ആയാതു ശിവലോകം നഃ
കലാവിതി വിലോകനാല്‍
ചിന്തയാ സത്ഭിരാരംഭി
ദേവപൂരമഹോത്സവഃ
(ഈ കലിയുഗത്തിലും നമുക്ക് നന്മവരട്ടെയെന്ന സജ്ജനങ്ങളുടെ ചിന്തകൊണ്ട് 13,45,610 ാമത് കലിദിനത്തില്‍ ദേവന്‍മാരുടെ പൂരമഹോത്സവം ആരംഭിക്കപ്പെട്ടു).
ആചാരങ്ങളുടെ പൂരമാണ് ആറാട്ടുപുഴ പൂരം. ദേവീദേവന്മാരുടെ അതുല്യ സംഗമമായ പൂര പഴമയ്‌ക്ക് 1438 വര്‍ഷത്തെ ചരിത്രമുണ്ട്. മീനത്തിലെ പൂരം നാളില്‍ ആറാട്ടുപുഴ ശാസ്താക്ഷേത്രത്തിനടുത്തുള്ള പൂരപ്പാടത്താണ് ദേവീദേവന്മാരുടെ ഐതിഹ്യപ്രസിദ്ധമായ ഒത്തുചേരല്‍.
മധ്യകേരളത്തിലെ 108 ക്ഷേത്രങ്ങളില്‍ നിന്നുള്ള മൂര്‍ത്തികളെയാണ് ആറാട്ടുപുഴയ്‌ക്ക് എഴുന്നള്ളിച്ചിരുന്നതെന്ന് ചരിത്രം പറയുന്നു. ദേവീദേവന്‍മാരുടെ എണ്ണം 108 ല്‍നിന്ന് 24 ആയി കുറഞ്ഞപ്പോഴും ഈ പൂരത്തിനുതുല്യം ഇതൊന്നു മാത്രം. ബാക്കി 84 ക്ഷേത്രങ്ങളിലും അതാതുക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പൂരം നടത്തിവരുന്നു. ഇതും ആറാട്ടുപുഴ പൂരത്തിന്റെ ഖ്യാതിക്ക് പൊന്‍തൂവലാകുന്നു.
ആറാട്ടുപുഴ ശാസ്താവ്, തൃപ്രയാര്‍തേവര്‍, ഊരകത്തമ്മതിരുവടി, ചേര്‍പ്പ് ഭഗവതി, അന്തിക്കാട് ഭഗവതി, തൊട്ടിപ്പാള്‍ ഭഗവതി, പിഷാരിക്കല്‍ ഭഗവതി, എടക്കുന്നി ഭഗവതി, അയ്കുന്നില്‍ ഭഗവതി, തൈക്കാട്ടുശ്ശേരി ഭഗവതി, കടുപ്പശ്ശേരി ഭഗവതി, ചൂരക്കോട് ഭഗവതി, പൂനിലാര്‍ക്കാവ് ഭഗവതി, കാട്ടുപിഷാരിക്കല്‍ ഭഗവതി, ചാത്തക്കുടം ശാസ്താവ്, ചക്കംകുളങ്ങര ശാസ്താവ്, കോടന്നൂര്‍ ശാസ്താവ്, നാങ്കുളം ശാസ്താവ്, മാട്ടില്‍ ശാസ്താവ്, നെട്ടിശ്ശേരി ശാസ്താവ്, കല്ലേലി ശാസ്താവ്, ചിറ്റിച്ചാത്തക്കുടം ശാസ്താവ്, മേടംകുളം ശാസ്താവ്, തിരുവുള്ളക്കാവ് ശാസ്താവ് എന്നിങ്ങനെ 11 ശാസ്താക്കന്‍മാരും 12 ഭഗവതിമാരും തൃപ്രയാര്‍ തേവരും സംഗമിക്കുന്നതാണ് ദേവസംഗമം. 1439 ാമത് പൂരമാണ് ഈ വര്‍ഷത്തേത്.
ഓരോ ക്ഷേത്രങ്ങളിലും കൊടിയേറ്റം മുതല്‍ കൊടിയിറക്കംവരെ ചടങ്ങുകളും ആഘോഷങ്ങളും വളരെ പ്രാധാന്യമുള്ളതാണ്. പൂരത്തിന് 28 ദിവസം മുമ്പ് ചേര്‍പ്പ് ഭഗവതിക്ഷേത്രത്തില്‍ കൊടിമരം നാട്ടുന്നതോടെ പൂരക്കാലത്തിന് തുടക്കമാകുന്നു. കൊടിയേറിയ ശേഷം ദേശത്തെ കാരണവര്‍ ഭക്തരെ സാക്ഷിനിര്‍ത്തി ഇന്നേക്ക് ഇരുപത്തിയെട്ടാം ദിവസം ആറാട്ടുപുഴ പൂരം എന്ന് ഉറക്കെ മൂന്നു തവണ വിളിച്ചുപറയും. ഈ ആചാരപ്രഖ്യാപനം തന്നെ പൂരത്തിന്റെ മഹിമ വിളിച്ചോതുന്നു. ഇങ്ങനെ മീനത്തിലെ അശ്വതി പുറപ്പാട് മുതല്‍ അത്തം വരെയുള്ള 12 നാളുകളിലായി 24 ക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങുകളും ആഘോഷങ്ങളും അനുഭൂതി പകരുന്നതാണ്.
ആറാട്ടുപുഴ പൂരദിവസമായ മീനത്തിലെ പൂരം നാളില്‍ കാശി വിശ്വനാഥക്ഷേത്രത്തില്‍ അത്താഴപൂജയില്ല. ഉച്ചപൂജ കഴിഞ്ഞാല്‍ നടയടയ്‌ക്കുമത്രേ. മുപ്പത്തിമുക്കോടി ദേവകളുടേയും ആത്മീയസാന്നിധ്യം ആറാട്ടുപുഴ പൂരത്തിനുണ്ടെന്നതിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്.
ദിവ്യനായ വില്വമംഗലം സ്വാമിയാര്‍ ഒരു സായംസന്ധ്യയില്‍ തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനത്തിനുചെന്നു. അന്ന് പതിവില്ലാതെ വടക്കുംനാഥക്ഷേത്രനട അടഞ്ഞുകിടക്കുന്നതുകണ്ട സ്വാമിയാര്‍ കാരണം തിരക്കിയപ്പോള്‍ സാക്ഷാല്‍ വടക്കുംനാഥന്‍ പ്രത്യക്ഷനായി ‘ഇന്ന് ആറാട്ടുപുഴ പൂരമാണ്. എനിക്ക് ആ ആഘോഷം കാണാന്‍ പോകേണ്ടതുണ്ട്. നമുക്ക് ആറാട്ടുപുഴയില്‍ സംഗമിക്കാം’ എന്ന് അരുളിചെയ്തു. സാക്ഷാല്‍ മഹാദേവന്‍പോലും സാക്ഷിയാകുന്ന പൂരം കാണാന്‍ സ്വാമിയാര്‍ ആറാട്ടുപുഴയിലെത്തി.
പൂരപ്പാടത്തെത്തിയ സ്വാമിയാര്‍ ഇന്നുകാണുന്ന വില്ലൂന്നിത്തറയുടെ സമീപം ഇരുപ്പുറപ്പിച്ചു. കേരളത്തിലെ അനേകം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള വില്വമംഗലത്തിന് പൂരക്കാഴ്ചകളില്‍ പുതുമയൊന്നും തോന്നിയില്ലെങ്കിലും തന്റെ ദിവ്യനേത്രങ്ങള്‍കൊണ്ട് കൂട്ടിയെഴുന്നള്ളിപ്പില്‍ വൈകുണ്ഠത്തിലെ മഹാവിഷ്ണുവിനെയാണ് സ്വാമിയാര്‍ ദര്‍ശിച്ചത്. ശ്രീപത്മനാഭനെ പ്രതിഷ്ഠിച്ച കൃഷ്ണലീലാശുകന്‍ എന്ന് മറ്റൊരു പേരുള്ള വില്വമംഗലം ഈ വൈകുണ്ഠദര്‍ശനം കണ്ട് ആനന്ദാതിരേകത്താല്‍ ഇരുന്ന ഇരുപ്പില്‍ രണ്ടുകൈകളുംകൊണ്ട് മണ്ണ് വാരി ശിരസ്സിലിട്ടു. ആറാട്ടുപുഴ വളരെ പരിപാവനമായ ഭൂമിയാണെന്നും കൂട്ടിയെഴുന്നള്ളിപ്പുസമയത്ത് ശ്രീഭൂമീദേവീസമേതനായ തൃപ്രയാര്‍ തേവരെ വലംവച്ച് കുമ്പിട്ടുകൈകൂപ്പുന്നത് മോക്ഷദായകമാണെന്നും പ്രവചിച്ചു.
ആറാട്ടുപുഴപൂരപ്പിറ്റേന്ന് പുലര്‍ച്ചെ നടക്കുന്ന വൈകുണ്ഠസമാനമായ കൂട്ടിയെഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരമാണ്. നടുക്ക് തൃപ്രയാര്‍ തേവരും ഇടതുഭാഗത്ത് ഊരകത്തമ്മതിരുവടിയും ചാത്തക്കുടം ശാസ്താവും വലതുഭാഗത്ത് ചേര്‍പ്പില്‍ ഭഗവതിയുമൊത്ത് എഴുപതില്‍പരം ആനകളുമായി എഴുന്നള്ളുന്നത് ഈ ദേവസംഗമത്തെ ലോകമേളയാക്കുന്നു. തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലെത്തിയാല്‍ പൂരപ്പാടത്തിനുസമീപത്തെ ഗംഗാദേവിയുടെ സാന്നിധ്യമുള്ള മന്ദാരക്കടവില്‍ ആറാട്ടുകള്‍ ആരംഭിക്കുകയായി. ആദ്യം ആറാടുന്നത് വിഷഹാരിണിയായ പിഷാരിക്കല്‍ ഭഗവതിയാണ്. ശേഷം മറ്റുദേവീദേവന്‍മാരുടേയും ആറാട്ട് നടക്കും. കൂട്ടിയെഴുന്നള്ളിപ്പിനുശേഷം തൃപ്രയാര്‍തേവരും ഊരകത്തമ്മതിരുവടിയും ചേര്‍പ്പ് ഭഗവതിയും ആറാട്ടിനെത്തും. ആറാട്ടിനുശേഷം തേവരും ഊരകത്തമ്മയും ഒരുമിച്ച് ആറാട്ടുപുഴ ശാസ്താസന്നിധിയിലേക്ക് നീങ്ങുന്നു. ഊരകത്തമ്മ ആദ്യം ശാസ്താവിനെ പ്രദക്ഷിണംവക്കുന്നു. പ്രദക്ഷിണശേഷം യാത്രയാവാന്‍ തയ്യാറാവുന്ന ദേവീദേവന്‍മാര്‍ക്ക് ആറാട്ടുപുഴ ശാസ്താവിന്റെ ഓചാരം(ഉപചാരം)ചൊല്ലുന്ന ചടങ്ങ് അതീവഹൃദ്യമാണ്. തൃപ്രയാര്‍തേവരെ ഏഴുകണ്ടംവരെ അകമ്പടിപോയിയാണ് ശാസ്താവ് യാത്രയാക്കുന്നത്. രാജകീയകിരീടത്തിന്റെ മകുടം ഒഴിവാക്കി തൃപ്രയാര്‍തേവര്‍ മടങ്ങുമ്പോള്‍ ഏഴുകണ്ടം അതിര്‍ത്തിയില്‍ മുപ്പത്തിമുക്കോടി ദേവകളേയും ഭക്തസഹസ്രങ്ങളേയും സാക്ഷിനിര്‍ത്തി ശാസ്താവിന്റെ പ്രതിനിധി അടുത്തവര്‍ഷത്തെ പൂരത്തീയതി കുറിക്കുന്നു. അടുത്ത പൂരത്തിന്റെ കാത്തിരിപ്പുമായി ശാസ്താവും ഭക്തരും മടങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: