കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആര്‍ക്കും ബ്ലാങ്ക് ചെക്ക് കൊടുത്തിട്ടില്ലെന്ന് ചിലർക്ക് മനസിലായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി വെല്ലുവിളിച്ചിരുന്നു. ആരെയും ഏകപക്ഷീയമായി വാഴാന്‍ അനുവദിക്കാത്ത തെരഞ്ഞെടുപ്പ് ഫലമായിരിക്കും പുറത്ത് വരാന്‍ പോകുന്നതെന്നും മഞ്ചേശ്വരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇടതും വല്ലതും മാത്രമല്ല, ശക്തമായ മൂന്നാം ബദല്‍ ഉണ്ടെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വ്യക്തകമാകും. സംസ്ഥാനത്ത് വലിയ ത്രികോണ മല്‍സരമാണ് നടന്നത്. ദേശീയ ജനാധിപത്യ സഖ്യം സീറ്റിന്റെ കാര്യത്തിലും വോട്ടിന്റെ കാര്യത്തിലും ഈ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തും.
വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് കൊണ്ടാണ് എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇരുമുന്നണികളും ഇന്നല്ലെങ്കില്‍ നാളെ ഇതിന് കണക്കു പറയേണ്ടിവരും. പല മണ്ഡലങ്ങളിലും തീവ്രവാദി സംഘടനകള്‍ തുറന്ന പിന്തുണയാണ് ഇരുമുന്നണികള്‍ക്കും നല്‍കിയത്. മഞ്ചേശ്വരം കാസർകോട് മണ്ഡലങ്ങളില്‍ എസ്ഡിപിഐ പരസ്യ പിന്തുണയാണ് യുഡിഎഫിന് നല്‍കിയത്. അതേ എസ്ഡിപിഐ സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെയാണ് പിന്തുണച്ചത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ഇതുവരെ കാണാത്ത വര്‍ഗീയ അജണ്ട പ്രത്യേകിച്ച് മുസ്ലിം വോട്ട് ബാങ്കിന് വേണ്ടിയുള്ള ഇരുമുന്നണികളുടെയും മത്സരം അപായകരമായ ചില സൂചനകളാണ് നല്‍കുന്നത്.
മുസ്ലിം വോട്ടിന് വേണ്ടിയുള്ള പരക്കം പാച്ചിലാണ് രണ്ട് മുന്നണികളും നടത്തിയത്. പല തീവ്രവാദ സംഘടനകളുടെയും നേതാക്കളുമായി യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നേതാക്കളും സ്ഥാനാര്‍ത്ഥിമാരും പല മണ്ഡലങ്ങളിലും ചര്‍ച്ച നടത്തി. ഇത്തരം ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുക വഴി കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത് വലിയ വിപത്ത് ആയിരിക്കും എന്നതില്‍ സംശയമില്ല. ഇതുപോലെ വര്‍ഗീയശക്തികളെ ദുരുപയോഗപ്പെടുത്തിയ ഒരു തെരഞ്ഞെടുപ്പും ചരിത്രത്തില്‍ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. നിലപാട് മാറ്റത്തിന്റെയും മലക്കംമറിച്ചിലിന്റെയും കഥകളാണ് തെരഞ്ഞെടുപ്പിന്റെ അവസാന ദിവസവും പുറത്തുവന്നത്. വിശ്വാസം നഷ്ടപ്പെട്ട മുന്നണികളായി ഇരുമുന്നണികളും മാറി. ഞങ്ങളാണ് യഥാര്‍ത്ഥ ഭക്തന്മാര് ഞങ്ങളാണ് വിശ്വാസികളെ സംരക്ഷിക്കുന്നത് എന്നാണ് സിപിഎം പറയുന്നത്. മുഖ്യമന്ത്രി നടത്തിയത് സാഷ്ടാംഗ പ്രണാമമാണ്.
മഞ്ചേശ്വരത്തും കാസര്‍കോട്ടും ഇത്തവണ ബിജെപി ജയിക്കും. കഴക്കൂട്ടത്ത് അക്രമം നടത്താന്‍ ആസൂത്രണം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി സിപിഎം അക്രമം നടത്തുകയാണ്. കൃപേഷിനും ശരത് ലാലിനും വേണ്ടി മുതലക്കണ്ണീരാണ് മുല്ലപ്പള്ളി രാമചന്ദ്രന് ഒഴുക്കിയത്. രാഷ്ട്രീയ കൊലപാതകം നടത്തിയ സിപിഎമ്മിന്റെ പിന്തുണയാണ് മുല്ലപ്പള്ളി അഭ്യര്‍ത്ഥിച്ചത്. ഇത്രയും ഗതികെട്ട കെപിസിസി അദ്ധ്യക്ഷന്‍ മുന്‍പ് ഉണ്ടായിട്ടില്ല. മുല്ലപ്പള്ളിക്ക് ഇങ്ങനെയൊക്കെ തരംതാഴാന്‍ സാധിക്കുമോ എന്നും കെ. സുരേന്ദ്രന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: