കേരളത്തില്‍ മാറിമാറി അധികാരത്തിലേറുന്ന ഇടത്-വലത് മുന്നണികളുടെ നേതൃത്വത്തിലുള്ള ഭരണകൂടങ്ങള്‍ പൊതുവില്‍ ഹിന്ദു ഉന്മൂലനശ്രമങ്ങള്‍ നടത്തുന്നതില്‍ ഒരേ തൂവല്‍പക്ഷികളാണ്. ആസൂത്രിതവും സംഘടിതവും നിരന്തരവുമായി ഹിന്ദു സമുദായങ്ങളുടെ ഘടന പ്രത്യേകം പഠിച്ച് സെമറ്റിക് മതനേതൃത്വങ്ങളുടെ കാര്‍മ്മികത്വത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതിന്റെ ഫലമായി ഓരോ ഹിന്ദുസമുദായവും ഇന്ന് കാല്‍ക്കീഴില്‍നിന്നും മണ്ണ് നഷ്ടമായി ജനിച്ച നാട്ടില്‍ അഭയാര്‍ത്ഥികളായി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റങ്ങള്‍ ഹിന്ദുവിശ്വാസത്തിനെതിരെ മാത്രമാകുകുമ്പോള് ശരണമില്ലാതാക്കപ്പെടുന്നവന്റെ വേദന വനരോദനമായി മാറുന്നു.
ഇടത്-വലത് മുന്നണികള്‍ ഹിന്ദുവിന്റെ നെഞ്ചത്ത് പൊങ്കാലയിടാന്‍ മത്സരിക്കുന്നു. സാമൂഹത്തിന്റെ എല്ലാ മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പള്ളികളുടെയും പിന്‍ബലത്തില്‍ തങ്ങളുടേതായ സാമ്രാജ്യം പണിതുയര്‍ത്തുന്നതിലും പലവിധ മാര്‍ഗങ്ങളിലൂടെ ഹിന്ദു കുടുംബവ്യവസ്ഥയെ അസ്ഥിരപ്പെടുത്തി തര്ക്കാനുമുള്ള ശ്രമങ്ങള്‍ ലൗ-ജിഹാദായും കുരിശുകൃഷിയായും ഹലാല്‍ ഭക്ഷണമായുമൊക്കെ സാമൂഹ്യാന്തരീക്ഷത്തില്‍ അരങ്ങുതകര്ക്കുകയാണിന്ന്. ഇതിലൂടെ അരക്ഷിത ബോധത്തിന്റെ ഭീതിയിലേക്കാണിന്ന് ഹിന്ദുസമൂഹം എടുത്തെറിയപ്പെട്ടിരിക്കുന്നത്.
ജാതിപറഞ്ഞ് എക്കാലവും തമ്മില്തല്ലണമെന്നും അതിനായി സംവരണ ശതമാനങ്ങളില്‍ അശാസ്ത്രീയവും ഭരണഘടനാവിരുദ്ധവുമായ യുക്തി പ്രയോഗിക്കണമെന്നും ജാതീയത വളര്‍ത്തിയെടുക്കണമെന്നും മറഞ്ഞിരുന്ന് ഭരണത്തിന്റെ കടിഞ്ഞാണ്‍ കയ്യാളുന്നവര്ക്കറിയാം. ഇത്തരത്തിലുള്ള ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള പിന്നാക്ക വിഭാഗ കമ്മീഷന്റെ 28-01-2021-ലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 06-02-2021-ന് പിന്നാക്ക വിഭാഗ വികസന (എ) വകുപ്പ് സ.ഉ.(കൈ) നം. 02/2021/പി.വി.വി.വ. പ്രകാരം – ക്രിസ്തുമത വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നാടാര്‍ സമുദായങ്ങളെ (എസ്.ഐയുസി ഒഴികെ) സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ്. നമുക്ക് ജാതിയില്ലെന്നും മതമല്ല എരിയുന്ന വയറിന്റെ തീയാണ് പ്രശ്നമെന്നും തെരുവുനീളെ വിലപിച്ചുനടന്നവര് അരമനകളില്‍ എടുക്കപ്പെടുന്ന തീരുമാനങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സാമൂഹ്യനീതിക്കും ഭരണഘടനയ്ക്കും വിരുദ്ധമായ ഉത്തരവുകള്‍ ഇറക്കി ജനങ്ങളില്‍ വിഭാഗീയത വളര്‍ത്തുന്ന കാഴ്ച ഹിന്ദുവിന്റെ അകക്കണ്ണ് തുറപ്പിക്കണം. ഭരണഘടനാ ശില്പികള് ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്ന ഹിന്ദു ജാതിവിഭാഗങ്ങള്ക്കുവേണ്ടി മാത്രമായിരുന്നു സംവരണം വിഭാവനം ചെയ്തത്. സെമറ്റിക്ക് മതങ്ങള്‍ക്ക് ന്യൂനപക്ഷ അവകാശങ്ങളും അനുവദിച്ചിരുന്നു. ഈ കീഴ്വഴക്കങ്ങള് എല്ലാം തകിടംമറിക്കുന്ന കാഴ്ചയാണിന്ന് പുരോഗമന കേരളം കാണുന്നത്.
ഒരു സമുദായത്തിനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അവര്‍ അര്‍ഹിക്കുന്നതാണെങ്കില്‍ നല്‍കുന്നതിനെ ആരും എതിര്‍ക്കില്ല. എന്നാല്‍ ന്യൂനപക്ഷ സംരക്ഷണത്തിന്റെ കവചത്തില്‍ വളരുകയും സെമറ്റിക് മതസംരക്ഷണത്തിന്റെ സുരക്ഷിതത്വം പേറുകയും ചെയ്യുന്ന സമൂഹങ്ങളെ ജാതിസംവരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതിയെ ബോധപൂര്‍വ്വം അട്ടിമറിക്കാനുള്ള നീക്കം ഹിന്ദു ജാതിവിഭാഗങ്ങള്ക്കുനേരെയുള്ള തുറന്ന പോര്‍വിളിയാണ്. നിലവില്‍ നാടാര്‍ സമുദായത്തില്‍പ്പെട്ട ഹിന്ദു നാടാര്‍ എസ്ഐയുസി നാടാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് മാത്രമാണ് വിദ്യാഭ്യാസം, ഉദ്യോഗം ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ക്ക് സംവരണം ലഭിക്കുന്നതെന്നും ഇപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് എസ്ഐയുസി ഒഴികെയുള്ള നാടാര്‍ ക്രൈസ്തവരെ ഒന്നാകെ മറ്റ് പിന്നാക്ക വിഭാഗത്തില്‍ (ഒബിസി) ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരില്‍ നിവേദനങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുസമുദായങ്ങളുടെ കഴുത്തില്‍ കത്തിവെയ്ക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ നേതാക്കളോടെങ്കിലും ഈ വിഷയം ചര്‍ച്ചചെയ്യാനുള്ള മര്യാദ ഒരു ജനാധിപത്യ ഭരണകൂടം സ്വീകരിക്കേണ്ടതായിരുന്നു. എന്നാല്‍ ഈ വിഷയം സംബന്ധിച്ച് പിന്നാക്ക വിഭാഗ കമ്മീഷന് വിശദമായ പഠനം നടത്തി സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന ഒബിസി പട്ടികയില്‍ ഹിന്ദു നാടാര്‍ സമുദായത്തെ ഐറ്റം നമ്പര്‍ 49 ആയും 49എ ആയി എസ്ഐയുസി നാടാര്‍ വിഭാഗത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ഒബിസി പട്ടികയില്‍ നാടാര്‍ (ഹിന്ദു നാടാര്‍, എസ്ഐയുസി നാടാര്‍, എസ്ഐയുസി ഒഴികെ ക്രിസ്തുമത വിഭാഗത്തിലുള്ള നാടാര്‍, എന്നീ വിഭാഗങ്ങളെ ഐറ്റം നമ്പര്‍ 42 ആയി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന ഒബിസി പട്ടികയില്‍ ക്രിസ്തുമത വിഭാഗത്തിലുള്ള നാടാര്‍ സമുദായത്തെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നും പറഞ്ഞുകൊണ്ട് ക്രിസ്തുമത വിഭാഗത്തിലുള്ള നാടാര്‍ സമുദായത്തെ, 1958-ലെ കേരള സ്റ്റേറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സ് പാര്‍ട്ട് 1 ഷെഡ്യൂളില്‍ ലിസ്റ്റ് കകക ഇനം നമ്പര്‍ 49ഇ ആയി ഒ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് ശുപാര്‍ശചെയ്യാനാണ് ഇടത് ഭരണകൂടം തയാറായത്.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ച് ക്രിസ്തുമത വിഭാഗത്തിലുള്ള നാടാര്‍ സമുദായത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണാനുകൂല്യം അനുവദിച്ചതിനെതിരെ ഹിന്ദു സമുദായ സംഘടനകള്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഒരു നിയമസഭാതെരഞ്ഞെടുപ്പ് ആഗതമായിട്ടുള്ളത് എന്നതാണ് ഇപ്പോള്‍ നമ്മള് ശ്രദ്ധയോടെ കാണേണ്ടത്. ഇന്നലെവരെ തങ്ങളില്‍ തല്ലിച്ച് തന്തടമുറപ്പിച്ചുവരുന്ന ഇരുമുന്നണികളെയും അധികാരത്തില്‍നിന്നും മാറ്റിനിര്‍ത്താനുള്ള അവസരമായി ഈ വിഷയം പ്രയോജനപ്പെടുത്താനുള്ള രാഷ്ട്രീയ പ്രബുദ്ധത പ്രകടമാക്കാന്‍ ചെറുതും വലുതുമായ ഹിന്ദു സമുദായ സംഘടനാനേതൃത്വങ്ങള്‍ തയ്യാറാകണം. ജാതിയുടെ പേരില്‍ നിലനില്‍ക്കുന്ന സംവരണത്തിലേക്ക് സംഘടിത സെമറ്റിക് മതവിഭാഗങ്ങളെ ആനയിച്ചിരുത്തിയത് സംബന്ധിച്ച് വിജ്ഞാപനം പ്രത്യേകം പുറപ്പെടുവിക്കുന്നതാണെന്ന സര്‍ക്കാരിന്റെ ഭീഷണിക്കുമുന്നില്‍ വഴങ്ങാന്‍ തയാറാകാത്ത ഹിന്ദു സമുദായ കൂട്ടായ്മകള്ക്കുമുന്നില് ഗവര്‍ണറുടെ ഉത്തരവിന്‍പ്രകാരം പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ പുനീത് കുമാര്‍ ഒപ്പിട്ട ക്രിസ്തൃന് നാടാര്‍ സംവരണ ഉത്തരവിനെ അസാധുവാക്കാനുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ ഉണ്ടാകേണ്ടത്. അതിനായി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ ഒരു പുതിയ കേരളത്തിനായി മോദിക്കൊപ്പം അണിനിരക്കുക എന്നതുമാത്രമാണ് നിലവിലുള്ള സാമൂഹ്യപശ്ചാത്തലത്തില്‍ ഓരോ ഹിന്ദുവിന്റെയും മുന്നിലവശേഷിക്കുന്ന ഏക രക്ഷാമാര്‍ഗം. ഏപ്രില്‍ 6ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അതിനായി നമുക്ക് പ്രയോജനപ്പെടുത്തണം.
കെ. വേണുകുമാര്‍
(ഹിന്ദു ന്യൂനപക്ഷ ഐക്യസഭയുടെ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: