തൃശൂര്‍: ദിവസങ്ങള്‍ നീണ്ട വാക് യുദ്ധങ്ങള്‍ക്ക് വിരാമമായി. നിയന്ത്രണങ്ങളില്‍ എല്ലാം ഇളവ് നല്കി പൂരം നടത്താന്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത അന്തിമയോഗത്തില്‍ ഞായറാഴ്ച തീരുമാനമായി.
പൂരത്തോടനുബന്ധിച്ച് നടത്തുന്ന എക്സിബിഷനില്‍ ജനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തില്ല. 200 പേരെ മാത്രമേ അനുവദിക്കൂ എന്ന ഒരു തീരുമാനം ഉദ്യോഗസ്ഥന്മാര് നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ ഈ നിയന്ത്രണവും വേണ്ടെന്ന് വച്ചു. പൂരത്തിനും പുരുഷാരത്തെ നിയന്ത്രണമേര്‍പ്പെടുത്തില്ല. അതേ സമയം കോവിഡുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങള്‍ ഉണ്ടാകും.
36 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന സമ്പൂര്ണ്ണപൂരം തന്നെയായിരിക്കും ഇക്കുറി നടത്തുക. 15 ആനകള്‍ വീതം അണിനിരന്ന് എഴുന്നെള്ളിപ്പുണ്ടാകും. പഞ്ചവാദ്യവും പഞ്ചാരിമേളവും കുടമാറ്റവും വെടിക്കെട്ടും എക്സിബിഷനും നടക്കും.
വിവിധ ഹിന്ദുസംഘടനകളുടെ സമ്മര്‍ദ്ദവും പൂരപ്രേമികളുടെയും തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രസമിതികളുടെയും നിര്‍ബന്ധവും തൃശൂര്‍ നിവാസികളുടെ അപേക്ഷയും ഒടുവില്‍ ഫലവത്തായി. മന്ത്രി വിഎസ് സുനില്‍കുമാറും പൂരം മുടക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം അനുവദിക്കില്ലെന്ന് ഞായറാഴ്ച പ്രസ്താവിച്ചിരുന്നു.
പൂരം മുന്‍വര്‍ഷങ്ങളിലേത് പോലെ നടത്താന്‍ സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് ബിജെപി തിരുവനന്തപുരത്ത് നേരത്തെ ഏകദിന ഉപവാസം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ബിജെപി തന്നെ പൂരം ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച്, പാരമ്പര്യപ്പൊലിമയോടെ അനുബന്ധച്ചടങ്ങള്‍ക്കൊപ്പം നടത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്നിരുന്നു.
കൊറോണ പ്രോട്ടോക്കോള്‍ ഉയര്‍ത്തിയുള്ള കടുത്ത നിലപാടുകളില്‍ നിന്നും സര്‍ക്കാര്‍ അവസാനയോഗത്തില്‍ പിന്മാറുകയായിരുന്നു. ഈ വര്‍ഷത്തെ പൂരം ഏപ്രില്‍ 23നാണ്. പൂരത്തോടനുബന്ധിച്ചുള്ള എക്സിബിഷന് ആരംഭിക്കേണ്ട സമയം കഴിഞ്ഞു. പൂരം പ്രദര്‍ശനത്തില്‍ നിന്നുള്ള വരുമാനം പൂരച്ചെലവിന്റെ പ്രധാനഉറവിടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: