എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്ന് സിപിഎമ്മും സര്‍ക്കാരും അവകാശപ്പെടുന്നത് എന്തുകൊണ്ടാണെന്നതിന്റെ ഒരു രഹസ്യം ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. മൂന്നരലക്ഷത്തോളം വ്യാജ വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ കയറിപ്പറ്റിയിരിക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഉദുമയില്‍ ഒരാളുടെ പേരില്‍ അഞ്ച് വോട്ടുള്ളതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 140 നിയോജകമണ്ഡലങ്ങളിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തിയത്. ഇത്തരം ഇരട്ട വോട്ടുകളുടെ കൃത്യമായ കണക്കും തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടിട്ടുണ്ട്. പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ മേല്ത്തുമ്പുമാത്രമാണെന്നും, കൃത്യമായി പരിശോധന നടത്തിയാല്‍ ഭീകരമായ തോതില്‍ വ്യാജ വോട്ടര്‍മാര്‍ പട്ടികയില്‍ കയറിപ്പറ്റിയിട്ടുള്ളത് വെളിപ്പെടുമെന്നും ഉറപ്പാണ്. ഉദുമയില്‍ ഒരാള്‍ക്ക് അഞ്ച് വോട്ടു ചെയ്യാനാവുന്നവിധം പട്ടികയില്‍ പേരു ചേര്‍ത്തതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥയെ സസ്പെന്റ് ചെയ്തിട്ടുണ്ടെങ്കിലും സമാനമായ ക്രമക്കേടുകള്‍ സംസ്ഥാന വ്യാപകമായി നടത്താന്‍ കൂട്ടുനിന്നിട്ടുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി, അവര്‍ക്കെതിരെ എന്തു നടപടി എടുക്കുമെന്നു വ്യക്തമല്ല. ഇരട്ട വോട്ടുകള്‍ ചെയ്യുന്നത് തടയാന്‍ കമ്മീഷന് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയോടു മാത്രം കൂറുള്ള ഉദ്യോഗസ്ഥരുടെ മുന്പില് അതൊന്നും വിലപ്പോവില്ല.
പ്രതീക്ഷിച്ചതുപോലെ മുഖ്യമന്ത്രി പിണറായി വിജയന് സംഭവത്തോട് പ്രതികരിച്ചിരിക്കുന്നു. ഇരട്ട വോട്ടുകള്‍ കണ്ടെത്തിയതിനു പിന്നില്‍ സംഘടിത നീക്കമില്ലെന്നാണ് പിണറായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു പറയേണ്ടത് മുഖ്യമന്ത്രിയല്ല. വസ്തുനിഷ്ഠമായി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. ഇക്കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ കള്ളവോട്ടു തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്റെ കയ്യും കാലും വെട്ടുമെന്ന് സിപിഎമ്മിന്റെ ഒരു എംഎല്‍എ ഭീഷണിപ്പെടുത്തിയ സംഭവം വലിയ വിവാദമായിരുന്നു. ഈ ഭീഷണി നേരിട്ട ഉദ്യോഗസ്ഥന് തന്നെ അക്കാര്യം വെളിപ്പെടുത്തിയിട്ടും എംഎല്‍എയ്ക്ക് സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് പിണറായി ചെയ്തത്. ഇതേ രീതിയാണ് ഇരട്ട വോട്ടുകളുടെ കാര്യത്തിലും മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. ഇരട്ടവോട്ടുകള്‍ ചേര്‍ക്കാന്‍ സംഘടിത നീക്കമില്ലെങ്കില്‍ എങ്ങനെ ഇത്തരം ലക്ഷക്കണക്കിന് വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ സ്ഥാനം പിടിച്ചു? മുഖ്യമന്ത്രിയുടെ കേവലമായ നിഷേധംകൊണ്ടുമാത്രം തീരാവുന്ന പ്രശ്നമല്ല ഇത്. ജനാധിപത്യ പ്രക്രിയയെ അതിനുള്ളില്‍നിന്നുതന്നെ അട്ടിമറിക്കുന്ന ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഒത്താശയില്ലാതെ ഇത് നടക്കില്ല. അധികാരത്തില്‍ തുടരാന്‍ എന്തു കടുംകയ്യും ചെയ്യുമെന്ന മാനസികാവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്. കള്ളവോട്ട് ഇതിനുള്ള കുറുക്കുവഴിയാണെന്ന് പിണറായിയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. ജനവിധിയെ മാനിപ്പുലേറ്റു ചെയ്യുന്ന രീതി അനുവദിച്ചാല്‍ ജനാധിപത്യം പ്രഹസനമായിത്തീരും.
കള്ളവോട്ടുകള്‍ ചെയ്യുന്നതില്‍ കമ്യൂണിസ്റ്റുകള്‍ക്കുള്ള മിടുക്ക് കുപ്രസിദ്ധമാണ്. മൂന്നര പതിറ്റാണ്ട് കാലത്തോളം പശ്ചിമബംഗാളില്‍ നിര്‍ബാധം ഇത് നടന്നു. ബംഗാളില്‍ ഇടതുപാര്‍ട്ടികള്‍ നടത്തുന്നത് ‘ശാസ്ത്രീയ ബൂത്തു പിടുത്ത’മാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എന്‍. ശേഷനാണ് വിമര്‍ശിച്ചത്. ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥന് എന്നു പേരുകേട്ട ശേഷന് ഭ്രാന്താണെന്നായിരുന്നു മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിന്റെ പ്രതികരണം. കേരളത്തിലും കണ്ണൂരുള്‍പ്പെടെ സിപിഎമ്മിന്റെ സ്വാധീനമേഖലകളിലെല്ലാം ഓരോ തെരഞ്ഞെടുപ്പിലും വ്യാപകമായ തോതില്‍ കള്ളവോട്ടുകള്‍ ചെയ്യുന്ന പതിവുണ്ട്. ഭരണ സംവിധാനം പാര്‍ട്ടി താല്‍പ്പര്യത്തിന് അനുസരിച്ച് മാറ്റിയെടുക്കുകയും, ഉദ്യോഗസ്ഥരെ പാര്‍ട്ടിയുടെ ചാവേറുകളാക്കിത്തീര്ക്കുകയും ചെയ്തിരിക്കെ ഇരട്ടവോട്ടും കള്ളവോട്ടുമൊക്കെ സിപിഎമ്മിന് ഒരു പുത്തരിയല്ല. മുഖ്യമന്ത്രിക്കും മറ്റുമെതിരായ സഹസ്രകോടികളുടെ അഴിമതി അന്വേഷണം ഉദ്യോഗസ്ഥരെ വിലയ്ക്കെടുത്ത് അട്ടിമറിക്കുന്നവര്‍ക്ക് ഇരട്ടവോട്ടുകള്‍ ചേര്‍ക്കുന്നതും, കള്ളവോട്ടുകള്‍ ചെയ്യുന്നതുമൊക്കെ പൂ പറിക്കുന്ന ലാഘവത്തോടെ നടപ്പാക്കാന്‍ കഴിയും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തോടെ പലയിടങ്ങളിലും സിപിഎമ്മിന് ജയിക്കാനായത് ഉദ്യോഗസ്ഥരെക്കൊണ്ട് കൊവിഡ് വോട്ടുകളില്‍ കൃത്രിമം കാണിച്ചതാണെന്ന വിമര്‍ശനം ശക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും കള്ളവോട്ടിലൂടെ തുടര്‍ഭരണം ഉറപ്പുവരുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ഇത് എന്തു വിലകൊടുത്തും തടയേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: