തിരുവനന്തപുരം: കൃത്യമായി ചുട്ടെടുത്ത നുണകള്‍ സമര്‍ത്ഥമായി മാര്‍ക്കറ്റു ചെയ്തു എന്നതാണ് കേരളം കണ്ട ഏറ്റവും ജനവഞ്ചക സര്‍ക്കാരിനെ വീണ്ടും ജനങ്ങള്‍ തിരികെ എത്തിക്കും എന്ന പ്രതീതിയുണ്ടാക്കിയതെന്ന് സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. പിണറായി സര്‍ക്കാര്‍ ചെയ്ത അനീതിയും കൊള്ളയും വഞ്ചനയും മുഴുവനും പുറത്തുവന്നിട്ടില്ല. അതിനു കാരണം സുതാര്യതയില്ലായ്മയാണ്. വിവരാവകാശനിയമത്തെ പോലും മാഫിയകളെ സഹായിക്കാനായി അട്ടിമറിച്ചു. വിവാദങ്ങളുയര്‍ന്നപ്പോള്‍ പിന്മാറിയ പല പദ്ധതികളുടെയും പിന്നാമ്പുറ രേഖകള്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഏറ്റവും ഗുരുതരമായ വിഷയം തെളിവുകള്‍ നശിപ്പിക്കാന്‍ ഏതറ്റം വരെയും പോകുന്ന അതിന്റെ നെറികേടാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സെക്രട്ടറിയറ്റ് തീപിടിത്തം ഓര്‍ക്കുക. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന വാദം ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പൊളിഞ്ഞപ്പോള്‍ പോലീസിനെക്കൊണ്ട് ഒരു നാലാംകിട വീഡിയോ ഇറക്കിയ സര്‍ക്കാരാണ്. പ്രളയം മനുഷ്യനിര്‍മിതം എന്ന് പറയുമ്പോള്‍ അതിന്റെ പിന്നിലുള്ള സാമ്പത്തിക താല്പര്യമായിരുന്നോ അത് ചെയ്യിച്ചത് എന്നാണ് മനസിലുയരുന്ന ചോദ്യം. ദുരിതാശ്വാസം എന്ന നിലയില്‍ പണം കടത്താനുള്ള ശ്രമം മുടങ്ങിയപ്പോഴാണോ സ്വര്‍ണക്കടത്ത് എന്നും സംശയിക്കണം. ഒട്ടും സുതാര്യതയില്ലാതെ ഭരിക്കുന്ന, സമരം ചെയ്യുന്നവരെ പുഴുക്കളെ പൊലെ അവഗണിക്കുന്ന ഒരു ഭരണാധികാരി അതും ചെയ്യും.
സെക്രട്ടറിയേറ്റിനു മുന്നില്‍ വര്‍ഷങ്ങളായി സമരം നടത്തുന്ന ശ്രീജിത്ത്, വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ അങ്ങനെ പുഴുവിന്റെ വിലപോലും സര്‍ക്കാര്‍ നല്‍കാത്ത നിരവധി കേസുകള്‍ ഉണ്ട്. ഇതിനൊക്കെ അപ്പുറത്താണ് നീതിക്കുവേണ്ടി സാധാരണ പൗരന് നടത്തുന്ന പോരാട്ടത്തെ പണവും ഭരണ സ്വാധീനവും ഉപയോഗിച്ച് അട്ടിമറിക്കുന്ന പ്രവര്‍ത്തി. പെരിയ ഇരട്ട കൊലപാതക കേസില്‍ ഈ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനെതിരെ ഖജനാവില്‍ നിന്നും കോടിയിലധികം ചെലവഴിച്ച് നടത്തിയ അപ്പീല്‍ ഒരുദാഹരണമാണ്.
പൗരന്റെ നീതിയ്ക്കായുള്ള മുറവിളികളെ പരിഹസിച്ചു തള്ളുന്ന ഭരണാധികാരി തിരികെ വരണമെന്ന് വിവരമുള്ള ജനത ആഗ്രഹിക്കുകയില്ല. കേരളത്തെ പണയം വെച്ച് നേടിയ കോടികളില്‍ നിന്നും നക്കാപ്പിച്ച കൊടുത്തു ജനങ്ങളെയാകെ ക്ഷേമപ്രതീതിയില്‍ ആറാടിക്കാന്‍ ആവും എന്ന അഹങ്കാര ചിന്തയുടെ ഫണത്തില്‍ ആറാം തിയതി അടിവീഴണം. ആ പാമ്പ് അല്ലെങ്കില്‍ കേരളത്തെ കൊല്ലും. ഭരണമാറ്റം ഉണ്ടാവണം. ഭരിക്കുന്നവന് ജനങ്ങളോട് സുതാര്യതയുള്ളവനായിരിക്കണം എന്ന സന്ദേശം ജനത നല്‍കണം. വ്യാജബിംബങ്ങളുടെ നായകാഘോഷത്തില്‍ വഴങ്ങുന്നവരല്ല എന്ന് മുന്നറിയിപ്പ് കൊടുക്കേണ്ട സമയം കൂടിയാണ് തെരെഞ്ഞെടുപ്പെന്ന് സനല്‍കുമാര്‍ ശശിധരന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: