ന്യൂദല്‍ഹി: ആയുധങ്ങളുമായി ആകാശത്തു പറന്ന് റഫാല്‍ പോര്‍വിമാനങ്ങള്‍. ചിറകിന്റെ അഗ്രങ്ങളില്‍ ‘മിക’ എയര്‍ ടു എയര്‍ മിസൈല്‍ ഘടിപ്പിച്ച് പറക്കുന്ന ലഡാക്കില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇന്ത്യന്‍ വ്യോമസേന ട്വീറ്റ് ചെയ്തത്. ആയുധങ്ങളേന്തിയ റഫാലിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് ഇതാദ്യം. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ അഞ്ച് റഫാലുകളായിരുന്നു അംബാല വ്യോമതാവളത്തില്‍ സേനയുടെ ഭാഗമായത്.
‘റഫാല്‍ പോര്‍വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായത് ലോകത്തിന്, പ്രത്യേകിച്ച് നമ്മുടെ പരമാധികാരത്തെ ലക്ഷ്യമിടുന്നവര്‍ക്കുള്ള വലിയ, ശക്തമായ സന്ദേശമാണ്’ എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചടങ്ങില്‍ പറഞ്ഞിരുന്നു. റഫാല്‍ വിമാനങ്ങളുടെ രണ്ടാമത്തെ സ്ക്വാഡ്രന്‍ ബംഗാളിലെ ഹഷിമാര വ്യോമതാവളത്തില്‍ വിന്യസിക്കും.
രണ്ടാമത്തെ സ്ക്വാഡ്രന്‍ സജ്ജമാകുമ്പോള്‍ വ്യോമസേനയുടെ പക്കലുള്ള റഫാല്‍ പോര്‍വിമാനങ്ങളുടെ എണ്ണം ഇരുപതിലധികമാകും. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനാണ് വിമാനങ്ങള്‍ നിര്‍മിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ഈ വിമാനം ആകാശത്ത് ആധിപത്യമുറപ്പിക്കാനും ലക്ഷ്യം തെറ്റാതെയുള്ള ആക്രമണത്തിനും സഹായിക്കും.
കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് അഞ്ചു വിമാനങ്ങളുടെ ആദ്യസംഘമെത്തിയത്. 59,000 കോടി രൂപയ്ക്ക് 36 വിമാനങ്ങള്‍ക്കുള്ള കരാറാണ് കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നത്. അടുത്തവര്‍ഷത്തോടെ എല്ലാ വിമാനങ്ങളും രാജ്യത്തെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: