ശ്രീരാമദേവന്റെ പതാകാവാഹകനായിരുന്നു ഹനുമാന്. വിജയത്തിന്റെയും പ്രശസ്തിയുടെയും സൂചകമായ വിജയക്കൊടി ഹനുമാന് എപ്പോഴും പാറിച്ചിരുന്നു. ധര്‍മത്തിന്റെ മൂര്‍ത്തിയായ ശ്രീരാമദേവന്റെ പതാകാ വാഹകന് ധര്‍മപ്രചാരകന്‍ കൂടിയായിരുന്നു.
ചില ആചാര്യന്മാരുടെ അഭിപ്രായത്തില്‍ കൈയില്‍ എപ്പോഴും ഗദയും കൊടിയും പിടിക്കുക എന്നതു മാത്രമല്ല ഇവിടെ അര്‍ഥമാക്കുന്നത്. ഹസ്തരേഖാ ശാസ്ത്രപ്രകാരം ഈ ചിഹ്നങ്ങള്‍ വളരെ വിശേഷപ്പെട്ടതത്രേ. ശക്തി, പേര്, പ്രശസ്തി, വിജയം എന്നീ ഗുണങ്ങളോടെയാണ് ഹനുമാന് ജനിച്ചതെന്നാണ് വിശ്വാസം.
മറ്റൊരു രീതിയിലും ഇതിനെ കാണാം. കൈ എന്നത് കര്‍മത്തെ സൂചിപ്പിക്കുന്നു. അദ്ദേഹം ഏറ്റെടുത്ത ഏതു കര്‍മവും മുകളില്‍ സൂചിപ്പിച്ച ഗുണങ്ങളെല്ലാം നിലനിര്‍ത്താന്‍ ഉതകുന്നതായിരുന്നു. ഗാംഭീര്യമാര്‍ന്ന കര്‍മങ്ങള്‍ മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ.
ഇങ്ങനെ വിവരിക്കുമ്പോള്‍ ഒരു ചോദ്യമുയര്‍ന്നേക്കാം. ഹനുമാന്റെ വിജയങ്ങള്‍ക്കെല്ലാം കാരണം അദ്ദേഹത്തിന്റെ ‘തലയില്‍ വര’ അല്ലെങ്കില്‍ ‘കൈയില്‍ വര’ യാണ് എന്നല്ലേ? അപ്പോള്‍ അതില്ലാത്തവര്‍ എന്തു ചെയ്യുമെന്ന ചോദ്യം.
ആത്മപരിശ്രമമാണ് വിജയത്തിന് ആധാരമെന്നാണ് അതിന് ഉത്തരം. അതിന്റെ മികവലേക്ക് ഉയരാന്‍ ആത്മനിയന്ത്രണം അനിവാര്യമാണ്. മുമ്പു പരാമര്‍ശിച്ച വരികളിലെ ‘ജനേയു’ ഈ ആത്മനിയന്ത്രണത്തെയാണ് സൂചിപ്പിക്കുന്നത്.
ജനേയൂ അല്ലെങ്കില്‍ പൂണൂല്, ഗായത്രീ മന്ത്രദീക്ഷയ്ക്കാണ് ഒരാള്‍ ധരിക്കുക. ഉപനയനത്തോട് അനുബന്ധിച്ച് ഈശ്വരന്റെ, ജ്ഞാനത്തിന്റെ അടുക്കലേക്ക് വിദ്യാര്‍ഥിയെ നയിക്കുക എന്നതാണ് ഇവിടെ ഉപനയനം കൊണ്ട് അര്‍ഥമാക്കുന്നത്. മുമ്പൊക്കെ മുന്‍ജ പുല്ലു കൊണ്ടാണ് പൂണൂല് ഉണ്ടാക്കിയിരുന്നത്. അഞ്ചു മുതല്‍ പത്തുവയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഉപനയനം നടത്തുമ്പോള്‍ കുട്ടിക്കളി മാറി ഇനി അച്ചടക്കത്തിന്റെയും സാധനയുടെയും സ്വാധ്യായത്തിന്റെയും സമയം തുടങ്ങി എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണത്.
മൂന്ന് നൂലുകള്‍ ഒരു ഗ്രന്ഥിയാല് ബന്ധിച്ചതു പോലെയാണ് ജനേയൂ ഉള്ളത്. ഗ്രന്ഥി ബ്രഹ്മത്തിന്റെയും മൂന്നു നൂലുകള്‍ സത്വ രജസ്, തമസ് ഗുണങ്ങളുടെയും പ്രതീകങ്ങളാണ്. പൂണൂല് ധരിക്കുന്നു എന്നത് തന്റെ ശ്രദ്ധ എപ്പോഴും ആ ബ്രഹ്മത്തില്‍ തന്നെയാകണം എന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.
ഇതല്ലാതെ ബ്രഹ്മചര്യം, സത്യം, അഹിംസ ഇവയെല്ലാം നമ്മള് എപ്പോഴും പരിശീലിക്കണം. ജനേയൂ എന്നതിന് ജാഗ്രത്ത്, സ്വപ്ന സുഷുപ്തി അവസ്ഥകളിലൂടെ എന്നൊരു വിവക്ഷകൂടിയുണ്ട്.
ബ്രഹ്മചാരി സുധീര്‍ ചൈതന്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: