ദേവന്മാര് പിന്മാറുന്നില്ല. അറിയേണ്ടവ അറിയണമല്ലൊ. അവര്‍ ഇന്ദ്രനെ വിളിച്ചു. യക്ഷം എന്താണെന്നറിഞ്ഞുവരാന്‍ പറഞ്ഞയച്ചു. ഇന്ദ്രന് നടന്നടുത്തപ്പോള്‍ യക്ഷം ഓടിമറഞ്ഞു. ഇന്ദ്രനൊന്നുകാണാനോ പറയാനോ കഴിഞ്ഞില്ല. യക്ഷം തിരോഭവിച്ചപ്പോള്‍ ആകാശത്തില്‍ കാന്തിയോടപരകാന്തിപോലെ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. ആരാണത്?
കേനര്‍ഷി പറയുന്നത് കേള്‍ക്കുക: ‘ബഹുശോഭമാനാം ഹൈമവതീം ഉമാം സ്ത്രിയം അജഗാമ’. അത്യന്തം ശോഭയുള്ള ഹൈമവതിയായ ഉമയെന്ന സ്ത്രീ. ഇന്ദ്രന് അവരോട് ചോദിച്ചു: ‘കിം ഏതത് യക്ഷമിതി’ – ഈ യക്ഷം എന്താണ്?
ഇവിടെ ഈ സംഭാഷണത്തോടെ കേനോപനിഷത്തിലെ തൃതീയഖണ്ഡം അവസാനിക്കുന്നു. എത്ര നാടകീയമായാണ് ഈ രംഗം ഋഷി അവതരിപ്പിച്ചിരിക്കുന്നത്. ചതുര്‍ത്ഥ ഖണ്ഡത്തിന്റെ തിരശ്ശീല ഉയരുമ്പോള്‍ അരങ്ങില്‍ ഉമയും ഇന്ദ്രനും. യക്ഷം എവിടെയാണോ മറഞ്ഞത് അവിടെനിന്നുമാണ് ഹൈമവതിയുടെ ആവിര്‍ഭാവം. ഉമയുടെ സംഭാഷണത്തോടെ രംഗം തുടങ്ങുന്നു:
‘ബ്രഹ്മ ഇതി’ – ഇതാണ് ബ്രഹ്മം. ഉമയുടെ വാചം യമിത്വം ശ്രദ്ധേയം. അല്ലെങ്കിലും അറിവേറിയവര്‍ അധികം പറയില്ലല്ലോ. ഒരു ചൂര്‍ണ്ണികയില്‍ എല്ലാം ഒതുങ്ങുന്നു. ബ്രഹ്മത്തിന്റെ വിജയമാണ് ദേവന്മാരുടെ ഉത്കര്ഷത്തിനുകാരണമെന്നും ഉമ പ്രസ്താവിച്ചു. ദേവാസുരയുദ്ധത്തിലവര് വിജയിച്ചത് അവരുടെ ശക്തിയും മഹത്വവും കൊണ്ടല്ലെന്നുവിവക്ഷ. ഇവിടെ നാം മറ്റൊരു പ്രകരണംകൂടി ഓര്‍മ്മിയ്ക്കാവുന്നതാണ്. യോഗേശ്വരനായ കൃഷ്ണന് ധനുര്‍ധരനായ പാര്‍ത്ഥന്റെ കൂടെനിന്നതുകൊണ്ടാണ് ആളും അര്‍ത്ഥവും കുറഞ്ഞ പാണ്ഡവസേന കുരുക്ഷേത്രത്തില്‍ വിജയിച്ചത്.
ദേവന്മാര് സത്യം അറിയുന്നു. ദേവന്മാരുടെ അഹങ്കാരം ശമിച്ചോ ഇല്ലയോ എന്നത് ഉപനിഷത് ഋഷിയ്ക്ക് പ്രശ്നമല്ല. ബ്രഹ്മസൂചനയനുസരിച്ചുജീവിച്ചാല് ആര്‍ക്കും ഉല്കര്ഷമേ ഉണ്ടാവൂ എന്ന് അര്ത്ഥവാദകഥയുടെ അകപ്പൊരുള്‍.
നാലഞ്ചു ചെറുരംഗങ്ങളുള്ള ഒരേകാങ്കനാടകത്തിന്റെ ശില്പഭദ്രതയുള്ളതാണ് കേനോപനിഷത്തിലെ യക്ഷപ്രശ്നം. യക്ഷം, അഗ്നി, വായു, ഇന്ദ്രന്, ഉമ, ദേവന്മാര് – കഥാപാത്രങ്ങള്‍. നാടകത്തിന്റെ സ്ഥലരാശിയോ – ദേവലോകവും പരിസരവും. ചിരന്തനശ്രുതിയുള്ള സമസ്യയാണ് ഈ കഥപറഞ്ഞുവെച്ചിരിക്കുന്നത്. സമാനമായ യക്ഷപ്രശ്നം വ്യാസമഹാഭാരതത്തിലും നമുക്കുവായിക്കാം.
ബ്രഹ്മശക്തിയോട് ആദ്യമായി ബന്ധപ്പെട്ടവര്‍ മൂന്നുപേര്‍. അഗ്നിയും വായുവും ഇന്ദ്രനും. അഗ്നിയും വായുവും മാത്രമേ യക്ഷത്തെ കണ്ടിട്ടുള്ളു, സംസാരിച്ചിട്ടുള്ളു. ഇന്ദ്രനാവട്ടെ ജ്ഞാനേശ്വരിയായ ഉമാ ഹൈമവതിയില്നിന്നും ബ്രഹ്മമഹിമ നേരിട്ടുഗ്രഹിക്കുന്നു. മറ്റുദേവന്മാരില്‍നിന്നും ഈ മൂന്നുപേര്‍ ശ്രേഷ്ഠരാണ്. ഇവരില്‍ത്തന്നെ അതിശ്രേഷ്ഠനാണ് ഇന്ദ്രന്.
ഈ ഉമ ആരാണ്? ശ്രീശങ്കരന്റെ ഭാഷ്യമിങ്ങനെ: ‘വിദ്യാ ഉമാരൂപിണീ പ്രാദുരഭൂത് സ്ത്രീ രൂപാ’. ബുദ്ധിയുടേയും ശക്തിയുടേയും ആള്‍രൂപം ഉമാ ഹൈമവതിയാണ്. സര്‍വ്വജ്ഞയാണ്, ഓങ്കാരസ്വരൂപിണിയാണ്. ‘ഹൈമവതി’ എന്ന ഉപനിഷല്പ്രയോഗം കണ്ടിട്ട് ബ്രഹ്മവിദ്യ ഹിമാലയത്തില്‍നിന്നും ഇറങ്ങിവന്നുവെന്ന സൂചനയല്ലേ നല്‍കുന്നത് എന്ന് ഒരു പാശ്ചാത്യപണ്ഡിതന്‍ ശങ്കിയ്ക്കുന്നുമുണ്ട്.
ഇപ്പറഞ്ഞ അര്‍ത്ഥവാദത്തിന്റെ പൊരുള്‍ എന്താണ്? നമുക്ക് നോക്കാം.
അഗ്നി പ്രകാശരൂപമാണ്. അതിനാല്‍ ജ്ഞാനേന്ദ്രിയങ്ങളെ അഗ്നി പ്രതിനിധീകരിക്കുന്നു. വായു ചലനാത്മകമാണ്. തന്മൂലം വായു കര്മ്മേന്ദ്രിയങ്ങളെ പ്രതിനിധീകരിക്കുന്നു. ഇന്ദ്രന് മനസ്സിന്റെ പ്രതീകമാണ്. ദേവാസുരയുദ്ധം നന്മയും തിന്മയും തമ്മിലുള്ളത്. ദൈവീസമ്പത്തും ആസുരീസമ്പത്തും തമ്മില്‍ വൃഷ്ടിയിലും സമഷ്ടിയിലും ദേവാസുരയുദ്ധം നടക്കുന്നു. നടക്കുന്നു.
ഇന്ദ്രന് അടുത്തെത്തവേ യക്ഷം അപ്രത്യക്ഷമാകുന്നുവല്ലൊ. ഇതിനര്‍ത്ഥം ഇന്ദ്രന്റെ ജ്ഞാനേന്ദ്രിയങ്ങളുടെ ബോധവൃത്തി ഇല്ലാതായി എന്നതാണ്. യക്ഷത്തെ തിരിച്ചറിയുവാന്‍ ഇന്ദ്രന് അന്തര്‍മുഖനായി. അപ്പോള്‍ വിദ്യ ഉമയായി പ്രത്യക്ഷമാകുന്നു,
പാരമാര്‍ത്ഥികസത്യത്തെ വിളംബരം ചെയ്യുന്നു. ആ സത്യം ബ്രഹ്മംതന്നെ. യക്ഷം ബ്രഹ്മമെന്ന് ആദ്യം അറിഞ്ഞത് ഇന്ദ്രന്. അതിനാല്‍ ഇന്ദ്രന് അതിശ്രേഷ്ഠന്‍. ആളറിയാതെയാണെങ്കിലും കാണുകയും പറയുകയും കേള്‍ക്കുകയും ചെയ്ത അഗ്നിയും വായുവും പരീക്ഷണങ്ങളില്‍ പരാജിതരെങ്കിലും ശ്രേഷ്ഠര്തന്നെ. അറിയാതെയറിയുന്ന അറിവും ചിലനേരങ്ങളില്‍ തിരിച്ചറിവാകും.
ഇന്ദ്രനുകാര്യമറിയാന് മറ്റൊരാള്‍ വേണ്ടിവന്നു. ആ വ്യക്തിയാവട്ടെ തുംഗഹിമാചലശൃംഗനിവാസിനിയും. നേരറിയാന്‍, ആത്മജ്ഞാനമുണ്ടാവാന് ഗുരു അനിവാര്യമാണ്. ബ്രഹ്മബോധം ചിലരില്‍ തെളിയുന്നത് ഇടിമിന്നല്‍ (വിദ്യുതഃ വിദ്യുതത്) പ്രകാശിക്കുന്നതുപോലെയും കണ്ണടച്ചുതുറക്കുന്നതുപോലെയും (ന്യമീമിഷത്) ക്ഷണികമായിരിക്കും. യക്ഷം വരുന്നതും പോകുന്നതും മിന്നല്‍ വേഗത്തിലാണല്ലൊ. ഇത് ഒരര്‍ത്ഥതലം. ബ്രഹ്മജ്ഞാനം ഉറച്ചുകിട്ടാന്‍ ഉപാസന ശീലമാക്കണം. ജ്ഞാനേന്ദ്രിയങ്ങളാലും കര്‍മ്മേന്ദ്രിയങ്ങളാലും ഉപാസനചെയ്യണം. അതിനാണ് വായുവും അഗ്നിയും ഇന്ദ്രിയങ്ങളുടെ പ്രതീകങ്ങളായി കഥയില്‍ പ്രത്യക്ഷപ്പെട്ടത്. അത് രണ്ടാമത്തെ അര്‍ത്ഥം. മൂന്നാമത്തെ അര്‍ത്ഥതലമാണ് ഏറെ പ്രധാനം. പൂജനീയനായ ഒരേയൊരു ദേവന് ബ്രഹ്മമാകുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: