കൊല്ലം: പതിറ്റാണ്ടുകളായി കേരളത്തിലെ കോണ്‍ഗ്രസിനെ അടക്കിഭരിച്ച എ, ഐ ഗ്രൂപ്പുകള്‍ക്ക് കനത്ത തിരിച്ചടി, ഐ ഗ്രൂപ്പിന്റെ ലീഡറായി വളര്‍ന്ന രമേശ് ചെന്നിത്തലയെ വെട്ടി പഴയ ശിഷ്യന് കെ. സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കോണ്‍ഗ്രസില്‍ ശക്തിപ്രാപിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ വേണുഗോപാല്‍ തീരുമാനിച്ചിടത്താണ് കാര്യങ്ങള്‍ എത്തിയത്. കേരളത്തെ സംബന്ധിച്ചടത്തോളം പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇന്ന് വേണുഗോപാലാണ്.
നേമത്ത് കെ. മുരളീധരനെ ചാവേറാക്കിയതും ധര്‍മ്മടത്ത് കെ. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയാക്കിയതും ഇരുവരുടെയും അപ്രമാദിത്തം തകര്‍ക്കുക എന്ന ലക്ഷ്യമായിരുന്നു. ഇരുവരും ദയനീയമായി പരാജയപ്പെട്ടാല്‍ പിണറായി വിജയനെ നേരിട്ട് എതിര്‍ക്കുന്ന ശക്തരെന്ന പ്രതിച്ഛായയും തകര്‍ക്കാനാകും. ഈ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ വിമുഖത കാട്ടിയ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് മുരളീധരനോടും സുധാകരനോടും മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതിന് പിന്നിലും വേണുഗോപാലാണെന്നാണ് ആക്ഷേപം.
ഐ ഗ്രൂപ്പിലെ രണ്ടു പ്രമുഖരെ ഒറ്റയടിക്ക് തകര്‍ക്കുക എന്നതാണ് ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞാണ് സുധാകരന് വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയത്. എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനവും ഇവര്‍ക്കായി മാത്രം ഒഴിവാക്കിയതിന് പിന്നിലെ ശക്തിയും വേണുഗോപാലാണെന്ന് നേതാക്കള്‍ പറയുന്നു. വേണുഗോപാല്‍ ഒരുക്കിയ കെണിയില്‍ വീഴാന്‍ സുധാകരന് തയാറായില്ല.
ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥിയായി വേണുഗോപാലിന്റെ അനുയായിയെ നിയോഗിച്ചതിനെതിരെ സുധാകരന് പരസ്യമായി പ്രതികരിച്ചതിന് എ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്. ഇനിയിപ്പോള്‍ പിണറായി വിജയനെതിരെ മത്സരിക്കാന്‍ സുധാകരന് പോലും ഭയപ്പെടുന്നു എന്ന പ്രചാരണമാകും ഉണ്ടാകുക. ഇത് തിരിച്ചറിഞ്ഞാണ് ഡിസിസി നിര്‍ദ്ദേശപ്രകാരമാണ് താന്‍ മത്സരിക്കാത്തതെന്ന് സുധാകരന് അവകാശപ്പെടുന്നത്.
പല ജില്ലകളിലും തന്റെ അനുയായികളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ വേണുഗോപാലിന് സാധിച്ചു. അതില്‍ പ്രധാനി ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് തന്നെ. എ ഗ്രൂപ്പിന്റെ സ്ഥിരം മണ്ഡലമായ ഇരിക്കൂറില്‍ അവരുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കായംകുളത്ത് അരിത ബാബു, ചേര്‍ത്തലയില്‍ എസ്. ശരത് എന്നിവര്‍ വേണുഗോപാലിന്റെ ഇടപെടലില്‍ സ്ഥാനാര്ത്ഥിയായിവരാണ്. എ ഗ്രൂപ്പ് ഷാജി മോഹനനായും മുതിര്‍ന്ന നേതാവ് വയലാര്‍ രവി തന്റെ അനുയായി അജയനായും സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും എ ഗ്രൂപ്പില്‍ നിന്ന് അടര്‍ത്തിയെടുത്താണ് ശരത്തിന് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്.
സുമേഷ് അച്യുതന്(ചിറ്റൂര്‍), വി. വി. പ്രകാശ്(നിലമ്പൂര്‍), കെ.എസ്. മനോജ്(ആലപ്പുഴ) തുടങ്ങിയവരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ കടന്നുകൂടിയത് വേണുഗോപാലിന്റെ സമ്മര്‍ദത്തിലാണ്. കൊല്ലത്ത് നിശ്ചയിച്ചിരുന്ന എ ഗ്രൂപ്പ് വക്താവ് പി.സി. വിഷ്ണുനാഥിനെ കുണ്ടറയിലേക്ക് മാറ്റി ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്ക് സീറ്റുറപ്പിക്കാനും വേണുഗോപാലിന് കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ വലംകൈ ആയ കെ.സി. ജോസഫിനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് വെട്ടുകയും ചെയ്തു. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വി. എം. സുധീരനെ പരാജയപ്പെടുത്തിയ മനോജിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പലരും എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും ഫലം കണ്ടില്ല.
എ, ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വേണുഗോപാലുമായി കൈകോര്‍ത്തു. ഇതോടെ ഇതര ഗ്രൂപ്പുകളില്‍ നിന്ന് വേണുഗോപാല്‍ ഗ്രൂപ്പിലേക്ക് അണികളുടെയും നേതാക്കളുടെയും ഒഴുക്കാണ്. പാര്‍ട്ടി ദേശീയ സംഘടനാ സെക്രട്ടറി എന്ന നിലയിലെ പരമാധികാരവും, രാഹുലുമായുള്ള അടുത്ത ബന്ധവും വേണുഗോപാലിന് തുണയാകുന്നു.
കാസര്‍കോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട വേണുഗോപാലിനെ കണ്ണൂരില്‍ നിന്ന് ആലപ്പഴയിലെത്തിച്ച് തുടര്‍ച്ചയായി ജനപ്രതിനിധിയാക്കിയത് ഐ ഗ്രൂപ്പിന്റെ തണലിലാണ്. ഇതിന് സഹായകമായി നിന്നത് രമേശ് ചെന്നിത്തലയുമായിരുന്നു. ഇപ്പോള്‍ ചെന്നിത്തലയെ ഒതുക്കിയാണ് വേണുഗോപാലിന്റെ കുതിപ്പ്. ആലപ്പുഴ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചെന്നിത്തല നിശ്ചയിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ സ്വന്തം ഗ്രൂപ്പുകാരനെ വേണുഗോപാല്‍ മത്സര രംഗത്തിറക്കിയെങ്കിലും പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: