യോഗി ആദിത്യനാഥ് (മുഖ്യമന്ത്രി, ഉത്തര്‍പ്രദേശ്)
അനന്ത സാധ്യതകളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. സംസ്ഥാനത്തെ 24 കോടി ജനങ്ങളുടെ ആശയും അഭിലാഷവും പൂര്‍ത്തീകരിക്കാനായി പ്രവര്‍ത്തനം ആരംഭിച്ച ബിജെപി സര്‍ക്കാര്‍ ഇന്ന് നാലുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അവസാന വ്യക്തിയെയും സേവിക്കുകയെന്ന ലക്ഷ്യവുമായി സംഭവ ബഹുലമായ യാത്രയാണ് ഞങ്ങള്‍ നടത്തിയത്. നാലുവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലം മുന്നോട്ടുള്ള യാത്രയിലും സഹായകരമായിത്തീരുന്നു. സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയും മുന്നോട്ടു പോയാല്‍, ലക്ഷ്യ പൂര്‍ത്തി അസാധ്യമല്ല.
കൊവിഡ് മഹാവ്യാധിക്കെതിരായ പോരാട്ടത്തിന്റെ ഒരു വര്‍ഷം വലിയൊരു പാഠമായിരുന്നു. ജനതാ കര്‍ഫ്യൂ ആരംഭിച്ച ദിവസം സംസ്ഥാനത്തിന്റെ തയ്യാറെടുപ്പുകള്‍ എന്തൊക്കെയെന്ന് ആരാഞ്ഞുകൊണ്ട് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഫോണില്‍ വിളിച്ച ആ ദിവസം എനിക്ക് നല്ല ഓര്‍മ്മയുണ്ട്. താരതമ്യേന ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങളും അധിക ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങളുമെല്ലാമുള്ള യുപി ഈ മഹാവ്യാധിയെ എങ്ങനെ പ്രതിരോധിക്കും എന്നതായിരുന്നു അവരുടെ ആശങ്ക. തന്നാല്‍ കഴിയുന്നതിന്റെ പരമാവധി പ്രവര്‍ത്തിക്കും എന്ന് മറുപടി നല്കി. കൊവിഡ് പരിശോധനയും വ്യാപനമാര്ഗ്ഗങ്ങള് പ്രതിരോധിക്കലും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രം ഉത്തര്‍പ്രദേശ് ശിരസാവഹിച്ചു. ഒരുകൈകൊണ്ട് കൊവിഡിനെ പ്രതിരോധിക്കുകയും മറുകൈ കൊണ്ട് ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കുകയുമായിരുന്നു പ്രധാനമന്ത്രി. കുടിയേറ്റ തൊഴിലാളികളുടെ മടക്കം അടക്കമുള്ള പ്രതിസന്ധികളെ ഫലപ്രദമായി നേരിടാനായി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി കൊവിഡ് പ്രതിരോധം തീര്‍ക്കാന്‍ സാധിച്ചതിലും യുദ്ധത്തില്‍ വിജയിക്കാന്‍ സാധിച്ചതിലും അതിയായ സന്തോഷമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
യു.പിയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ പ്രശംസിക്കപ്പെട്ടു. കൊവിഡ് കാലത്ത് രാജ്യം കണ്ടത് പുതിയ ഊര്‍ജ്ജത്താല്‍ കുതിച്ചുയരുന്ന ഉത്തര്‍ പ്രദേശിനെയാണ്.
സ്വയംപര്യാപ്തഭാരതം എന്ന സങ്കല്‍പ്പത്തില്‍ അഞ്ചു ട്രില്യണ്‍ ഡോളറിന്റെ സമ്പദ് രംഗമാക്കി രാജ്യത്തെ മാറ്റാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്ക് യുപിയുടെ സംഭാവന വലുതായിരിക്കുമെന്ന ഉറപ്പ് ഞാന്‍ നല്കുന്നു. വനിതകളുടെ നേതൃത്വത്തിലുള്ള ബുന്ദേല്‍ഖണ്ഡിലെ ബലിനീ പാല് ഉല്‍പ്പാദക സംഘം ഈ കൊവിഡ് കാലത്ത് സ്വയംപര്യാപ്തതയുടെ മന്ത്രവുമായി 46 കോടി രൂപയുടെ പാല്ഉല്പ്പാദനമാണ് നടത്തിയത്. അവരുടെ ലാഭം 2 കോടി രൂപ പിന്നിട്ടു. യുവാക്കളും വനിതകളും അടങ്ങുന്ന ഇത്തരം നിരവധി സംഘങ്ങളുടെ വിജയഗാഥയാണ് യുപിയില്‍ നിന്നുയരുന്നത്.
സ്വയം പര്യാപ്തതയുടെ പുതിയ ലോകം തീര്‍ത്ത് 40 ലക്ഷം വീടുകളും 1.38 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകളുമാണ് യുപിയില്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് നല്‍കിയത്. ഗ്രാമങ്ങളിലെ ഒഎഫ്സി സ്ഥാപിക്കല്‍ അതിവേഗത്തിലായതോടെ എല്ലായിടവും ഇന്റര്‍നെറ്റാല്‍ ബന്ധിക്കപ്പെട്ടു. അഴിമതിയോട് സന്ധിയില്ലാ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചു. നല്ല തൊഴില്‍ സംസ്ക്കാരവും ശക്തമായ ക്രമസമാധാന പാലനവും ബിസിനസിനും വികസനത്തിനുമുള്ള വഴി യുപിയില്‍ തുറന്നു. യുപിയിലെ ഈ മാറ്റമാണ് നിക്ഷേപകരുടെ ഇഷ്ട ഇടമായി ഉത്തര്‍പ്രദേശിനെ ഇന്ന് തീര്‍ത്തിരിക്കുന്നത്. ബിസിനസ് ചെയ്യാന്‍ ഏറ്റവുമധികം പ്രോത്സാഹനം ലഭിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ നാലുവര്‍ഷം കൊണ്ട് രണ്ടാം സ്ഥാനത്തേക്ക് യുപി കുതിച്ചുയര്‍ന്നു. അതൊരു അനായാസ ജോലി ആയിരുന്നില്ല. 2015-16ല്‍ പ്രതിശീര്‍ഷ വരുമാനം 47,116 രൂപ ആയിരുന്ന യുപി ഇന്ന് 84,495 രൂപയായി വരുമാനം ഉയര്‍ന്നു. ജിഎസ്ഡിപിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി യുപി വളര്‍ന്നുകഴിഞ്ഞു.
കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളിക്കൊണ്ടായിരുന്നു നാലുവര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കരിമ്പ് കര്‍ഷര്‍ക്ക് ഇത്തവണ നല്‍കിയത് 1.27 ലക്ഷം കോടി രൂപയെന്ന റെക്കോര്‍ഡ് തുകയാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രയത്നത്തില്‍ യുപി സ്വീകരിച്ച കര്‍ഷക സൗഹാര്‍ദ്ദ നടപടികള്‍ ഏവര്‍ക്കും മാതൃകയാണ്.
ഗംഗായാത്രയും അയോധ്യയിലെ രാമജന്മഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണവും സംസ്ഥാനത്തിന്റെ സാംസ്ക്കാരിക ദേശീയതയെയും സജീവമാക്കി. വേദകാലത്തിന്റെയും വര്‍ത്തമാന കാലത്തിന്റെയും സംഗമഭൂമിയാക്കി അയോധ്യയെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. ജാതിയുടേയോ മതത്തിന്റെയോ പേരില്‍ യാതൊരു വേര് തിരിവും ചെയ്യാത്ത സര്‍ക്കാരാണ് യുപിയില്‍ കഴിഞ്ഞ നാലുവര്‍ഷവും പ്രവര്‍ത്തിച്ചതെന്ന് രാഷ്ട്രീയ എതിരാളികള്‍ വരെ സമ്മതിക്കുന്നു. ഈ നാലുവര്‍ഷം കൊണ്ട് കാണാനായത് പുതിയ ഭാരതവും പുതിയ യുപിയുമാണ്. ജനഹിതം അനുസരിച്ചുള്ള ഭരണവുമായി ഉത്തര്‍പ്രദേശ് ഇനിയും മുന്നോട്ട് പോവുക തന്നെ ചെയ്യും.
- കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളിക്കൊണ്ടായിരുന്നു നാലുവര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കരിമ്പ് കര്‍ഷര്‍ക്ക് ഇത്തവണ നല്‍കിയത് 1.27 ലക്ഷം കോടി രൂപയെന്ന റെക്കോഡ് തുകയാണ്.
- സ്വയം പര്യാപ്തതയുടെ പുതിയ ലോകം തീര്‍ത്ത് 40 ലക്ഷം വീടുകളും 1.38 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകളുമാണ് യുപിയില്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് നല്‍കിയത്.
- വനിതകളുടെ നേതൃത്വത്തിലുള്ള ബുന്ദേല്‍ഖണ്ഡിലെ ബലിനീ പാല് ഉല്‍പ്പാദക സംഘം ഈ കൊവിഡ് കാലത്ത് സ്വയംപര്യാപ്തതയുടെ മന്ത്രവുമായി 46 കോടി രൂപയുടെ പാല് ഉല്‍പ്പാദനമാണ് നടത്തിയത്. അവരുടെ ലാഭം 2 കോടി രൂപ പിന്നിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: