ജഠരേ പൂരയേദര്ദ്ധ-
മന്നൈഭാഗം ജലേന ച
വായോ സഞ്ചരണാര്ഥം യ
ചതുര്ദ്ധമവശേഷയേത്
വിഷ്ണു പുരാണത്തിലുള്ളതാണ് ഈ സൂക്തം. ഭക്ഷണം കഴിക്കുന്നത് അരവയര്‍ മാത്രമേ ആകാവൂ. നാലിലൊരു ഭാഗം ജലമാകണം. ബാക്കി വരുന്ന നാലില്‍ ഒരു ഭാഗം വായു സഞ്ചാരത്തിനായി ഒഴിഞ്ഞു കിടക്കണം.
ആരോഗ്യവും ദീര്‍ഘായുസ്സും ആഗ്രഹിക്കുന്നവര്‍, ഉദരം നിറച്ചു ഭക്ഷണം കഴിക്കില്ല. നാലിലൊന്നു കാലിയായിക്കിടക്കണം എന്ന നിര്‍ദേശം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. കാറ്റുനിറച്ചൊരു ഫുട്ബോളിനെ കുറിച്ച് ഓര്‍ത്തു നോക്കുക. ആഞ്ഞു ചവിട്ടിയാലും അതിന് യാതൊരു ചലനവും ഉണ്ടാകില്ലല്ലോ.
വയറു നിറഞ്ഞാലും ഇത്തിരിക്കൂടി കഴിക്കൂ എന്നു പറയുന്നത് നമ്മുടെ ആചാരമര്യാദയുടെ ഭാഗമാണ്. ഒരു വീട്ടില്‍ ചെല്ലുമ്പോള്‍ നമുക്കു വേണ്ടെങ്കിലും കുടുംബിനി ചായ കൊണ്ടു വരുന്നു. അതു കുടിച്ചില്ലെങ്കില്‍ അവര്‍ക്ക് നമ്മോട് പരിഭവമാകും. അതു കൊണ്ട് നമ്മള് പലപ്പോഴും അത് കുടിക്കും. കവി പാടിയപോലെ ‘വിശപ്പിന്നു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും വിശിഷ്ട ഭോജ്യങ്ങള്‍ കാണ്കില് കൊതിയാമാര്‍ക്കും’. അങ്ങനെ ആഗ്രഹിക്കുന്നത് ഉദരത്തിന്റെ ആവശ്യം കൊണ്ടല്ല, നാക്കിന്റെയും മൂക്കിന്റെയും ആവശ്യം കൊണ്ടാണ്.
ഭക്ഷണം കൂടുതല്‍ കൂടുതല്‍ കഴിച്ച് ഓലത്തുമ്പില്‍ തൂങ്ങിക്കിടക്കുന്ന തൂക്കണാം കുരുവിയുടെ കൂടുപോലെ ആക്കിയെടുക്കാന്‍ എളുപ്പമാണ്. എന്നാല്‍ കൂടിയ വണ്ണവും തൂക്കവും കുറയ്ക്കാന്‍ പ്രയാസമാണ്. ഭക്ഷണം കൂടുന്തോറും അതു ദഹിപ്പിച്ച് അതിന്റെ സാരം സ്വീകരിക്കുന്നതിന് ഓക്സിജനും ഹോര്‍മോണും കൂടുതല്‍ വേണ്ടി വരുന്നു. കേരളീയരില്‍ പ്രമേഹം കൂടിയ അളവില്‍ കാണുന്നതിന് മുഖ്യ കാരണം അമിത ഭക്ഷണമാണ്.
ഭാഗവതകാരന്‍ പറയുന്നതു പോലെ ഇവിടെയും നമ്മള് കുട്ടികളെ മാതൃകയാക്കണം. ഒരു കുഞ്ഞിന് അമ്മ ഭക്ഷണം കൊടുക്കുന്നു. വേണ്ട എന്നു തോന്നിയാല്‍ തല്ലിച്ചതച്ചാലും കുട്ടി സ്വീകരിക്കില്ല. ഭക്ഷണം തികയാത്തതല്ല ഇവിടെ കുഴപ്പം. ഭക്ഷണം അമിതമാകുന്നതാണ്. വിദ്യാര്‍ഥികളും ഉദരം നിറച്ച് ഭക്ഷിക്കരുത്. ക്ഷീണം തോന്നും, വേഗം ഉറക്കം വരും, പഠനം മുടങ്ങും.
എസ്.ബി. പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: