കാമവൃത്താന്വയം ലോകഃ
കൃസ്ത സമുപവര്ത്തതേ
യദ് വൃത്താ സന്തി രാജാനഃ
തത് വൃത്താ സന്തിഹി പ്രജാഃ
(രാമായണം)
കാമവൃത്തന്മാരാണ് പൊതുവേ ലോകരെല്ലാം. നിയന്ത്രണമില്ലെന്ന് കണ്ടാല്‍ അവര്‍ തോന്നിയതെല്ലാം ചെയ്യും. രാജാക്കന്മാര് ഏതു തരം നടത്തക്കാരാണോ, അത്തരം നടത്തക്കാരായിരിക്കും പ്രജകളും. പ്രജകളെ ധര്‍മപ്രകാരം നിയന്ത്രിക്കുന്നതിന് ചുമതലക്കാരായ രാജാക്കന്മാര് തെറ്റായ മാതൃക കാണിച്ചാല്‍ പ്രജകള്‍ അധര്‍മം കാണിച്ചു തുടങ്ങും.
‘യഥാ രാജാ തഥാ പ്രജാ’, രാജാവ് എങ്ങനെയാണോ അങ്ങനെതന്നെ പ്രജകളും എന്ന ചൊല്ല് പ്രസിദ്ധമാണ്. രാമായണത്തില്‍ രാജാക്കന്മാരെ പറ്റി പറയുന്നതാണ് മുകളില്‍ ഉദ്ധരിച്ച ശ്ലോകമെങ്കിലും ഇന്നും ഏറെ പ്രസക്തമാണത്. രാജാക്കന്മാരുടെ കാലം കഴിഞ്ഞെങ്കിലും ജനായത്ത ഭരണ സമ്പ്രദായത്തില്‍ ജനപ്രതിനിധികള്‍ വന്നു എന്നു മാത്രമേയുള്ളൂ. ഭാരതത്തിലെ രാജാക്കന്മാര് ജനങ്ങളെ സ്വന്തം സന്താനങ്ങളെ പോലെയാണ് കണക്കാക്കിയിരുന്നത്. പ്രജ എന്നാല്‍ സന്താനം എന്നാണ് അര്‍ഥം. ജനങ്ങള്‍ക്ക് ദുരിതമുണ്ടാകുമ്പോള്‍ പ്രായശ്ചിത്തമായി രാജാവ് പട്ടിണിപോലും കിടക്കും.
ജനങ്ങള്‍ക്ക് ഭക്ഷിക്കാന്‍ റൊട്ടി കിട്ടാനില്ല എന്നു പറഞ്ഞപ്പോള്‍ മരിയ അന്റേനെറ്റ് എന്ന ഫ്രഞ്ചു ചക്രവര്‍ത്തി പറഞ്ഞത് ഇങ്ങനെയാണ്: അവര്‍ക്ക് റൊട്ടി തിന്നാനില്ലെങ്കില് കേക്ക് തിന്നാമല്ലോ എന്ന്. എന്തൊരു ക്രൂരതയാണത്! റോം കത്തിയെരിഞ്ഞപ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചു രസിച്ചുവത്രേ.
രഘുവംശ രാജാക്കന്മാരെ പറ്റി കാളിദാസന് പറയുന്നു: അവര്‍ പ്രജകള്‍ക്ക് ദാനം ചെയ്യനായി ധനം സമ്പാദിച്ചവരാണ്. സത്യം പറയാന്‍ വേണ്ടി മാത്രം മിതമായി സംസാരിക്കുന്നവരുമാണ് (സത്യായ മിതഭാഷിണാം). അവര്‍ ശൈശവത്തില്‍ വിദ്യ അഭ്യസിച്ചു. യൗവനത്തില്‍ വിഷയസുഖം അനുഭവിച്ചു. വാര്‍ധക്യത്തില്‍ മുനി വൃത്തി സ്വീകരിച്ചു. അവര്‍ ആകൃതിക്കൊത്ത ബുദ്ധിയുള്ളവരും ബുദ്ധി അനുസരിച്ച് പഠിപ്പുള്ളവരും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുമായിരുന്നു. പ്രജകള്‍ക്ക് രക്ഷയും ശിക്ഷയും അവര്‍ പിതാവിനെയെന്ന പോലെ നല്കി. യഥാര്‍ഥ മാതാപിതാക്കളുടെ ധര്‍മം, ജന്മം കൊടുക്കുക എന്നതു മാത്രമായി.
ഇന്നത്തെ ജനപ്രതിനിധികള്‍ ഇവയെല്ലാം പഠിച്ചിരിക്കേണ്ടതാണ്. സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ച് നാണം കെട്ടു നടക്കാനും ധനം സമ്പാദിക്കാനുമല്ല ജനപ്രതിനിധിയാകുന്നത്. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുമ്പോള്‍ ജനങ്ങളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
എസ്. ബി. പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: