ന്യൂദല്‍ഹി: ശാസ്ത്രീയ തെളിവുകള്‍ കണക്കിലെടുത്ത് കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ടാഴ്ചയായി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം. ഇപ്പോള്‍ 28 ദിവസമാണ് ഇടവേള. നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്റെ (എന്‍ടിഐജിഐ) ശുപാര്‍ശ പരിഗണിച്ചാണ് ഈ മാറ്റം. ഇരുപത്തെട്ടു ദിവസം അല്ലെങ്കില്‍ നാലു മുതല്‍ ആറാഴ്ച വരെ എന്ന നിലവിലുള്ള രീതി മാറ്റാനാണ് നിര്‍ദേശം. ഇതു സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. പുതുക്കിയ ഇടവേള കൊവിഷീല്‍ഡിന് മാത്രമേ ബാധകമാകൂ. കൊവാക്സിന് ബാധകമല്ല.
ശുപാര്‍ശകള്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ടെന്നും ഇടവേള പുതുക്കാവുന്നതാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഒന്നാം ഡോസ് കഴിഞ്ഞ് എട്ടാഴ്ചകള്‍ക്കുള്ളില്‍ കൊവിഷീല്‍ഡിന്റെ രണ്ടാം ഡോസ് നല്‍കുന്നത് ഉറപ്പാക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ ശാസ്ത്രീയ തെളിവുകള്‍ കണക്കിലെടുക്കുമ്പോള്‍ കൊവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസ് ആറു മുതല്‍ എട്ടാഴ്ചകള്ക്കിടയില് നല്കിയാല് സംരക്ഷണം വര്‍ധിക്കുമെന്ന് പറയുന്നു. എന്നാല്‍ നിശ്ചിത കാലയളവ് എട്ടാഴ്ച കഴിയാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: