു മാവോയിസ്റ്റ് വെടിയുതിര്‍ക്കുന്ന സ്ഥലം ആക്രമിച്ചുവെന്നും തുടര്‍ന്ന് വയറില്‍ വെടിയേറ്റുവെന്നും ബല്‍രാജ് പറയുന്നു. സ്പെഷ്യല്‍ ഡിജിപി രജിന്ദര്‍ കുമാര്‍ വിജ് ട്വിറ്ററില്‍ സിഖ് ജവാനെ സല്യൂട്ട് ചെയ്തു. പാണ്ഡെയും റായ്പൂര്‍ ആശുപത്രിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: