ഒടുവില്‍ പശ്ചിമബംഗാളും ബിജെപിയുടെ വഴിയില്‍ മുന്നേറുകയാണ്. ബിജെപിയുടെ മുന്നേറ്റം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായുമൊക്കെ ബംഗാളിന് അന്യരാണെന്ന പ്രചാരണമാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടക്കത്തില്‍ നടത്തിയത്. ഇങ്ങനെയൊരു വികാരം ശക്തിപ്പെടുത്തിയാല്‍ തനിക്ക് അനുകൂലമായ ധ്രുവീകരണം സംഭവിക്കുമെന്നും, നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ ചെറുക്കാനാവുമെന്നുമാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് കണക്കുകൂട്ടിയത്. പക്ഷേ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നേറിയതോടെ ബംഗാളി ജനത മോദിക്കൊപ്പമാണെന്ന് തെളിയുകയായിരുന്നു. ജനലക്ഷങ്ങളാണ് മോദിയുടെയും അമിത്ഷായുടെയും തെരഞ്ഞെടുപ്പ് റാലികളിലേക്ക് ഒഴുകിയെത്തിയത്. ഈ നേതാക്കളെ വരത്തന്മാര് എന്നു വിളിച്ച് ആക്ഷേപിച്ചിരുന്ന മമതയ്ക്ക് അധികം വൈകാതെ അവരെ നേരിടാന്‍ മറ്റ് സംസ്ഥാനങ്ങളിലെ ശത്രുപാളയത്തില്‍നിന്നുള്ള നേതാക്കളെ ഇറക്കുമതി ചെയ്യേണ്ടിവന്നു. ഒന്നാംഘട്ട പോളിങ് നടക്കാനിരിക്കെ പരാജയഭീതി പൂണ്ട മമത നിസ്സഹായാവസ്ഥയിലാണ്. ബിജെപിയെ ചെറുക്കാന്‍ അധികാര ദുരുപയോഗത്തിലൂടെ ചെയ്തു കൂട്ടിയതെല്ലാം പാഴായിരിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അംഗബലം രണ്ടക്കം കടന്നാല്‍ താന്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുമെന്നായിരുന്നു മമത വിലയ്ക്കെടുത്ത ‘തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍’ പ്രശാന്ത് കിഷോറിന്റെ വീരവാദം. യഥാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തതായിരുന്നു ഈ പ്രസ്താവന. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ 18 സീറ്റും 40 ശതമാനം വോട്ടും നേടിയ ബിജെപി ആ നിലയ്ക്കു തന്നെ പ്രതിപക്ഷ പാര്‍ട്ടിയായി ഉയര്‍ന്നിരുന്നു. മൂന്നര പതിറ്റാണ്ടുകാലം ഇടതുപാര്‍ട്ടികളും, ഒരു പതിറ്റാണ്ട് മമതയും ഭരിച്ച ബംഗാള്‍ വികസനത്തിന്റെ ശവപ്പറമ്പായി മാറുകയായിരുന്നു. ഇതിന് മാറ്റം വരുത്താന്‍ ബിജെപിയെ അധികാരത്തിലേറ്റണമെന്ന മോദിയുടെ വാക്കുകള്‍ ജനങ്ങള്‍ ഹൃദയത്തിലേറ്റു വാങ്ങുന്നതാണ് കണ്ടത്. ‘സുവര്‍ണ ബംഗാള്‍’ എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ബിജെപി പുറത്തിറക്കിയ പ്രകടനപത്രിക വികസനത്തിന്റെയും സാമൂഹ്യനീതിയുടെയും മാത്രമല്ല, മതസ്വാതന്ത്ര്യത്തിന്റെ പോലും ഉറപ്പാണ് ജനങ്ങള്‍ക്ക് നല്‍കിയത്. വര്‍ഗീയ പ്രീണനത്തില്‍ ഏതറ്റംവരെ പോകാനും മടിക്കാതിരുന്ന മമത ഹിന്ദുക്കളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്താനും മടിച്ചില്ല. ഇതിനെതിരെ ശക്തമായി പ്രതികരിച്ച ബിജെപി ഹിന്ദുക്കള്‍ക്ക് അവരുടെ മതസ്വാതന്ത്ര്യം ഉറപ്പു നല്കി. അദ്ഭുതകരമായിരുന്നു ഇതിന്റെ പ്രതികരണം. ജയ് ശ്രീറാം എന്ന മുദ്രാവാക്യം ബംഗാളിന്റെ മുക്കിലും മൂലയിലും മുഴങ്ങി.
ബംഗാള്‍ രാഷ്ട്രീയം വലിയൊരു മാറ്റത്തിന്റെ പടിവാതില്ക്കല് എത്തിനില്‍ക്കുകയാണ്. അയല്‍ സംസ്ഥാനമായ ത്രിപുരയിലെ കാല്‍നൂറ്റാണ്ടു കാലത്തെ ഇടതുപക്ഷ ഭരണത്തെ പുറന്തള്ളി ബിജെപി അധികാരത്തിലേറിയപ്പോള്‍ അടുത്തത് ബംഗാളാണെന്ന് പലരും പ്രവചിച്ചിരുന്നു. അന്ന് അങ്ങനെയൊരു സാധ്യതയെ പുച്ഛിച്ചു തള്ളുകയായിരുന്നു മമത. തന്റെ കോട്ട ഇളക്കാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് അവര്‍ അഹങ്കരിച്ചു. പക്ഷേ പിന്നീട് എന്തു സംഭവിച്ചുവെന്ന് ലോകം കണ്ടതാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നേതാക്കളും ജനപ്രതിനിധികളും ബിജെപിയിലേക്ക് കൂട്ടത്തോടെ അടര്‍ന്നുവീഴുകയായിരുന്നു. ശരിക്കു പറഞ്ഞാല്‍ മമതയുടെ പാര്‍ട്ടിയായ തൃണമൂലിന്റെ പകുതിയോളവും ബിജെപിയില്‍ ചേര്‍ന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി ഒരു ഭാഗത്തും മറ്റുള്ളവര്‍ മറുഭാഗത്തുമായി ബംഗാളിന്റെ രാഷ്ട്രീയം മാറിയിരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും, കോണ്‍ഗ്രസ്സ്-ഇടതുപക്ഷ സഖ്യത്തെയും ഒന്നുപോലെ നേരിട്ടാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നു വന്നതോടെ എതിരാളികള്‍ ഇനിയും അവസരവാദ സഖ്യത്തിലേര്‍പ്പെടും. എന്നാല്‍ അതിനെയും മറികടക്കാനുള്ള ശക്തി ബിജെപി ആര്‍ജിച്ചു കഴിഞ്ഞു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. നവോത്ഥാനത്തിന്റെ മണ്ണായ ബംഗാള്‍ ബിജെപിക്ക് ഒരുവിധത്തിലും അന്യമല്ല. ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മനാട് എന്ന നിലയ്ക്ക് വംഗഭൂമി കാവിയണിയുന്നത് ചരിത്രത്തിന്റെ നിയോഗങ്ങളിലൊന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: