മുംബൈ: എന്‍സിപി നേതാവും മഹാരാഷ്ട്രയിലെ ആഭ്യന്തരമന്ത്രിയുമായ അനില്‍ ദേശ്മുഖിനെതിരെ മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിച്ചു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഒട്ടേറെ ആരോണപങ്ങള്‍ പരംബീര്‍ സിംഗ് ഉന്നയിച്ചിരുന്നു. ബാറുകളില്‍ നിന്നും ഡാന്‍സ് ക്ലബ്ബുകളില്‍ നിന്നും മാസം തോറും 100 കോടി രൂപ വീതം കൈക്കൂലിയായി പിരിച്ചെടുക്കണമെന്ന് ആഭ്യന്തരമന്ത്രി കല്പിച്ചിരുന്നു എന്ന ആരോപണമായിരുന്നു ഇതില്‍ പ്രധാനം. മുകേഷ് അംബാനിയുടെ വീടിന് മുന്പില് സ്ഫോടകവസ്തുക്കള്‍ നിറച്ച് വാഹനം ഉപേക്ഷിച്ച സംഭവത്തിന്റെ ആസൂത്രകരിലൊരാളായ സച്ചിന് വാസെയെ ഏറെ വര്‍ഷത്തെ സസ്പെന്ഷന് ശേഷം വീണ്ടും ക്രൈംബ്രാഞ്ചിലേക്ക് തിരിച്ചെടുത്തത് ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവ് ശരത്പവാറും അറിഞ്ഞുകൊണ്ടാണെന്നതായിരുന്നു രണ്ടാമത്തെ ആരോപണം.
ഈ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന് പുതിയ തലവേദന സൃഷ്ടിച്ചുകൊണ്ട് പരം ബീര്‍ സിംഗ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ആന്റിലിയയ്ക്ക് മുന്പില് ബോംബ് വെച്ച സംഭവവും അതിനായി ഉപയോഗിച്ച വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരന്റെ കൊലപാതകവും പരംബീര്‍ സിംഗിന്റെ തലയില്‍ കെട്ടിവെക്കാനുള്ള എന്‍സിപി നേതാക്കളുടെയും ഉദ്ധവ് താക്കറെയുടെയും ശ്രമമാണ് ഇതോടെ പൊളിഞ്ഞത്. ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും കത്തയക്കുകയായിരുന്നു.
തന്റെ ആരോപണങ്ങളെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പരംബീര്‍ സിംഗ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. സീനിയര്‍ അഭിഭാഷകന് മുകുള്‍ രോഹത്ഗി പരംബീര്‍ സിംഗിന് വേണ്ടി ഹാജരാകും. തെളിവുകള്‍ നശിപ്പിക്കപ്പെടുന്നതിന് മുമ്പ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയ്ക്കെതിരെ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും പരംബീര്‍ സിംഗ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
പരംബീര്‍ സിംഗിനെ മുംബൈ പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും മാറ്റിയതോടെയാണ് അദ്ദേഹം മഹാരാഷ്ട്രയിലെ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനെതിരെ നീങ്ങിയത്. അംബാനിയുടെ വീട്ടിലെ ബോംബ് ഭീഷണി സംബന്ധിച്ച കേസന്വേഷണത്തില്‍ വീഴ്ചകള്‍ ഉണ്ടായെന്ന് ആരോപിച്ചാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് മുംബൈ പൊലീസ് കമ്മീഷണര്‍ പദവിയില്‍ നിന്നും പരംബീര്‍ സിംഗിനെ മാറ്റിയത്. ഇപ്പോള്‍ പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തലുകള്‍ മഹാരാഷ്ട്ര സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. മാത്രമല്ല, തന്നെ മുംബൈ പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത് ഏകപക്ഷീയമായ നടപടിയാണെന്നും പരംബീര്‍ സിംഗ് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ആദ്യമൊക്കെ പരംബീര്‍ സിംഗിനെ കുറ്റപ്പെടുത്തിയിരുന്ന എന്‍സിപി നേതാവ് ശരത്പവാറും ഇപ്പോള്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വലിയ വീഴ്ച വരുത്തിയെന്ന് തുറന്നുസമ്മതിക്കുകയാണ്. ബിജെപി അനില്‍ ദേശ്മുഖിന്റെ രാജിക്കായി മുറവിളി കൂട്ടുകയാണ്. ഇദ്ദേഹത്തിന്റെ രാജി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണെന്നും ശരത്പവാര്‍ പറയുന്നു.
അതേ സമയം ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ രാജിയെക്കുറിച്ചും ആന്റിലിയ ബോംബ് കേസും പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തലും സൃഷ്ടിച്ച പ്രതിച്ഛായനഷ്ടത്തില്‍ നിന്നും എങ്ങിനെ കരകയറാം എന്നത് സംബന്ധിച്ച് മഹാവികാസ് അഘാദി സര്‍ക്കാരിലെ ഘടകകക്ഷികളായ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി എന്നിവയുടെ നേതാക്കള്‍ കൂടിയാലോചനകള്‍ നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: