കൊച്ചി : തലശ്ശേരി ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് നാളത്തേയ്ക്ക് മാറ്റി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരിദാസിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരായ ഹര്‍ജിയാണ് മാറ്റിവെച്ചത്.
കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച എതിര് സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കക്ഷി ചേരാന്‍ തലശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും അപേക്ഷ നല്കി.
ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തി നല്കുന്ന ഫോം എയില്‍ ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ല എന്ന കാരണത്താലാണ് ഹരിദാസിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത്.
അതേസമയം, ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിവേദിത സുബ്രഹ്മണ്യന്റെ ഹര്‍ജിയും ഇതോടൊപ്പം സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കുകയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പ് പത്രികയില്‍ ഇല്ലെന്ന കാരണത്താലായിരുന്നു തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: