പുതിയ കേരളം മോദിക്കൊപ്പം എന്ന എന്‍ഡിഎയുടെ മുദ്രാവാക്യത്തിന് അടിവരയിടുന്നതായി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആദ്യ കേരള സന്ദര്‍ശനം. ലോകം അംഗീകരിക്കുന്ന വികസന നായകന്റെ വാക്കുകള്‍ കേള്‍ക്കാന്‍ പാലക്കാട് ഇരമ്പിയെത്തിയ ജനസാഗരം ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം ഉണ്ടാക്കാന്‍ പോകുന്ന മുന്നേറ്റത്തിന്റെ വ്യക്തമായ സൂചനയാണ്. വികസനോന്മുഖ കേരളത്തിന്റെ പുതിയ മുഖമായി ഉയര്‍ന്നുവന്നിരിക്കുന്ന മെട്രോമാന് ഇ. ശ്രീധരന്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെതിരെ മലമ്പുഴ മണ്ഡലത്തില്‍ ചരിത്രമുന്നേറ്റം നടത്തിയ സി. കൃഷ്ണകുമാര്‍ എന്നിവരടക്കം എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ അണിനിരന്ന വേദിയില്‍നിന്ന് പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തത് കേരളജനതയെ ഒന്നടങ്കമാണ്. പാലക്കാടിന്റെ വികസന രേഖ പ്രധാനമന്ത്രിക്ക് ഇ. ശ്രീധരന് സമര്‍പ്പിച്ചതും, അനുഗ്രഹം തേടിയെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നസീമയുടെ കാല്‍തൊട്ടു വന്ദിച്ച പ്രധാനമന്ത്രിയുടെ കുലീനതയും പുതിയൊരു രാഷ്ട്രീയസംസ്കാരത്തിന്റെ പ്രതിഫലനമായിരുന്നു. കോട്ട മൈതാനത്ത് അലയടിച്ച മോദി… മോദി… എന്ന ആരവം കേരളത്തിന്റെ അതിരുകളില്‍ തട്ടി പ്രതിധ്വനിക്കുന്നതുപോലെ തോന്നി.
തെരഞ്ഞെടുപ്പു കാലത്തു മാത്രമാണ് പ്രധാനമന്ത്രി മോദി രാഷ്ട്രീയ പ്രതിയോഗികളെ വിമര്‍ശിക്കാറുള്ളത്. അതിന് യാതൊരു മയവുമുണ്ടാവില്ല. തത്വദീക്ഷ കൈവിടാതെയുള്ള കടന്നാക്രമണങ്ങളില്‍ എതിരാളികള്‍ നിലംപരിശാവുക പതിവാണ്. പാലക്കാട് കോട്ടമൈതാനം സാക്ഷ്യം വഹിച്ചതും ഇത്തരമൊരു കടന്നാക്രമണത്തിനാണ്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഇടതു-വലതു മുന്നണികള്‍ക്ക് പേരില്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നു പറഞ്ഞ പ്രധാനമന്ത്രി, ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് വിശ്വാസികളെ അവഹേളിച്ചപ്പോള്‍ കയ്യുംകെട്ടി കണ്ണുമടച്ച് മിണ്ടാതിരിക്കുകയാണ് യുഡിഎഫ് ചെയ്തതെന്നും വിമര്‍ശിച്ചു. അഴിമതിയുടെ കാര്യത്തില്‍ ഇരുമുന്നണികളും ഒത്തുകളിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലും തമിഴ്നാട്ടിലും അസമിലുമടക്കം ഇരുകൂട്ടരും ഒറ്റക്കെട്ടാണ്. അഴിമതി, ജാതീയത, വര്‍ഗീയത, സ്വജന പക്ഷപാതം, അക്രമ രാഷ്ട്രീയം എന്നിങ്ങനെ കേരളത്തെ ബാധിച്ചിട്ടുള്ള അഞ്ച് രോഗങ്ങളെ അക്കമിട്ട് നിരത്തിയ മോദി, ഇടതു-വലതു മുന്നണികളുടെ വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി, കേരളത്തിന്റെ വികസനം വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികളെടുക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ആയുര്‍വേദത്തെ ആഗോള ശക്തിയാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളെ എടുത്തുപറയുകയും, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ എടുത്തിട്ടുള്ള നടപടികളെ അക്കമിട്ടു നിരത്തുകയും ചെയ്തു.
വികസന രാഷ്ട്രീയത്തിന്റെ വക്താവും പ്രയോക്താവുമായ നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തെ സിപിഎമ്മും കോണ്‍ഗ്രസ്സും ഒരുപോലെ എതിര്‍ക്കാറുണ്ട്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണിത്. തെരഞ്ഞെടുപ്പ് കാലത്ത് മോദി ബിജെപിയുടെ പ്രചാരണത്തിനെത്തുമ്പോള്‍ ഇക്കൂട്ടര്‍ക്ക് പരിഭ്രാന്തിയാണ്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ അവസരവാദപരവും വികസന വിരുദ്ധവുമായ രാഷ്ട്രീയത്തോട് വിയോജിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ മോദിയുടെ വരവിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നതില്‍ ഇടതു-വലതു മുന്നണികള്‍ ആശങ്കാകുലരുമാണ്. ഇക്കാരണത്താലാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രിയുടെ പരിപാടിക്ക് പിണറായി സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ഇതിന് കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും പിന്തുണയുമുണ്ട്. പകരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക. നരേന്ദ്ര മോദി രാജ്യത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണ്. ബിജെപിയോടുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ പ്രധാനമന്ത്രിക്കെതിരെ തിരിയുന്നത് അംഗീകരിക്കാനാവില്ല. മുന്‍കാല നിയമസഭാതെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ബിജെപിയുടെ വികസന രാഷ്ട്രീയത്തിന് വ്യക്തമായ ആധിപത്യമുള്ള തെരഞ്ഞെടുപ്പാണിത്. മോദിയുടെ തെരഞ്ഞെടുപ്പ് പര്യടനം എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയ സാധ്യതയെ പലമടങ്ങ് വര്‍ധിപ്പിക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: