ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിക്കെതിരായ ഡിഎംകെയുടെ എ രാജ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ തിരുപ്പൂരിലെ പൊതുയോഗത്തില്‍ തിരിച്ചടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാടിന്റെ സ്ത്രീ ശക്തിയെ ആക്രമിക്കാന്‍ യുപിഎ അടുത്തിടെ കാലഹരണപ്പെട്ട ടുജി മിസൈല്‍ വിക്ഷേപിച്ചുവെന്ന് രാജയുടെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു. ടുജി സ്പെക്ട്രം അഴിമതിയില്‍ യുപിഎ സര്‍ക്കാരില്‍ ടെലികോം മുന്ത്രിയായിരുന്ന എ രാജയുടെ പങ്ക് സൂചിപ്പിച്ചായിരുന്നു മോദിയുടെ പരിഹാസം.
‘ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് തമിഴ്നാടിന്റെ സ്ത്രീശക്തിയെ ആക്രമിക്കണമെന്ന നിര്‍ദേശത്തോടെ ഈ മിസൈല്‍ യുപിഎ വിക്ഷേപിക്കുകയായിരുന്നു’- പ്രധാനമന്ത്രി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ബഹുമാന്യയായ അമ്മയെ അപമാനിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ‘അങ്ങനെ സംഭവിക്കാതിരിക്കട്ടെ, അവര്‍ അധികാരത്തിലെത്തിയാല്‍ തമിഴ്നാട്ടിലെ മറ്റ് അനേകം സ്ത്രീകളെ അപമാനിക്കും.’- മോദി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മരിച്ചുപോയ അമ്മയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ എ രാജ കഴിഞ്ഞദിവസം ക്ഷമാപണം നടത്തിയിരുന്നു. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെയും പളനിസ്വാമിയെയും താരതമ്യം ചെയ്തുള്ള രാജയുടെ പ്രസ്താവനയാണ് വിവാദമായത്. നിയമാനുസൃതമായി, പൂര്‍ണ വളര്‍ച്ചയെത്തി ജനിച്ച കുട്ടിയാണ് സ്റ്റാലിന് എങ്കില്‍ അവിഹിതബന്ധത്തിലൂടെ ജനിച്ച പൂര്‍ണ വളര്‍ച്ചയെത്താത്ത കൂട്ടിയാണ് ഇപിഎസ് എന്നായിരുന്നു രാജ പറഞ്ഞത്.
തുടര്‍ന്ന് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാജയുടെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിച്ച് പളനിസ്വാമി വികാരാധീനനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: